മരക്കാര്‍ കണ്ടു. പ്രിയദര്‍ശന്റെ മരക്കാര്‍. ഉറപ്പായും അങ്ങനെതന്നെ പറയണം. കാരണം ഇത് പ്രിയന്റെ വായനയില്‍നിന്നും ചിന്തയില്‍നിന്നും ഭാവനയില്‍നിന്നും വിരിഞ്ഞ മരക്കാറാണ്. ചരിത്രത്തിന്റെ വിസ്മൃതികളില്‍ ആഴ്ന്നുപോയ അനവധി ചരിത്രപുരുഷന്മാരില് ഒരാള്‍ കൂടിയാണ് കുഞ്ഞാലിമരക്കാര്‍. കുഞ്ഞാലിയെക്കുറിച്ച് എല്ലാവരും കേട്ടിരിക്കുന്നു. പക്ഷേ എവിടെയും കുഞ്ഞാലിയുടെ വ്യക്തമായ ചരിത്രങ്ങളില്ല. അതിനുമുന്നില്‍ പകച്ചുപോയ ഒരു ചലച്ചിത്രകാരന് തന്റെ ഭാവനകളില്‍ നിറം ചാലിച്ച് പൂരണപ്പെടുത്തിയ പുതിയ ഏടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
മഹാഭാരതകഥയെ ചലച്ചിത്രമാക്കാമോ എന്നൊരിക്കല്‍ രാജമൗലിയോട് ചോദിച്ചപ്പോള്‍ തനിക്കതിന് കഴിയില്ലെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ചരിത്രവും മിത്തും ചേര്‍ന്ന ഇതിഹാസത്തെ പുനഃസൃഷ്ടിക്കാന്‍ അദ്ദേഹത്തിന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. അതുകൊണ്ടാണദ്ദേഹം ബാഹുബലി പോലൊരു ഭാവനാചലച്ചിത്രത്തെ സൃഷ്ടിച്ചത്. അതാകുമ്പോള്‍ ആരും ചോദ്യം ചെയ്യില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
കുഞ്ഞാലിയെ സൃഷ്ടിക്കുമ്പോഴും പ്രിയനും ഇതേ ആശയക്കുഴപ്പം ഉണ്ടായിരുന്നിരിക്കണം. അദ്ദേഹം പലതവണ ചിന്തിച്ചിരിക്കണം. എന്നിട്ടും അങ്ങനെയൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതിനാണ് ആദ്യത്തെ കൈയടി.
കുഞ്ഞാലിയെ പ്രിയന് കണ്‍സീവ് ചെയ്തതും അത്ര വലിയ കാന്‍വാസിലാണ്. അപ്പോള്‍ ഓരോ ഫ്രെയിമും നിറവോടെ തിങ്ങിത്തിളങ്ങണം. അതിനുള്ള സന്നാഹങ്ങള്‍ ഒരുക്കണം. അക്കാര്യത്തിലും പ്രിയന് വിജയിച്ചിട്ടുണ്ട്. ചിത്രത്തിലെ വിഎഫ്എക്സിന്റെ മേന്മയെ പുകഴ്ത്തുന്നവര്‍ അതാദ്യം കണ്ട കണ്ണുകളെ വിസ്മരിക്കുന്നുവെന്ന് ഖേദപൂര്‍വ്വം പറയേണ്ടിവരും.
ഇതിനേക്കാളും വിഷ്വല്‍ ട്രീറ്റ് ഒരുക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവരുണ്ടാവാം. മേനി നടിക്കുന്നവരും. പക്ഷേ ചെയ്തുകാണിച്ചുവച്ച ഒരു സൃഷ്ടിയോട് മാത്രമാണ് ഞങ്ങള്‍ക്കുള്ള വിശ്വാസം. അങ്ങനെയൊന്ന് ചെയ്തുകാണിക്കുന്നതുവരെയെങ്കിലും.
ഒറ്റയാള്‍ പോരാട്ടമല്ല കുഞ്ഞാലിയുടെ കഥ. എണ്ണമറ്റ കഥാപാത്രങ്ങള്‍ അയാള്‍ക്കൊപ്പം നിന്ന് പോരാടുന്നുണ്ട്. സ്വാഭാവികമായും ഒരാള്‍ ഒറ്റയ്ക്ക് ചെയ്യുന്ന കര്‍മ്മം വിഭജിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്ന ഹീറോയിസത്തില്‍ പരിഭ്രാന്തനല്ല ഇതിലെ നായകനടനും. അതുകൊണ്ടുകൂടിയാണ് മമ്മാലിയും മങ്ങാട്ടച്ചനും ചിന്നാലിയും അനന്തനും പട്ടുമരക്കാറും കുട്ടി അലി മരക്കാറുമൊക്കെ കൂടൊഴിയാതെ മനസ്സില്‍ നില്ക്കുന്നതും.
ഒരു ക്രിയേറ്ററുടെ കണ്ണുകളാണ് ഛായാഗ്രാഹകന്‍ എന്ന് പറയാറുണ്ട്. സംവിധായകന് അകക്കണ്ണില്‍ കാണുന്നത് അതിനേക്കാള്‍ മികവോടെ സൃഷ്ടിക്കുകയാണ് ഛായാഗ്രാഹകന്‍ ചെയ്യുന്നത്. ആ മത്സരത്തില്‍ ഛായാഗ്രാഹകന്‍ ഒരുപടി മുന്നിലാണെന്ന് പറയേണ്ടിവരും.
സംഭാഷണത്തിലെ ബലക്കുറവ് സിനിമയെ ഒന്നാകെ ഗ്രസിച്ചുനില്ക്കുന്ന കാഴ്ചയ്ക്കും മരക്കാര്‍ സാക്ഷിയാകുന്നുണ്ട്. ആ ഭാഷ പ്രയോഗിക്കുന്ന ചിലരുടെയെങ്കിലും റെന്ഡറിലിംഗിലും മോഡുലേഷനിലും അരോചകത്വം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
നമ്മുടെ തൊട്ടയല്പക്കങ്ങളില്പോലും ചലച്ചിത്ര നിര്‍മ്മിതിയുടെ രൂപവും ഭാവവും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ചലച്ചിത്രം മലയാണ്മയ്ക്ക് സമ്മാനിച്ച മരക്കാറിന്റെ എല്ലാ അണിയറപ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇതിനേക്കാള്‍ മികച്ച ചലച്ചിത്രസൃഷ്ടി രൂപപ്പെടുത്തുന്നതിനുള്ള നാന്ദിയായിട്ടുവേണം ഈ ചലച്ചിത്രത്തെ കാണാന്‍.
Recent Comments