മികച്ച ഗാനത്തിനുള്ള 95-ാമത് ഓസ്കാര്‍ പുരസ്കാരം ‘നാട്ടുനാട്ടു’വിനെത്തേടി എത്തുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്കിത് ചരിത്രമുഹൂര്‍ത്തം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഭാഷാചിത്രത്തിന് മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം ലഭിക്കുന്നത്. ആ നിലയ്ക്ക് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷംകൂടിയാണിത്. ലോകസിനിമയുടെ നെറുകയിലേയ്ക്ക് ഇന്ത്യയില്‍നിന്നുള്ള ഒരു ചലച്ചിത്രംകൂടി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
വിഖ്യാത സംവിധായകന് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് RRR. രാംചരണും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് നടന്ന ഒരു സംഭവത്തെ അധീകരിച്ചാണ് രാജമൗലി RRR അണിയിച്ചൊരുക്കിയത്. ആ സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളില്‍ ഒന്നുകൂടിയാണ് നാട്ടുനാട്ടു എന്ന് തുടങ്ങുന്ന നൃത്തരംഗം. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായുള്ള തുറന്ന ഏറ്റുമുട്ടലായി ആ ഗാനരംഗത്തിന്റെ പശ്ചാത്തലം മാറുമ്പോള്‍ അത് ഏറ്റവും ആവേശ്വജ്ജ്വലമാവുകയും ചെയ്യുന്നു. അതിന്റെ പൂര്ണ്ണസത്തയെ ഉള്‍ക്കൊണ്ടുതന്നെയാണ് ഓസ്കാര്‍ കമ്മിറ്റി ആ പാട്ടിന്റെ സൃഷ്ടാക്കളെ അംഗീകരിച്ചത്. ചന്ദ്രബോസിന്റെ ഈരടികള്‍ക്ക് ഈണം പകര്‍ന്നത് എം.എം. കീരവാണിയായിരുന്നു. രാഹുത് സിപ്ലിഗുഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ആ ഗാനം ആലപിച്ചത്. പ്രേം രക്ഷിത്ത് ആയിരുന്നു കോറിയോഗ്രാഫര്‍.
പുരസ്കാര പ്രഖ്യാപന വേദിയില്‍ എം.എം. കീരവാണിയും ചന്ദ്രബോസും ഉണ്ടായിരുന്നു. പുരസ്കാര പ്രഖ്യാപനത്തെ നിറഞ്ഞ കയ്യടികളോടെ സദസ്സ് സ്വീകരിക്കമ്പോള്‍ ചെറുപുഞ്ചിരിയോടെ തലയുയര്‍ത്തി കീരവാണിയും ചന്ദ്രബോസും നടന്നു കയറിയത് ഓസ്കാര്‍ പുരസ്കാര വേദിയിലേയ്ക്ക് മാത്രമായിരുന്നില്ല, ഓരോ ഭാരതീയന്റെയും മനസ്സുകളിലേയ്ക്ക് കൂടിയാണ്.
നാട്ടുനാട്ടു വിലൂടെ തീരുന്നില്ല ഇന്ത്യയുടെ ഓസ്കാര്‍ തിളക്കം. നവാഗതനായ കാര്‍തികി ഗോന്‍സാല്‍വസ് സംവിധാനം ചെയ്ത ‘The Elephand Whisperers’ നാണ് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള അക്കാദമി പുരസ്കാരവും സ്വന്തമാക്കി. നാല്‍പ്പത്തി ഒന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് തമിഴ് ഭാഷയില്‍ ഇറങ്ങിയ ഈ ഷോര്‍ട്ട് ഫിലിം.
Recent Comments