ആത്മമിത്രമായ ഇന്ദിര പരോളില്‍ കഴിയുമ്പോള്‍ ശാരദയുടെ വീട്ടിലേക്ക് വരികയാണ്. ആ സമയം ശാരദ എന്ന കഥാപാത്രം പാടുന്ന പാട്ടാണ് പഞ്ചാഗ്നിയിലെ ‘ആ രാത്രി മാഞ്ഞു പോയി…’ ചിത്രത്തില്‍ ഇന്ദിരയായി ഗീതയും ശാരദയായി ചിത്രയുമാണ് വേഷമിടുന്നത്. ബോംബേ രവിയുടെ സംഗീതത്തില്‍ ഒ.എന്‍.വി കുറുപ്പ് എഴുതി കെ.എസ്. ചിത്ര പാടിയ ഈ ഗാനത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നത്.
പാട്ടിലെ പല്ലവിയിലെ രണ്ടാമത്തെ വരിയെ കുറിച്ചാണ് ഭിന്നാഭിപ്രായം. ‘ആ രക്തശോഭമാം ആയിരം കിനാക്കളും പോയി മറഞ്ഞു’ എന്നാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്ന വരികള്‍. എന്നാല്‍ രക്തം ജ്വലിക്കുന്ന കിനാക്കള്‍ എന്ന പ്രയോഗത്തിന് ചെറിയൊരു ഔചിത്യ കുറവ് ഉണ്ട്. ഒ.എന്‍.വി എന്ന അതികായന്റെ വരികളില്‍ അങ്ങനെ ഒരു തെറ്റ് ഒരിക്കലും കടന്നു കൂടാത്തതാണ്.
എന്നാല്‍ ശരിയായ വരികള്‍ ഇതല്ല. ‘ആരക്തശോഭമാം ആയിരം കിനാക്കളും പോയി മറഞ്ഞു’ എന്നാണ്. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ‘ആ’യും ‘രക്ത’വും ഒരുമിച്ചാണ് . ആയതിനാല്‍ ആരക്തം എന്നതാണ് ഒ.എന്‍.വി യുടെ പ്രയോഗം. ആരക്തം എന്നാല്‍ രക്തചന്ദനം. രക്തചന്ദനം ചുവപ്പിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. (രക്തചന്ദനം അരച്ചാല്‍ കിട്ടുന്ന നിറം ചുവപ്പ്). ചുവപ്പ് നിറമുള്ള കിനാക്കള്‍ അഥവാ വിപ്ലവ സ്വപ്നങ്ങള്‍ പോയി മറഞ്ഞു എന്നാണ് കവി ഉദ്ദേശിച്ചത്. ‘ഒ.എന്‍.വിയുടെ ഗാനങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ആരക്തമാണ് ശരിയായ വാക്ക് എന്നും സ്ഥിരീകരിക്കുന്നു.
നായികയെ അവരുടെ മോശം നാളുകളുടെ ഓര്‍മ്മകളില്‍ നിന്ന് മായ്ക്കാന്‍ ശ്രമിക്കുകയാണ് സുഹൃത്തായ ശാരദ. എന്നാല്‍ വിപ്ലവകാരിയായിരുന്ന ഒരു സുഹൃത്തിനെ ആ ചിന്തകളില്‍നിന്ന് എങ്ങനെ മോചിപ്പിക്കും. ഇന്നും ലോകം ഉത്തരം തേടുന്ന ചോദ്യമാണ് ഇത്. വിപ്ലവ ചിന്തകള്‍ക്കുള്ള മറുമരുന്ന് ഇന്നും ആരും കണ്ടുപിടിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഒ.എന്‍.വി എന്ന കവി ശ്രോതാവിനെ ഞെട്ടിക്കുന്നത്. കുട്ടിക്കാലത്തിന്റെ നൈര്‍മല്യത ഉണര്‍ത്തുക എന്നതാണ് കവി കണ്ടുപിടിച്ച വഴി. ഇതിലൂടെ മനുഷ്യനിലെ അന്തര്‍ലീനമായ ആര്‍ദ്ര വികാരങ്ങളെ കവി തഴുകി ഉണര്‍ത്തുന്നു.
ഈ ആശയം വരികളായി മാറുമ്പോഴും അതെ ഭാവുകത്വം തന്നെ സൂക്ഷിക്കുന്നു. ‘പ്ലാവില പാത്രങ്ങളില്‍ പാവക്കു പാല് കുറുക്കും പൈതലായ് വീണ്ടുമെന്റെ അരികില്‍ നില്ക്കൂ’ എന്ന വരിയിലെ വാഗ്മയ ചിത്രം ആശയത്തെ ഒരു പടി കൂടി മുകളിലേക്ക് ഉയര്‍ത്തുന്നു. അടുത്ത ചരണത്തിലെ ‘പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത കേവലസ്നേഹമായ് നീ അരികില്‍ നില്ക്കൂ…’ എന്ന വരി കൂടിയാകുമ്പോള്‍ ആശയം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഗാനത്തില്‍ പ്രതിഫലിക്കുന്നു.
Recent Comments