എവര്‍ഗ്രീന്‍ കോംബോയായ മീരാജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയായ ചിത്രം ഡിസംബര്‍ 29ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് എം. പത്മകുമാര്‍.
സിനിമയുടെ പ്രധാന ആകര്‍ഷണം മീരാ ജാസ്മിന് – നരേന് താരജോഡികളാണല്ലോ. കെമിസ്ട്രിയുള്ള ജോഡികള്‍ എന്ന നിലയില്‍ രണ്ടു പേരെയും ഒരുമിച്ച് കാസ്റ്റ് ചെയ്തതാണോ?
ഇത് ഒരു നായിക പ്രാധാന്യമുള്ള ചിത്രമാണ്. നായിക ആരായിരിക്കണം എന്നതായിരുന്നു മുഖ്യം. അതുകൊണ്ട് മീരാ ജാസ്മിന് ഉണ്ടെങ്കിലേ ഈ സിനിമ ചെയ്യാന്‍ പറ്റുകയുള്ളു എന്നൊരു ധാരണ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. മീരാ കഥ കേട്ടതിന് ശേഷം ചെയ്യാം എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ നരേന് – മീരാ എന്ന കോംബോയിലേക്ക് വന്നത്. അങ്ങനെയാണ് ഞങ്ങള്‍ നരേനിലേക്ക് എത്തിയത്.
കരിയറിന്റെ തുടക്ക കാലത്ത് വളരെ എക്സ്പീരിയന്‍സ്ഡായിട്ടുള്ള എഴുത്തുകാരുടെ തിരക്കഥകളാണ് സിനിമകളാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരതമ്യേന പുതുമുഖങ്ങളായ തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്നാണ് സിനിമ ചെയ്യുന്നത്. ഒരു സംവിധായകന് എന്ന നിലയില്‍ പുതിയ കഥകളെയും തിരക്കഥാകൃത്തുക്കളെയും തേടി പോകുന്നതാണോ? അതോ അവര്‍ ഇങ്ങോട്ട് സമീപിക്കുന്നതാണോ?
അത് അങ്ങോട്ടും ഇങ്ങോട്ടുമുണ്ട്. പുതിയ ആളുകള്‍ പലരും എന്നെ വിളിക്കുകയും കഥ പറയാറുമുണ്ട്. അതില്‍ എനിക്ക് ഇഷ്ടപ്പെടുന്നതും ചെയ്യാന്‍ പറ്റുന്നതുമായ കഥകള്‍ തിരഞ്ഞെടുക്കും. ചിലത് നല്ല കഥകളായിരിക്കും. പക്ഷേ എനിക്ക് ചെയ്തെടുക്കാന്‍ കഴിയാത്തവയായിരിക്കും. എന്റെ പരിമിതിക്കുള്ളില്‍ നില്ക്കുന്ന തിരക്കഥകള്‍ മാത്രമേ സംവിധാനം ചെയ്യാറുള്ളു. പഴയ തിരക്കഥാകൃത്തുക്കളില്‍ ഇപ്പോഴും എഴുതുന്നവര്‍ കുറവാണ് അതുകൊണ്ടാണ് പുതിയ ആളുകളിലേക്ക് പോകേണ്ടി വരുന്നത്. പക്ഷേ ഈ കഥ ഞാനായിട്ട് കണ്ടെടുത്തതല്ല. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ രഞ്ജിത്തും ശ്രീറാമുമാണ് ആദ്യം ഈ കഥ കേള്‍ക്കുന്നത്. അവര്‍ വഴിയാണ് ഞാന്‍ ഈ കഥയിലേക്ക് എത്തിയത്.
ഈ ചിത്രം നിര്‍മാണ പങ്കാളിയാകാം എന്ന തീരുമാനം ഏതു ഘട്ടത്തില്‍ എടുത്തതാണ്?
ഇതിന്റെ നിര്‍മാതാക്കളായ രഞ്ജിത്തും ശ്രീറാമും എനിക്ക് കുടുംബപരമായി ബന്ധമുള്ളവരാണ്. നമുക്ക് മൂന്ന് പേര്‍ക്കും ഈ സിനിമ പ്രൊഡ്യൂസ് ചെയ്താലോ എന്ന് അവര്‍ ഇങ്ങോട്ട് ചോദിച്ചു. അങ്ങനെ ഞാനും കൂടെ നിര്‍മാണത്തില്‍ ഒരു പങ്കാളിയായി. അവര്‍ കൂടെയുള്ളത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. അതും വലിയ ബഡ്ജറ്റിലുള്ള ചിത്രമല്ല ഇത്, ക്യൂട്ടായിട്ടുള്ള ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമ.
വളരെ ലൈറ്റായിട്ടുള്ള ഒരു സിനിമ കുറേ കാലത്തിന് ശേഷമാണല്ലൊ ചെയ്യുന്നത്?
കുറേ കാലമായി ഞാന്‍ ഡാര്‍ക്കായിട്ടുള്ള ത്രില്ലര്‍ സിനിമകളായിരുന്നു ചെയ്തു കൊണ്ടിരുന്നത്. പക്ഷേ എന്റെ ആദ്യത്തെ ചിത്രമായ അമ്മക്കിളിക്കൂട് ഒരു ഫീല്‍ ഗുഡ് ചിത്രമായിരുന്നു. അത്തരം ചിത്രങ്ങളാണ് ഞാന്‍ കൂടുതലും കാണുന്നത്. പിന്നീട് ഇപ്പോഴാണ് അതിന് അവസരമുണ്ടായത്. ചെയ്യാതെയിരുന്ന് ചെയ്യുമ്പോള്‍ അതിന് ഒരു പുതുമയുണ്ട്. ആദ്യം എനിക്ക് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. പിന്നെ മികച്ച ആര്‍ട്ടിസ്റ്റുകളും ടെക്നീഷന്മാരും കൂടെയുണ്ടായിരുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സിനിമ നല്ല രീതിയില്‍ വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ചിത്രീകരിക്കുമ്പോഴും വ്യത്യാസമുണ്ടോ?
ത്രില്ലര്‍ സിനിമകളാണ് എനിക്ക് എളുപ്പം. ത്രില്ലറുകള്‍ എടുക്കുമ്പോള്‍ അടുത്ത ഷോട്ടുകള്‍ മനസ്സില്‍ തന്നെ വന്നോളും. പക്ഷേ ക്വീന്‍ എലിസബത്ത് പോലുള്ള ചിത്രത്തില്‍ ക്യാമറാമാനും ആര്‍ട്ട് ഡയറക്ടറുമൊക്കെയായി ആലോചിച്ചാണ് ഫ്രെയിം വെക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഷിബു ചക്രവര്‍ത്തി ഗാനരചയിതാവായി തിരിച്ചു വരവ് നടത്തുകയാണ് ഈ ചിത്രത്തിലൂടെ. ഷിബു ചക്രവര്ത്തിയുമായുളള ബന്ധം?
ഒരുപാട് കാലത്തെ ബന്ധമുണ്ട്. ഷിബുവിനെ ഒരു പാട്ട് എഴുത്തുകാരന് എന്ന നിലയ്ക്ക് ഒരുപാട് ഇഷ്ടമാണ്. ഗാനരചയിതാക്കളെ കൊണ്ട് സമ്പന്നമായ ഒരു ഭാഷയാണ് മലയാളം. അതില്‍ ആരെ കൊണ്ട് എഴുതിക്കണം എന്ന് തീരുമാനിക്കുന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. അപ്പോള്‍ ഷിബുവിനെ കൊണ്ട് ഒരു പാട്ട് എഴുതിക്കാം എന്ന് തോന്നി. അങ്ങനെ ഞാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഷിബു പാട്ട് എഴുതി. വളരെ മനോഹരമായ ഗാനമാണ് ഷിബു ചിത്രത്തില്‍ എഴുതിയിരിക്കുന്നത്.
തുടര്‍ച്ചയായി രഞ്ജിന് രാജ് എന്ന സംഗീത സംവിധായകന്?
സൗഹൃദത്തിനപ്പുറം നല്ല സംഗീത സംവിധായകന് എന്ന നിലയിലാണ് ആ തുടര്‍ച്ച. ജോസഫിലൂടെയാണ് രഞ്ജിന് മലയാള സിനിമയിലേക്ക് വരുന്നത്. ആ ചിത്രം വിജയിക്കുന്നതില്‍ പാട്ടുകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. രഞ്ജിന്റെ കഴിവുകളെ പരമാവധി ഊറ്റിയെടുക്കാന്‍ വേണ്ടിയാണ് ഈ സിനിമയിലേക്കും സംഗീത സംവിധായകനായി അവനെ നിശ്ചയിച്ചത്. ഈ ചിത്രത്തിലും രഞ്ജിന്റെ കോണ്ട്രീബ്യുഷന് വളരെ വലുതാണ്.
കാസ്റ്റില്‍ പിഷാരടി, ജോണി ആന്റണി, വി.കെ. പ്രകാശ്, ജൂഡ് തുടങ്ങി അനവധി സംവിധായകരുണ്ട്. ഇത് ബോധപൂര്‍വ്വമായി ഇത്രയും സംവിധായകരെ കോര്ത്തിണക്കിയതാണോ?
അല്ല. വളരെ അവിചാരിതമായി സംഭവിച്ചതാണത്. എല്ലാവരും അവരുടേതായ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായവരായിരുന്നു. കഥാപാത്രം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്നവര്‍ എന്ന മാനദണ്ഡത്തിലാണ് കാസ്റ്റിങ്ങ് നടന്നത്. ഇപ്പോള്‍ സംവിധായകരെല്ലാം തന്നെ നടന്മാരും കൂടിയായത് കൊണ്ട് സംഭവിച്ചുപോയതാണ്.
അവരെ പോലെ അഭിനയത്തില്‍ ഒരു കൈ നോക്കാന്‍ തയ്യാറാണോ?
(ചിരിച്ചു കൊണ്ട്) ഏയ് ഇല്ല.
ശ്വേതാ മേനോന്, രമേശ് പിഷാരടി, വികെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അര്ജുന് ടി. സത്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Recent Comments