പൊന്നിയിന്‍ സെല്‍വത്തിന്റെ വിജയാഘോഷ ചടങ്ങില്‍ പങ്കുകൊള്ളാന്‍ രജനിസാറും എത്തിയിരുന്നു. മുന്‍ നിരയില്‍ അദ്ദേഹത്തില്‍നിന്ന് കുറേ മാറിയാണ് ഞാനും ഇരുന്നിരുന്നത്. രജനി സാറിന്റെ അടുക്കല്‍ പോയി ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന് ഭയന്നു. ആ ആശങ്കയില്‍ ഇരിക്കുന്നതിനിടെ രജനിസാര്‍ എന്നെ കണ്ടു. പരിചയമുള്ള ഒരാളെ കണ്ടമാതിരി അദ്ദേഹം ‘ഹായ് റഹ്മാന്’ എന്ന് പേരുചൊല്ലി വിളിച്ചു. അതൊരു അവസരമായി കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പോയി.
‘എന്നാ റഹ്മാന്, എപ്പിടി ഇറ്ക്കെ, എവളോ വര്‍ഷമാച്ച് പാത്തിട്ട്’ ചിരപരിചിതനെന്നപോലെ അദ്ദേഹം എന്നോട് സംസാരിച്ചു. എനിക്ക് അത്ഭുതമായിരുന്നു. ഞങ്ങള്‍ പരസ്പരം കണ്ടിട്ട് 20 വര്ഷമെങ്കിലുമാകുന്നു. ഇതിനിടെ ചില ഫങ്ഷനുകളില്‍ വച്ച് കണ്ടിട്ടുണ്ട്. അപ്പോഴൊന്നും അടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചുറ്റിനും നിറയെ ആളുകള്‍ ഉണ്ടാകും. ഇപ്പോള്‍ ഞാനും രജനിസാറും മാത്രം. അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് ഒരു കസേര അടുപ്പിച്ചിട്ട് ഞാനുമിരുന്നു. എന്നിട്ട് ചോദിച്ചു. ‘സര്, ഞാനൊരു ഫോട്ടോ എടുത്തോട്ടെ.’ അദ്ദേഹം ചിരിയോടെ സമ്മതം മൂളി. പിന്നെ അല്‍പ്പനേരം സംസാരിച്ചിരുന്നു. പൊന്നിയിന്‍ സെല്‍വനിലെ എന്റെ വേഷത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞു. എല്ലാം എനിക്ക് അവിശ്വസനീയമായി തോന്നി.
വര്‍ഷങ്ങള്‍ക്കുമുമ്പാണ്. 86-87 കാലഘട്ടം. ഞാന്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ പ്രവേശിച്ചട്ടേയുള്ളൂ. അവിടുത്തെ താരങ്ങളുമായിട്ടൊന്നും അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അക്കാലത്ത് ഞാന്‍ താമസിച്ചിരുന്നത് ന്യൂ വുഡ്ലാന്റ് ഹോട്ടലിലാണ്. എല്ലാ വാരാന്ത്യങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം ചോള ഷെറാട്ടന്‍ ഹോട്ടലില്‍ പോകും. അവിടെ അന്ന് നല്ല നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന ഒരു റെസ്റ്റോറന്റുണ്ടായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി രജനിസാറിനെ കാണുന്നത്. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. ഞാന്‍ മടിച്ചുമടിച്ചാണ് പരിചയപ്പെടാന്‍ പോയത്. പക്ഷേ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ അഭിനയിച്ച നിലവെ മലരെ കണ്ടെന്നും പ്രകടനം നന്നായിട്ടുണ്ടെന്നും പറഞ്ഞു. പിന്നീട് എല്ലാ വീക്കെന്റുകളിലും ഞാന്‍ അദ്ദേഹത്തെ അവിടെവച്ച് കണ്ടു. അപ്പോഴെല്ലാം എന്റെ കൂട്ടുകാരെയും അദ്ദേഹത്തിന് പരിചയപ്പെടുത്തേണ്ടിവന്നു. അതദ്ദേഹത്തിന് ശല്യമാകുമെന്ന് എനിക്ക് തോന്നി. രജനിസാറിനെ പോലൊരു ആളെ അങ്ങനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്ന് ഞാന്‍ കരുതി. അതുകൊണ്ടുമാത്രം ആ ഹോട്ടലില്‍ പോകുന്നത് ഞാന്‍ നിറുത്തി.
രജനിസാറിന്റെ ഒരു പടത്തില്‍ അഭിനയിക്കാന്‍ എനിക്കും ഒരവസരം കൈവന്നു. സുരേഷ്കൃഷ്ണയായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്. പക്ഷേ അതിലെ എന്റെ വേഷം എനിക്ക് ഇഷ്ടമായില്ല. അങ്ങനെ അത് ഒഴിവാക്കുകയായിരുന്നു.
അതൊക്കെ കഴിഞ്ഞ് രണ്ട് ദശകങ്ങള്‍ക്കിപ്പുറമാണ് രജനിസാറിനെ നേരില്‍ കാണുന്നത്. ഒരു ഫോട്ടോ എടുക്കുന്നത്. എന്നെ ഓര്‍ക്കേണ്ട ആവശ്യംപോലും അദ്ദേഹത്തിനില്ല. കണ്ടാലും കണ്ടില്ലെന്ന് നടിച്ചുപോകുന്നവരുടെ ഇടയില്‍ അദ്ദേഹം ഇങ്ങനെയൊക്കെയാണ് വ്യത്യസ്തനാകുന്നത്. എത്ര എളിമയോടെയാണ് പെരുമാറുന്നത്, സംസാരിക്കുന്നത്. എന്റെ കണ്ണ് തുറപ്പിച്ച നിമിഷങ്ങള്കൂടിയായിരുന്നു അത്. ഞാനടക്കമുള്ളവര്‍ എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന് അദ്ദേഹം പറയാതെ പഠിപ്പിക്കുകയായിരുന്നു. റഹ്മാന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments