‘മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അദ്ദേഹത്തെപോലെ അനുഭവജ്ഞാനമുള്ള ഒരു നടനെവച്ച് സിനിമ സംവിധാനം ചെയ്യാന്‍ കഴിയുന്നതും ഭാഗ്യമാണ്. അതിന്റെ ത്രില്ലിലാണ് ഞാന്‍. അതിനുള്ള അവസരം നല്‍കിയത് ഈ തിരക്കഥയും.’
മമ്മൂട്ടി നായകനാകുന്ന ബസൂക്കയുടെ പൂജ കഴിഞ്ഞതിന് പിന്നാലെ സംവിധായകനും തിരക്കഥാകൃത്തുമായ ഡീനോ ഡെന്നിസ് പറഞ്ഞു. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡീനോ. മമ്മൂട്ടിയെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച തിരക്കഥാകൃത്തുകൂടിയാണ് കലൂര്‍ ഡെന്നീസ്. അദ്ദേഹത്തിന്റെ മകന് മമ്മൂട്ടിയെവച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷ്യം വഹിക്കുകയാണ്. മകന്റെ പ്രഥമ സംവിധാന സംരംഭത്തിന് സാക്ഷിയാകാനും അനുഗ്രഹങ്ങള്‍ ചൊരിയാനുമായി കലൂര്‍ ഡെന്നീസും ചടങ്ങിന് എത്തിയിരുന്നു.
വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമൂദ്രി ഹാളില്‍വച്ചായിരുന്നു പൂജ. കലൂര്‍ ഡെന്നീസാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നല്കി. ബി. ഉണ്ണികൃഷ്ണന്, ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി. വ്യാസന്, സിദ്ധാര്‍ത്ഥ് ഭരതന്, ഷൈന്‍ ടോം ചാക്കോ, ഡീനോ ഡെന്നീസ്, നിമിഷ് രവി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പൂജയ്ക്ക് പിന്നാലെ ബസൂക്കയുടെ ചിത്രീകരണവും ആരംഭിച്ചു.
സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
‘ഞങ്ങള്‍ക്കിത് വളരെ സവിശേഷമായ ഒരു സിനിമയാണ്. കാരണം മമ്മൂക്കയെപ്പോലെയുള്ള ഒരു ഇതിഹാസത്തോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും സ്വീകരിക്കുന്ന ഒരു സിനിമ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.’ നിര്‍മ്മാതാക്കളില്‍ ഒരാളായ ജിനു വി. എബ്രഹാം പറഞ്ഞു.
നിമിഷ് രവി ഛായാഗ്രഹം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് മിഥുന് മുകുന്ദനാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ., പി.ആര്.ഒ. വാഴൂര്‍ ജോസ്, ശബരി.
Recent Comments