ഗാനങ്ങള്‍ സിനിമയിലെ അവിഭാജ്യ ഘടകമാണ്. ചിലപ്പോള്‍ സിനിമയെക്കാള്‍ പ്രാധാന്യം പാട്ടുകള്‍ക്ക് കൈവരാറുമുണ്ട്. അത്ര പ്രാധാന്യത്തോടെയാണ് അത് പിക്ചറൈസ് ചെയ്യപ്പെുന്നത്. മറ്റു സംവിധായകരെകൊണ്ട് പാട്ടുകള്‍ ചിത്രീകരിച്ച അപൂര്‍വ്വ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ ചില ഗാനങ്ങളെ പരിചയപ്പെടാം.
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ (നന്ദനം)
രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലെ ഗാനമാണ് കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍. ക്ലൈമാക്സിനോട് അനുബന്ധിച്ച് വളരെ മര്‍മ്മ പ്രധാനമായ മുഹൂര്‍ത്തതിലാണ് ഗാനം കടന്നുവരുന്നത്. ഒരു റൂമിനുള്ളില്‍ നായിക പാടുന്ന പാട്ടാണ് കഥാസന്ദര്‍ഭം. അതിനാല്‍ റൂമിനുള്ളിലെ ഒരേ ദൃശ്യങ്ങള്‍ തന്നെയായിരിക്കും പാട്ടില്‍ ഉടനീളം. എന്നാല്‍ ഇത് പ്രേക്ഷകനില്‍ വിരസത ഉണര്‍ത്തരുതെന്ന് മാത്രമല്ല കഥയിലെ പിരിമുറുക്കം കൂട്ടുകയും വേണം. അതിനാല്‍ സംവിധായകന് സിബി മലയിലിനെ രഞ്ജിത് ഈ പാട്ട് ചിത്രീകരിക്കാനായി നിയോഗിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയിലും മറ്റും സമാനമായ ഗാനങ്ങള്‍ ചിത്രീകരിച്ച സിബി ഈ ഗാനവും അതിമനോഹരമായി ചിത്രീകരിച്ചു.
തീര്ച്ചയില്ലാ ജനം (ഉസ്താദ്)
ഷാജി കൈലാസിന്റെയും രഞ്ജിത്തിന്റെയും നിര്‍മാണത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ്. റിലീസ് ഡേറ്റ് നേരത്തെ നിശ്ചയിച്ചതിനാല്‍ പരിമിതമായ സമയത്തിലാണ് ഷൂട്ടിങ്ങ് നടന്നത്. എന്നാല്‍ തീര്ച്ചയില്ലാ ജനം എന്ന് തുടങ്ങുന്ന പാട്ടും അനുബന്ധ രംഗങ്ങളും അവസാനം വരെയും ചിത്രീകരിച്ചിരുന്നില്ല. എഡിറ്റിങ്ങിന്റെ തിരക്കിലായതിനാല്‍ സിബി മലയിലിന് പകരം ആ ഗാനം ചിത്രീകരിക്കാനുള്ള ദൗത്യം ഷാജി കൈലാസ് ഏറ്റെടുത്തു. ക്യാമറയുടെ വ്യത്യസ്തമായ ചലനങ്ങളും മോഹന്‍ലാലിന്റെ ഡാന്‍സ് കൊണ്ടും ഗാനം പില്ക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും ചിത്രീകരിച്ചത് ഷാജി കൈലാസായിരുന്നു.
തിരുനെല്ലി കാട് പൂത്തു (ദിനരാത്രങ്ങള്‍)
ജോഷി സംവിധാനം ചെയ്ത ദിനരാത്രങ്ങളിലെ പാട്ടാണ് ‘തിരുനെല്ലി കാട് പൂത്തു’. ഷൂട്ടിങ്ങ് പൂര്‍ത്തിയായിട്ടും ഗാനം ചിത്രീകരിച്ചിരുന്നില്ല. എഡിറ്റിങ്ങ് തിരക്കിലായതിനാല്‍ ജോഷിക്ക് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ പാട്ട് ചിത്രീകരിക്കാനായി നിയോഗിച്ചു. ഒറ്റ രാത്രി കൊണ്ടാണ് ഡെന്നീസ് ജോസഫ് ആ ഗാനം മുഴുവന്‍ ചിത്രീകരിച്ചത്.
മഞ്ഞക്കിളിയുടെ മൂളിപാട്ടുണ്ടേ (കന്മദം)
ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിലെ പാട്ടാണ് ‘മഞ്ഞക്കിളിയുടെ മൂളിപാട്ടുണ്ടേ.’ എന്നാല്‍ പലകാരണങ്ങളാല്‍ അസോസിയേറ്റായിരുന്ന ബ്ലെസിയാണ് ഈ ഗാനം ചിത്രീകരിച്ചത്. ദീര്‍ഘ കാലം അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സംവിധാനത്തില്‍ താരതമ്യേന പുതുമുഖമായ ലോഹിതദാസിനെക്കാള് പരിചയ സമ്പത്ത് ബ്ലെസിക്കുണ്ടായിരുന്നു. ഗാനത്തില്‍ അഭിനയിച്ചിരിക്കുന്ന മുത്തശ്ശിയെ കണ്ടെത്തിയതും ബ്ലെസി തന്നെയായിരുന്നു.
ഹരിമുരളീരവം (ആറാം തമ്പുരാന്)
പാട്ടിലെ നായക കഥാപാത്രമായ ജഗന്നാഥന്റെ പഴയ കാല മൊണ്ടാഷ് ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ മഹാബലിപുരത്ത് സെറ്റിട്ടിരുന്നു. എന്നാല്‍ സംവിധായകനായ ഷാജി കൈലാസ് ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. അതിനാല്‍ നിര്‍മാതാവ് സുരേഷ് കുമാറിന്റെ സുഹൃത്ത് കൂടിയായ പ്രിയദര്ശന് സന്തോഷപൂര്‍വ്വം ആ ദൗത്യം ഏറ്റെടുത്തു. എന്നാല്‍ പാട്ടിലെ കോവിലകത്തുള്ള ഭാഗങ്ങള്‍ ഷാജി കൈലാസ് തന്നെയാണ് ചിത്രീകരിച്ചത്. അന്ന് ജനിച്ച മകന് ഷാജി കൈലാസ് ജഗന്നാഥന് എന്ന് പേരിടുകയും ചെയ്തു.
Recent Comments