സൗഹൃദങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള മേഖലകളില്‍ ഒന്നുകൂടിയാണ് സിനിമയും. പല മികച്ച സിനിമകളും സൗഹൃദത്തിന്റെ കൂടി ഭാഗമായി സംഭവിക്കുന്നതാണ്. ഒരേ സംവിധായകരുടെ കീഴില്‍ അസിസ്റ്റന്റായി ജോലി നോക്കുന്നവര്‍ സുഹൃത്തുക്കളാവുകയും പിന്നീട് പ്രശസ്ത സംവിധായകരാകുന്നതും സിനിമ ലോകത്തിന് പുത്തരിയല്ല. എന്നാല്‍ ഒരേ സ്വപ്നങ്ങള്‍ പങ്കിട്ട കൂട്ടുകെട്ടുകളും മലയാളത്തിലുണ്ട്. ആരാദ്യം സ്വതന്ത്ര സംവിധായകനാകുന്നുവോ അയാളുടെ പടത്തില്‍ മറ്റെയാള്‍ അസോസിയേറ്റാകണം എന്നതാണ് അത്തരം ജോഡികള്‍ മനസ്സില്‍ കണ്ട സ്വപ്നം. ഈ സ്വപ്നം നിറവേറ്റിയ സംവിധായക സുഹൃത്തുക്കളെ പരിചയപ്പെടാം.
ജോഷി-തമ്പി കണ്ണന്താനം
ഇരുവരും ശശികുമാറിന്റെ സിനിമകളിലെ സ്ഥിരം സഹസംവിധായകരായിരുന്നു. പിന്നീട് ക്രോസ് ബെല്‍റ്റ് മണിയുടെ അസിസ്റ്റന്റായി ജോഷി മാറിയെങ്കിലും തമ്പിയുമായുള്ള സൗഹൃദം തുടര്‍ന്നുകൊണ്ടിരുന്നു. ടൈഗര്‍ സലീം എന്ന ചിത്രത്തിലൂടെ ആദ്യം സ്വതന്ത്ര സംവിധായകനാകുന്നത് ജോഷിയാണ്. വാക്ക് പാലിച്ചു കൊണ്ട് ജോഷി തമ്പിയെ ചിത്രത്തിന്റെ അസോസിയേറ്റായി നിയോഗിച്ചു. പിന്നീട് 1984 വരെ തമ്പി ജോഷിയുടെ അസിസ്റ്റന്റായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. താവളമായിരുന്നു തമ്പിയുടെ ആദ്യ ചിത്രം.
പ്രിയദര്ശന്-സിബി മലയില്‍
തിരനോട്ടം ഒഴിച്ച് വെറൊരു ചിത്രത്തിലും പ്രിയദര്ശന് അസിസ്റ്റന്റായി ജോലി ചെയ്തിട്ടില്ല. എന്നാല്‍ കുറച്ച് കാലം പ്രിയന് നവോദയയില്‍ സഹായിയായി നിന്നിട്ടുണ്ട്. ആ നവോദയ കാലത്താണ് പ്രിയന് സിബി മലയിലിനെ പരിചയപ്പെടുന്നത്. സിബി നവോദയയിലെ സ്ഥിര സാന്നിധ്യമായിരുന്നു. വടക്കന്‍പാട്ട് പോലെ ഒരു പീരിയഡ് ഡ്രാമയായ പടയോട്ടമാണ് അടുത്ത ചിത്രമെന്നറിഞ്ഞപ്പോള്‍ സിബി നവോദയയില്‍നിന്ന് മാറി നിന്നു. എന്നാല്‍ സിബി വരണം എന്ന് പറഞ്ഞ് പ്രിയന് സിബിയുടെ വീട്ടില്‍ ചെന്ന് തിരിച്ചു വിളിച്ചു. അങ്ങനെ സിബി പടയോട്ടത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചു.
പ്രിയന് പടയോട്ടത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. എന്നാല്‍ പടം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു സിനിമയുടെ ആവശ്യത്തിനായി പ്രിയന് പടയോട്ടത്തിന്റെ സെറ്റ് വിട്ട് പോയി. പക്ഷേ ആ ചുരുങ്ങിയ കാലം കൊണ്ട് സിബിയും പ്രിയനും നല്ല സുഹൃത്തുക്കളാവുകയും സ്വപ്നങ്ങള്‍ പങ്കിടുകയും ചെയ്തു.
പൂച്ചയ്ക്കൊരു മുക്കൂത്തിയിലൂടെ ആദ്യം സംവിധായകനാകാന്‍ അവസരം കിട്ടിയത് പ്രിയനാണ്. കൊടുത്ത വാക്ക് പാലിച്ച് സിബിയെയാണ് ചിത്രത്തില്‍ അസോസിയേറ്റായി വെച്ചത്. പിന്നീട് പ്രിയന്റെ തന്നെ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലും സിബി അസോസിയേറ്റായിരുന്നു. മുത്താരം കുന്ന് പി.ഒയിലൂടെയാണ് സിബി പിന്നീട് സ്വതന്ത്ര സംവിധായകനാകുന്നത്.
ഷാജി കൈലാസ് – ജോസ് തോമസ്
ഇരുവരും ബാലു കിരിയത്തിന്റെ സഹസംവിധായകരായിട്ടാണ് കരിയര്‍ ആരംഭിച്ചത്. ബാലു കിരിയത്തിന്റെ നായകന് എന്ന സിനിമയില്‍ ചില രംഗങ്ങള്‍ ഇരുവരും ഒരുമിച്ച് സംവിധാനം ചെയ്തതാണ്. ഷാജി കൈലാസ് ന്യൂസിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രത്തില്‍ ജോസ് തോമസ് തന്നെയായിരുന്നു അസോസിയേറ്റ്. തുടര്‍ന്ന് ഷാജിയുടെ ഡോ. പശുപതിയിലും സണ്‍ഡേ 7 പിഎമ്മിലും ജോസ് തോമസ് പ്രവര്‍ത്തിച്ചിരുന്നു. പില്ക്കാലത്ത് എന്റെ ശ്രീക്കുട്ടിക്ക് എന്ന സിനിമയിലൂടെയാണ് ജോസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്.
Recent Comments