ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനുമുന്നേ മറ്റൊരു ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുകയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അഖില്‍. അതിന്റെ വിശദാംശങ്ങള്‍ അഖില്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുന്നു.
‘മൂന്ന് വര്‍ഷമായി പാച്ചുവും അത്ഭുതവിളക്കിനുമൊപ്പം കൂടിയിട്ട്. ഇനി ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്നുണ്ട്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ആ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.’
‘ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയെന്ന രീതിയില്‍ മുന്നോട്ട് പോയാല്‍ ഓരോ സിനിമയും യാഥാര്‍ത്ഥ്യമാകാന്‍ കുറെ കാലങ്ങള്‍ എടുത്തുവെന്നിരിക്കും. അതുകൊണ്ടാണ് പാച്ചുവിനും അത്ഭുതവിളക്കിനുമൊപ്പം മറ്റ് ചില ആലോചനകള്‍ കൂടി നടന്നത്. അതില്‍ ആദ്യത്തെ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ പലതവണ നടന്നുകഴിഞ്ഞതാണ്. സ്ഥിരീകരിക്കുന്ന രീതിയിലേയ്ക്ക് വളര്ന്നില്ലെന്നുമാത്രം. ഇപ്പോള്‍ അനൗണ്‍സ് ചെയ്തിരിക്കുന്ന പ്രൊജക്ട് രണ്ട് വര്‍ഷം മുമ്പ് സായിറാം വിശ്വ എന്നോട് പറഞ്ഞ കഥയാണ്. കേട്ടപ്പോള്‍തന്നെ അതെനിക്ക് സ്ട്രൈക്ക് ചെയ്തു. സായിറാം എന്റെ കോളേജ് മേറ്റ്സാണ്. ഞാനും അനൂപും സായിയും അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരാണ്. ഞങ്ങള്‍ മൂന്നു പേരും അവിടുത്തെ വിമണ്‍സ് ഹോസ്റ്റലിലെ സഹമുറിയന്മാരായിരുന്നു. ജന്മംകൊണ്ട് തമിഴനാണ് സായിറാം. സംവിധായകന് വസന്തിനൊപ്പം കോ റൈറ്ററായി പല പ്രൊജക്ടുകളുടെയും ഭാഗമായിരുന്നിട്ടുണ്ട്.’
‘ഒരു ഷെര്‍ലക്ക്ഹോം മോഡല്‍ അന്വേഷണ കഥയാണ് സായി എന്നോട് പറഞ്ഞത്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. പക്ഷേ ഞാനതിന് ഒരു നാടന്‍ പശ്ചാത്തലം കൊടുത്തു. ഒരു നാടന്‍ ഷെര്‍ലക്ക്ഹോം അന്വേഷണം. ത്രില്ലറിനൊപ്പം ഫാമിലിഡ്രാമയും ഉണ്ടാകും. പഴയൊരു സത്യന് അന്തിക്കാട് ചിത്രത്തിന്റെ മൂഡുണ്ടാവും. എന്നുകരുതി ഇത് ദാസന്റെയും വിജയന്റെയും മോഡല്‍ അന്വേഷണമല്ല. എഴുത്ത് ആരംഭിച്ചിട്ടുണ്ട്. എഴുത്തിന് കൂടുതല്‍ സമയം വേണ്ടിവരും. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും. മറ്റ് സൂചനകളൊന്നും തരാനില്ല.’
Recent Comments