ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഒരു പാട്ട് സംവിധാനം ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന് കൂടിയായ വിജീഷ് മണി. ‘ഗുരുവായൂര്‍ ഉത്സവമായി’ എന്നാണ് പാട്ടിന് നല്‍കിയിരിക്കുന്ന പേര്. വിജീഷ് മണി ആദ്യമായിട്ടാണ് പാട്ടിന് സംഗീതം നിര്‍വ്വഹിക്കുന്നത്. മുകേഷ് ലാലിന്റെ വരികള്‍ക്ക് പിന്നണി ഗായകന് അനൂപ് ശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘ഗുരുവായൂര്‍ ക്ഷേത്രവുമായി ആത്മബന്ധമുള്ള ഒരാളാണ് ഞാന്‍. എനിക്ക് ചോറൂണ് നല്‍കിയത് മുതല്‍ ആ ബന്ധം തുടരുന്നു. ഇവിടുത്തെ ഉത്സവങ്ങള്‍ മറ്റ് ആരെപ്പോലെയും എനിക്കും ലഹരിയാണ്. ഉത്സവത്തിന് മുന്നോടിയായി ഒരു വിളംബര ഗാനം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അതാണ് ഇങ്ങനെയൊരു പാട്ടിലേയ്ക്ക് വരാന്‍ നിമിത്തമായത്. നിരവധി സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം മാത്രമേയുള്ളൂ. അതിന്റെ ബലത്തിലാണ് സംഗീതം നിര്‍വ്വഹിച്ചത്. മൂന്നു ദിവസത്തോളം കമ്പോസിംഗിന് വേണ്ടിവന്നു. പാട്ട് കേട്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇത് ആദ്യത്തേയും അവസാനത്തെയും സംഗീത സംരംഭമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. പക്ഷേ പാട്ട് കേട്ട ശേഷം തങ്ങള്‍ക്കുകൂടി ഒരു ഗാനം ചെയ്തുതരണമെന്ന് നെന്മാറ ക്ഷേത്രത്തിലെ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ തീരുമാനം എടുത്തിട്ടില്ല. ഈ പാട്ട് ഏതായാലും ഗുരുവായൂരപ്പനുള്ള എന്റെ പ്രാര്‍ത്ഥനയാണ്.’ വിജീഷ് മണി പറഞ്ഞു.
ഗാനത്തിന്റെ റിലീസ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ഡോ. വി.കെ. വിജയന് നിര്‍വ്വഹിച്ചു. മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന്, സെന്‍സര്‍ ബോര്‍ഡ് അംഗം രാജന് തറയില്‍, കെ.പി. ഉദയന്‍, ബാബു ഗുരുവായൂര്‍, സജീവന് നമ്പിയത്ത്, വി.പി. ഉണ്ണികൃഷ്ണന്, സുമന് ഗുരുവായൂര്‍, സുധി പഴയിടം എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.
Recent Comments