നന്‍പകല്‍ നേരത്തിലെ ജയിംസിനെയും സുന്ദരത്തെയും സൂക്ഷ്മാഭിനയംകൊണ്ട് വേലികെട്ടി തിരിച്ചുനിര്‍ത്തിയ അത്യുജ്ജ്വല പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് മികച്ച നടനുള്ള 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക് നല്കാന് ജൂറി ഏകകണ്ഠമായി തീരുമാനമെടുത്തത്. രണ്ട് പ്രൈമറി ജൂറിയും പ്രധാന ജൂറിയും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു.
ഇത് എട്ടാം തവണയാണ് മമ്മൂട്ടിയെ തേടി സംസ്ഥാന പുരസ്കാരം എത്തുന്നത്. ഇതില്‍ ആറ് തവണയും മികച്ച നടനുള്ള പുരസ്കാരമാണ് ലഭിച്ചത്. 1981 ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത അഹിംസ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് രണ്ടാമത്തെ നടനുള്ള പുരസ്കാരം മമ്മൂട്ടിയെ തേടി ആദ്യമെത്തുന്നത്. മികച്ച നടനുള്ള ആദ്യ പുരസ്കാരം ലഭിച്ചത് 1984 ലാണ്. ചിത്രം അടിയൊഴുക്കുകള്‍. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. യാത്ര, നിറക്കൂട്ട് എന്നീ രണ്ട് ചിത്രങ്ങളുടെ പ്രകടനമികവാണ് 1985 ല്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിന് മമ്മൂട്ടിയെ അര്‍ഹനാക്കിയത്. പിന്നീട് 1989 ലും (ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം) 1993 ലും (വിധേയന്, പൊന്തന്മാട, വാത്സല്യം) 2004 ലും (കാഴ്ച) 2009 ലും (പാലേരി മാണിക്യം) മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് നല്കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു.
മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കരാം സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടിക്ക് 13 വര്‍ഷത്തിന് ശേഷമാണ് ഒരു സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
ഇത്തവണ മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിന് പുറമെ, റോഷാക്കും പുഴുവുമായിരുന്നു മറ്റ് രണ്ട ്ചിത്രങ്ങള്‍. എന്നാല്‍ മറ്റ് രണ്ട് ചിത്രങ്ങളില്‍നിന്ന് വിഭിന്നമായി നന്‍പകല്‍ നേരത്തെ സൂക്ഷ്മാഭിനയമാണ് മമ്മൂട്ടിയെ പുരസ്കാര ജേതാവായി തെരഞ്ഞെടുക്കാന്‍ ജൂറി അംഗങ്ങളെ പ്രേരിപ്പിച്ചത്. മമ്മൂട്ടിയോടൊപ്പം മത്സരരംഗത്ത് അവസാന റൗണ്ട് വരെ നടന് കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു.
Recent Comments