ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന സിനിമയുടെ റിവ്യൂ കാണാന്‍ സംവിധായകന് സിബി മലയിലും എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയശേഷം സിബി അന്വേഷിച്ചവരുടെ കൂട്ടത്തില്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സ്വരൂപും ഉണ്ടായിരുന്നു. ‘നമ്മുടെ സ്വരൂപ് എവിടെ?’ എന്നാണ് അദ്ദേഹം തിരക്കിയത്. പിന്നീടാണ് സിബി മലയിലിന് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. താന്‍ അന്വേഷിക്കുന്ന സ്വരൂപ് ഫിലിപ്പല്ല പന്ത്രണ്ടിന്റെ ക്യാമറാമാന് സ്വരൂപ് ശോഭാ ശങ്കര്‍. സംവിധായകന് ലിയോ തദേവൂസ്, സ്വരൂപിനെ സിബി മലയിലിനെ പരിചയപ്പെടുത്തി. പന്ത്രണ്ടിന്റെ ഛായാഗ്രഹണമികവിനെ എടുത്തുപറഞ്ഞാണ് സിബി അന്ന് സ്വരൂപ് ശോഭാ ശങ്കറിനെ അഭിനന്ദിച്ചത്.
ഇത് സിബിക്കെന്നല്ല, പന്ത്രണ്ട് കണ്ടിറങ്ങിയ ഒട്ടുമിക്ക സിനിമാപ്രവര്‍ത്തകര്‍ക്കും ഈ അബദ്ധം പിണഞ്ഞു. ഇതിലൊന്നും സ്വരൂപ് ശോഭാശങ്കറിന് പരിഭവമോ പരാതിയോ ഇല്ല. തന്റെ വര്‍ക്ക് അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണദ്ദേഹം. സ്വരൂപ് ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പന്ത്രണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രൊഫൈല്‍ കേട്ടാല്‍ ആരും അത്ഭുതപ്പെടും.
ചെന്നൈ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍നിന്ന് വിഷ്വല്‍ കമ്മ്യുണിക്കേഷനില്‍ ബിരുദം നേടിയ സ്വരൂപ് പിന്നീട് അടക്കി വാണത് മുഴുവനും പരസ്യമേഖലയാണ്. എണ്ണമറ്റ പരസ്യചിത്രങ്ങള്‍ ചെയ്തു. ഇന്റര്‍ നാഷണല്‍ പരസ്യച്ചിത്രങ്ങളുടേതടക്കം സംവിധായകനും ക്യാമറാമാനുമായി. പതിനാല് ദേശീയ-അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ തേടിയെത്തി. പരസ്യകലാരംഗത്തെ ഉന്നത പുരസ്കാരമായ CANNES LION ഉം സ്വരൂപിന്റെ മികവിനുള്ള അംഗീകാരമായിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ഷോര്‍ട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും സംവിധായകനും ക്യാമറാമാനും സ്വരൂപാണ്.
ലോക പ്രശസ്തരായ ഛായാഗ്രാഹകര്‍ക്കൊപ്പം സിനിമകള്‍ക്കുവേണ്ടി വര്‍ക്ക് ചെയ്യാനുള്ള അപൂര്‍വ്വ ഭാഗ്യവും സ്വരൂപിന് ലഭിച്ചു. ബിനോദ് പ്രധാന്, മാര്ക്കോണിക്സ്, സത്യജിത്ത് പാണ്ഡെ, മുള്‍ചന്ദ്, വിജയ് കാര്‍ത്തിക് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
തന്റെ ശിഷ്യന്മാര് പോലും സിനിമയില്‍ സ്വതന്ത്ര ഛായാഗ്രാഹകരായി മാറിയപ്പോഴും പരസ്യച്ചിത്രങ്ങളുമായി സ്വരൂപ് ലോകം ചുറ്റുകയായിരുന്നു. ഒടുവില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം സ്വദേശമായ പാലക്കാട്ടേയ്ക്ക് മടങ്ങിയെത്തുന്നത്. സുഹൃത്ത് കൂടിയായ ലിയോ തദേവൂസ് സ്വരൂപിനെ തന്റെ പുതിയ സിനിമയുടെ ഛായാഗ്രാഹകനാക്കി. ആദ്യ ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിന്റെ ഛായാഗ്രഹണ മികവ് എല്ലാവരും ചര്‍ച്ച ചെയ്തു. നിലവില്‍ പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളിലാണ് സ്വരൂപ്.
റിട്ടേര്‍ഡ് ഫോറസ്റ്റ് ഓഫീസറായ ശങ്കരനാണ് സ്വരൂപിന്റെ അച്ഛന്. അമ്മ ശോഭന. അമ്മയുടെ പേരില്‍നിന്ന് അടര്‍ത്തിയെടുത്ത ശോഭയും അച്ഛന്റെ പേരില്‍നിന്ന് അടര്‍ത്തിയെടുത്ത ശങ്കറും ചേര്‍ന്നാണ് സ്വരൂപ് ശോഭാ ശങ്കറായത്. സ്വരൂപിന് രണ്ട് സഹോദരങ്ങള്‍. സ്വപ്നയും സ്വരാജും.
Recent Comments