ഒരു സ്വകാര്യസംഭാഷണത്തിനിടെയാണ് സൂരേഷ്ഗോപി ഇടമലക്കുടി യാത്രയെക്കുറിച്ച് പറയുന്നത്. ആ യാത്രയില്‍ ഞങ്ങളെയും ഒപ്പം കൂട്ടണമെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അസാമാന്യ ഓര്‍മ്മശക്തിയുള്ള ആ മനുഷ്യന് അത് അക്ഷരംപ്രതി പാലിച്ചു.
സെപ്തംബര്‍ 27 നായിരുന്നു ഇടമലക്കുടിയിലേയ്ക്കുള്ള യാത്ര. 26 ന് സുരേഷ്ഗോപി മൂന്നാറിലെത്തി. അവിടെ ബ്ലാങ്കെറ്റ് റിസോര്‍ട്ടിലായിരുന്നു താമസം. പിറ്റേന്ന് രാവിലെ ഏഴു മണിക്കുതന്നെ അദ്ദേഹം ഇടമലക്കുടിയിലേയ്ക്ക് പുറപ്പെട്ടു.
ഇടമലക്കുടി ഗോത്രമൂഹത്തിന്റെ ഭൂമികയാണ്. പുറമെനിന്നുള്ള ആര്‍ക്കും അവിടെ പ്രവേശനമില്ല. അതിന് വനംവകുപ്പിന്റേതടക്കം മുന്‍കൂര്‍ അനുമതി തേടണം.
ഇരവികുളം ദേശീയോദ്യാനത്തിലൂടെയായിരുന്നു യാത്ര. ആ വഴിത്താരയില്‍ വരയാടുകളെ കണ്ടപ്പോള്‍ യാത്ര ഇടയ്ക്കൊന്ന് നിര്‍ത്തി സുരേഷ്ഗോപി ആ കാഴ്ച ആസ്വദിച്ചു.
പിന്നെ പെട്ടിമുടിയിലേയ്ക്ക്. പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ശവകുടീരങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പ്രാര്‍ത്ഥനാനിരതനായി നിന്നു.
കാര്‍യാത്ര പെട്ടിമുടിയില്‍ അവസാനിച്ചു. ഇനിയുള്ള യാത്ര ജീപ്പിലാണ്. അതിന് പരിശീലനം ലഭിച്ച ഡ്രൈവറും വണ്ടിയും അവിടെ കാത്തുകിടപ്പുണ്ടായിരുന്നു…
-ഇടമലക്കുടിയില്‍ സുരേഷ്ഗോപിക്ക് എന്ത് കാര്യമെന്ന് ആരും ചോദിക്കരുത്. അവിടെ കാല് കുത്താന്‍ മറ്റാരേക്കാളും യോഗ്യന്‍ അദ്ദേഹം തന്നെയാണ്.
28 കുടികളിലായിട്ടാണ് ഇടമലക്കുടിയിലെ ഗോത്രസമൂഹം വസിക്കുന്നത്. വര്‍ഷങ്ങളായി അവരെ അലട്ടിയിരുന്ന വലിയ പ്രശ്നങ്ങളിലൊന്ന് കുടിവെള്ള ക്ഷാമമായിരുന്നു. മൈലുകളോളം നടന്ന് തലച്ചുമടായിട്ടാണ് അവര്‍ ഊരുകളിലേയ്ക്ക് വെള്ളം കൊണ്ടുവന്നിരുന്നത്. അവരുടെ ഈ ദുരിതജീവിതം അറിഞ്ഞ നിമിഷംതന്നെ സുരേഷ്ഗോപി എം.പി. ഫണ്ടില്‍നിന്നും പന്ത്രണ്ടര ലക്ഷം രൂപ അനുവദിച്ചു. ചുവപ്പു നാടകളില്‍ കുടുങ്ങി ആ പദ്ധതി നീളുമെന്നായപ്പോള്‍ മകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റില്‍നിന്നും പന്ത്രണ്ട് ലക്ഷം രൂപ നല്കി അവിടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. അങ്ങനെ ആദ്യമായി ആ കുടികളിലേയ്ക്ക് വെള്ളമെത്തി. അന്നുമുതല്‍ അവിടെ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതാണ്. പല കാരണങ്ങള്‍കൊണ്ടും ആ യാത്രകള്‍ മുടങ്ങി. ഇന്നത് സാധ്യമാകാന്‍ പോകുകയാണ്.
കൊടുംകാട്ടിലൂടെയാണ് യാത്ര. റോഡ് എന്ന് പേര് മാത്രമേയുള്ളൂ. കുത്തിയൊലിച്ചുപോയ ഉരുളന്‍ കല്ലുകള്‍ക്ക് മീതേയായിരുന്നു അപകടം നിറഞ്ഞ യാത്ര ഏറെയും. പതിനൊന്ന് കിലോമീറ്റര്‍ താണ്ടാന്‍ രണ്ട് മണിക്കൂര്‍ എടുത്തു. അത്ര ദുര്‍ഘടം പിടിച്ചതായിരുന്നു ജീപ്പ് യാത്ര.
ഒടുവില്‍ ഇടമലക്കുടിയിലെ ഊരുകളിലൊന്നായ ഇടലിപ്പാറയില് അദ്ദേഹം എത്തിച്ചേര്‍ന്നു. പരമ്പരാഗത നൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആ ഗോത്രജനത അദ്ദേഹത്തെ ആവേശപൂര്‍വ്വം സ്വീകരിച്ചു. പരമ്പരാഗതമായ തലപ്പാവ് അണിയിച്ചു. തല കുമ്പിട്ട് നിന്ന് അവയെല്ലാം അദ്ദേഹം സ്വീകരിച്ചു.
പിന്നീടാണ് അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞത്. ചിലതിന് അപ്പോള്‍തന്നെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കുടിയിലെ പെണ്‍കുട്ടികളുടെ വേവലാതികളും അദ്ദേഹം ശ്രദ്ധയോടെ കേട്ടു. കുടിയില്‍ അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
നിരവധി താരങ്ങളെ കണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും. അവര്‍ക്കാര്‍ക്കും വേണ്ടാത്ത ആദിവാസി ഗോത്രഭൂമിയിലേയ്ക്ക് ഒരാള്‍ ഒന്നും ഇച്ഛിക്കാതെ കടന്നുവരികയാണ്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഇക്കാലത്തിനിടയില്‍ ഇടമലക്കുടി സന്ദര്‍ശിച്ചത് രണ്ടേ രണ്ട് മന്ത്രിമാരാണ്. പിന്നെ വോട്ട് തേടി മാത്രം എത്താറുള്ള രാഷ്ട്രീയ നേതാക്കളും അവരുടെ അനുയായികളും. അതിനപ്പുറത്തേയ്ക്ക് ആരും അവിടെ കടന്നുവരാറില്ല. അവരുടെ ആവശ്യങ്ങളെക്കുറിച്ച് കേള്‍ക്കാന്‍ മനസ്സ് കാട്ടാറുമില്ല. അവിടേയ്ക്കാണ് താരഭാരങ്ങളൊക്കെ അഴിച്ചുവച്ച് ഒരു നടന് സ്വന്തം കീശയില്‍നിന്ന് പണം ചെലവിട്ട് അവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കടന്നുചെല്ലുന്നത്. അതിനുവേണ്ടിയാണ് സ്വന്തം ആരോഗ്യംപോലും മറന്ന് മല കയറിയത്. തന്റെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാനുള്ള യാത്രകളാണവയെല്ലാം. അത് അവിടെ അവസാനിക്കുന്നില്ല. തനിക്ക് ജീവനുള്ള കാലത്തോളം അത് തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം ആ സ്വപ്നങ്ങള്ക്കൊപ്പമെങ്കിലും നടന്നു നീങ്ങേണ്ടവരല്ലേ നമ്മള്.
-സുരേഷ് കെ.
Recent Comments