ദുരന്ത മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കാന്‍ കുറച്ചു പേര് ഇറങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. അപകടം ഉണ്ടായ സ്ഥലങ്ങളില്‍ ആളൊഴിഞ്ഞു പോയ വീടുകളില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നു. എന്തൊരു കഷ്ടമാണ്. ഇവരൊക്കെ എന്ത് മനുഷ്യരാണ്? എന്നു അദ്ദേഹം വേദനയോടെ ചോദിക്കുന്നു. മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ ചേര്‍ക്കുന്നു.
‘അടിച്ചുമാറ്റുന്നവരെ അടിച്ചു മാറ്റണം..
ലോകത്തിന് തന്നെ മാതൃകയായി സര്‍ക്കാരും സമൂഹവും ഒരുമിച്ച് ഒരു ദുരന്തത്തെ നേരിടുന്നു.
കരുണയോടെ, തന്മയീഭാവത്തോടെ ദുരന്തത്തില്‍ അകപ്പെട്ടവരെ എല്ലാവരും കൈകാര്യം ചെയ്യുന്നു
മാധ്യമങ്ങള്‍ ഒട്ടും ഓവര്‍ ആക്കാതെ കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെ വാഗ്വാദങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോഴാണ് സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കാന്‍ കുറച്ചു പേര് ഇറങ്ങുന്നത്.
അപകടം ഉണ്ടായ സ്ഥലങ്ങളില്‍, ആളൊഴിഞ്ഞു പോയ വീടുകളില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നു.
എന്തൊരു കഷ്ടമാണ്. ഇവരൊക്കെ എന്ത് മനുഷ്യരാണ്?
അപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍, ദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ പെട്ടിട്ടുള്ള അനവധി സുഹൃത്തുക്കള്‍ അവരുടെ വസ്തുക്കള്‍ അടിച്ചുമാറ്റിയതായും ചിലപ്പോള്‍ പിടിച്ചു പറിച്ചതായും എന്നോട് പറഞ്ഞിട്ടുണ്ട്. വെങ്ങോലയില്‍ ഒരു റോഡപകടത്തില്‍ പരിക്കേറ്റ് കാലൊടിഞ്ഞു കിടന്ന എന്റെ ബന്ധുവിന്റെ വാച്ച് ഊരിയെടുക്കാന്‍ ശ്രമിച്ചത് നാട്ടുകാരനും പരിചയക്കാരനും ആയിരുന്നു !. ഇത്തരം പാഴ് ജന്മങ്ങള് എവിടേയും ഉണ്ടാകും. ഇവര്‍ ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ദുരന്തഭൂമിയില്‍ നിന്നും കുറച്ചു പണമോ സ്വര്‍ണ്ണമോ അവര്‍ കൊണ്ടുപോകും എന്നതല്ല പ്രധാന പ്രശ്നം. ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ വീട് വിട്ടു പോകാന്‍ ആളുകള്‍ മടിക്കുന്നതിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് ഒഴിഞ്ഞ വീടുകളില്‍ ഇതുപോലുള്ള സാമൂഹ്യദ്രോഹികള്‍ വന്നു മോഷണം നടത്തും എന്ന പേടിയാണ്. അപ്പോള്‍ ആളുകള്‍ ഒഴിയാന്‍ മടിക്കുന്നു.
ദുരന്തന്തിന്റെ വ്യാപ്തി പല മടങ്ങാകുന്നു.
ഈ അപകടവും ദുരന്തവും ഒക്കെ ആര്‍ക്കും എപ്പോഴും വരാം. ഇന്നത്തെ മോഷ്ടാവിന്റെ വീടായിരിക്കും നാളെ മണ്ണിനടിയില്‍. ഇന്നത്തെ അടിച്ചുമാറ്റല്‍ വീരനായിരിക്കും നാളെ അപകടത്തില്‍ പെടുന്നത്. ഇങ്ങനെ ഈ സാമൂഹ്യദ്രോഹികളോടൊക്കെ കാലം കണക്കു ചോദിക്കും എന്ന് മാത്രം വിചാരിച്ചിരിക്കേണ്ട കാര്യമില്ല. അപകടസ്ഥലത്ത് മറ്റു രക്ഷാ പ്രവര്‍ത്തനത്തിന്റെ കൂടെ ഇത്തരം ദ്രോഹികളെ കൈകാര്യം ചെയ്യാന്‍ കൂടി സന്നദ്ധപ്രവര്‍ത്തകരുടെ ആവശ്യമുണ്ടെന്ന് കാണുക. കള്ളന്മാരെ കയ്യോടെ പിടികൂടിയാല്‍ പിന്നെ നാട്ടുകാരും മാധ്യമങ്ങളും ഒക്കെ മാതൃകാപരമായി കൈകാര്യം ചെയ്യുക. അവരെ പോലീസില്‍ ഏല്‍പ്പിക്കുക.
സീറോ ടോളറന്‍സ് ആയിരിക്കണം ഇവരോട്. കള്ളന്മാരെ പേടിച്ച് ദുരന്തഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകരുത്. മലയാളി സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നവരെ നാലാള് അറിയാതെ പോകരുത്.’
Recent Comments