ഫെഫ്കയിലെ മുഴുവന്‍ ചലച്ചിത്ര തൊഴിലാളികള്‍ക്കും ആരോഗ്യ സുരക്ഷാപദ്ധതി ഏര്‍പ്പെടുത്തിയ ദിവസമായിരുന്നു ഇന്ന്. ആകസ്മികമാണോ എന്നറിയില്ല, ഇന്ന് ലോക നാടകദിനം കൂടിയായിരുന്നു. ഇതിനേക്കാളും സുന്ദരമായൊരു മുഹൂര്‍ത്തം ഈ പ്രഖ്യാപനത്തിന് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഫെഫ്ക. സംവിധായകര്‍ തൊട്ട് ലൈറ്റ് ബോയ്സ് വരെ ആ കൂട്ടായ്മയിലെ അംഗങ്ങളാണ്. മുന്‍നിരയിലുള്ള സാങ്കേതിക പ്രവര്‍ത്തകരെ ഒഴിച്ച് നിര്‍ത്തിയാല്‍ കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് അവരിലേറെയും. അവരുടെ ആരോഗ്യവും ആരോഗ്യ പരിപാലനവും എക്കാലത്തെയും വെല്ലുവിളിയായിരുന്നു. അതിനുള്ള ഫെഫ്കയുടെ സമര്‍പ്പണമാണ് ആരോഗ്യ സുരക്ഷാ പദ്ധതി. ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ ഇത്തരമൊരു പദ്ധതി ആരുംതന്നെ ആവിഷ്ക്കരിച്ചിട്ടില്ല എന്ന് പറയേണ്ടിവരും. ഏതെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സഹായത്തോടെയല്ല ഈ പദ്ധതി നടപ്പിലാക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഫെഫ്ക നേരിട്ടാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. അംഗങ്ങളില്‍നിന്ന് 3000 രൂപ സ്വീകരിച്ച് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്. ഫെഫ്കയിലെ ഏഴായിരത്തോളം അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടും. എന്നുമാത്രമല്ല ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ഒരു പദ്ധതിയായി നാളെ ഇത് അറിയപ്പെടും എന്ന കാര്യത്തിലും സംശയമില്ല. ചടങ്ങുകള്‍ക്ക് ആശംസകളര്‍പ്പിച്ച് ഓണ്‍ലൈനിലൂടെ സന്ദേശം നല്കിയ ഉലകനായകന് കമല്ഹാസന് ആദ്യം മലയാളം പറഞ്ഞുവെങ്കിലും പിന്നീട് ഇംഗ്ലീഷിലേയ്ക്ക് തന്റെ സംസാരം മാറ്റിയത് ഫെഫ്കയുടെ ഈ തീരുമാനം ഇന്ത്യയിലെ എല്ലാ സംഘടനകളും യാഥാര്‍ത്ഥ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ്.
നിരവധി ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, പക്ഷേ ഹൃദയത്തെ തൊട്ട മറ്റൊരു അനുഭവത്തിനുകൂടി ഫെഫ്കയുടെ ആരോഗ്യ സുരക്ഷാ പദ്ധതി സാക്ഷിയായി. ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ മുന്‍നിരയില്‍ ജോഷിയും സത്യന് അന്തിക്കാടും സിബി മലയിലും മോഹന്‍ലാലും ടൊവിനോ തോമസും സിദ്ധിക്കും ജയസൂര്യയും ഐശ്വര്യാ ലക്ഷ്മിയും അടക്കം താരസമൃദ്ധികളേറെ ഉണ്ടായിട്ടും ഫെഫ്കയിലെ തലമുതിര്‍ന്ന അംഗങ്ങളെയാണ് ഭദ്രദീപം കൊളുത്താന്‍ ക്ഷണിച്ചത്. അവരില്‍ ഡ്രൈവറും ഹെയര്ഡ്രസ്സറും ഫോക്കസ് പുള്ളറും ഭക്ഷണം വിളമ്പുന്നവരും ഒക്കെ ഉണ്ടായിരുന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന നിരവധിപ്പേരെ കണ്ണീരണിയിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്.
ആശംസാപ്രസംഗത്തിന് മോഹന്‍ലാല്‍ എത്തുമ്പോള്‍ ആ സുന്ദര മുഹൂര്‍ത്തത്തെ പരാമര്‍ശിക്കാന്‍ അദ്ദേഹവും മറന്നില്ല. ’45 വര്‍ഷമായി മലയാള സിനിമയില്‍ ഞാന്‍ എത്തിയിട്ട്. ഇവരെ എല്ലാം കണ്ടപ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നി. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ദിവസങ്ങളെയാണ് എനിക്ക് ഓര്‍മ്മ വന്നത്. എനിക്ക് അത് മറക്കാനാവില്ല. ഇതിനേക്കാളും സുന്ദരമായൊരു മുഹൂര്‍ത്തം ഉണ്ടാകാനും ഇല്ല.’ മോഹന്‍ലാല്‍ പറഞ്ഞു.
ഡ്രൈവേഴ്സ് യൂണിയനില്‍ സ്ത്രീകള്‍ക്കുകൂടി പ്രാതിനിധ്യം ഉറപ്പിച്ചാണ് ഫെഫ്കയുടെ മഹാസംഗമം മറ്റൊരു ചരിത്രപരമായ തീരുമാനമെടുത്തത്. മോഹന്‍ലാലിനും ഫെഫ്കയില്‍ അംഗത്വം നല്കി. ബറോസ് എന്ന സിനിമയുടെ സംവിധായകന് എന്ന നിലയിലാണ് മോഹന്‍ലാലും ഫെഫ്കയുടെ ഭാഗമായി തീര്‍ന്നതും.
ഫെഫ്കയുടെ ഈ ഒത്തുചേരല്‍ വെറുമൊരു വഴിപാടല്ല, ചരിത്ര മുഹൂര്‍ത്തമാണ്. അഭിമാന നിമിഷവും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫെഫ്കയിലെ എല്ലാ ‘തൊഴിലാളി’കളോടും ഞങ്ങള്‍ കൈയെടുത്ത് കൂപ്പുന്നു. ഇത്തരം സദ് പ്രവൃത്തികള്‍ ഇനിയും തുടരട്ടേ എന്ന് ആശംസിക്കുന്നു.
Recent Comments