ജഗന്റെ ലൊക്കേഷനിലേയ്ക്ക് രഞ്ജിപണിക്കര്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരു ആത്മബന്ധത്തിന്റെ ഇഴയടുപ്പം അവര്‍ക്കിടയില്‍ ദൃശ്യമായിരുന്നു. രഞ്ജി, ജഗനെ ചേര്‍ത്തുനിര്‍ത്തി ഗാഢാലിംഗനം ചെയ്തു. ഒപ്പം അവന്റെ കവിളത്തൊരു ഉമ്മയും നല്കി. ജഗന്, രഞ്ജിക്ക് വെറുമൊരു ശിഷ്യന് മാത്രമല്ല, ആത്മസുഹൃത്തിന്റെ മകനെന്ന നിലയിലുള്ള അതിരറ്റ വാത്സല്യവുമുണ്ട്. ഒരു മകനെപ്പോലെ കരുതലുള്ള വാത്സല്യം.
രഞ്ജിപണിക്കര്‍ തന്റെ സിനിമാജീവിതം ആരംഭിക്കുന്നതുതന്നെ ഷാജി കൈലാസിന്റെ കളരിയില്‍നിന്നാണ്. ഡോ. പശുപതിയില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ മഹാശൃംഖലയിലേയ്ക്കാണ് ആ സഖ്യം നടന്നുകയറിയത്. സിനിമയ്ക്ക് അകത്തും പുറത്തും ഇപ്പോഴും അവരുടെ സൗഹൃദത്തിന് ഒരു വിള്ളല്‍പോലും തട്ടിയിട്ടില്ല.
ആറാംതമ്പുരാന്റെ വിജയാഘോഷങ്ങളുടെ ആവേശം കെട്ടടങ്ങാതിരുന്ന നാളുകളിലാണ് ജഗന്റെ പിറവി. ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗന്നാഥന്. ആദ്യമകന് ജഗന് എന്ന പേരിടാന്‍ ഷാജിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുപോലെ ജഗനെ എഴുത്തിനിരുത്താന്‍ ഒരുങ്ങുമ്പോള്‍ അവന് ആദ്യാക്ഷരം പകര്‍ന്ന് നല്‍കേണ്ടത് രഞ്ജിപണിക്കര്‍ തന്നെയാവണമെന്നും ഷാജിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
പിന്നീട് രഞ്ജിപണിക്കര്‍ സ്വതന്ത്ര സംവിധായകനായപ്പോള്‍ അക്ഷരഗുരുവിന്റെ കീഴില്‍തന്നെ ജഗന് സിനിമയുടെ ബാലപാഠങ്ങളും പഠിച്ചു. അതിനുശേഷം അച്ഛന്റെയും ഗുരുവിന്റെ മകന് നിഥിന്റെയും കീഴില്‍ സഹായിയായി.
ഒടുവില്‍ ഒരു സിനിമ ചെയ്യാന്‍ അവസരമുണ്ടായപ്പോള്‍ ആ കര്‍മ്മം തുടങ്ങിവയ്ക്കേണ്ടത് തന്റെ ഗുരുനാഥന് തന്നെയാവണമെന്ന് ആ ശിഷ്യന് ആഗ്രഹിച്ചിട്ടുണ്ടാവും. ഇന്ന് രാവിലെ പാലക്കാട്ടെ പോത്തുണ്ടി ഇറിഗേഷന്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍വച്ച് രഞ്ജിപണിക്കര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്വ്വഹിക്കുമ്പോള് ആ ആഗ്രഹപൂര്‍ത്തീകരണമാണ് സാധ്യമായത്. ആദ്യ ഷോട്ടിന് ജഗന് ആക്ഷന്‍ പറയുമ്പോള്‍ ആ രംഗത്തും ഗുരുവുണ്ടായിരുന്നുവെന്നത് മറ്റൊരു ആകസ്മികതയാകാം. അതൊരു ഗുരുത്വത്തിന്റെ മഹാപാഠമാണ്.
Recent Comments