പ്രളയത്തിന്റെ പാശ്ചാത്തലത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര കോര്പറേഷന് അവതരിപ്പിക്കുന്ന മനോജ് കുമാര്‍ സംവിധാനം ചെയ്യുന്ന പ്രളയശേഷം ഒരു ജലകന്യക എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്.
ലോഹിത ദാസിന്റെ മകന് ഹരികൃഷ്ണന് ലോഹിതദാസ് ക്യമാറ ചലിപ്പിക്കുന്ന ഈ ചിത്രത്തില്‍ മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച മനോജ് അങ്കമാലിയാണ് ചമയം കൈകാര്യം ചെയ്യുന്നത്. ഗോകുലന്, ആശാ അരവിന്ദ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അപ്പുണ്ണി സാജനാണ് ആര്‍ട്ട് ഡയറക്ടര്‍. മലയാളത്തിലും മറ്റ് ഒട്ടനവധി ചിത്രങ്ങളിലും തന്റെ ശബ്ദം നല്കിയ രഞ്ജിത്ത് ലളിതമാണ് പ്രളയശേഷം ഒരു ജലകന്യകയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്.

”ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു ഒരു സിനിമയില്‍ അഭിനയിക്കണമെന്നുള്ളത്. 2000 മുതല്‍ ഞാന്‍ ഡബ്ബിങ് ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചു വരുകയാണ്. എന്നെ ആദ്യമായി സിനിമയില്‍ ഡബ് ചെയ്യാനായി വിളിക്കുന്നത് ലോഹിതദാസ് സര് ആണ്. ദൂരദര്‍ശനില്‍ ഞാന്‍ പണ്ടൊരു പരിപാടി ചെയ്തിരുന്നു. അത് കേട്ടിട്ടാണ് ലോഹിതദാസ് സാര്‍ എന്നെ വിളിക്കുന്നത്. എനിക്ക് ഡബ്ബിംഗിനെപ്പറ്റി യാതൊരും അറിവില്ലാത്ത കാലമായിരുന്നു അത്. സാറിന്റെ പുതിയ ചിത്രമായ ജോക്കറില് നിഷാന്ത് സാഗറിന് ശബ്ദം നല്‍കാനായിരുന്നു എന്നെ വിളിച്ചത്. എനിക്ക് നല്ല പേടിയായി. പക്ഷേ, ലോഹിതദാസ് സാര്‍ എന്നെ ഏതാണ്ട് ആറ് ദിവസത്തോളമെടുത്ത് ഡബ്ബിംഗ് പഠിപ്പിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് ഡബ്ബ് ചെയ്യേണ്ടതെന്നും വോയിസില്‍ എങ്ങനെയാണ് മോഡുലേഷന് വരുത്തേണ്ടതെന്നും എനിക്ക് പഠിപ്പിച്ചുതന്നു. അത്രയുംനാള്‍ കേട്ടതില്‍വച്ച് പുതിയൊരു ഫ്രഷ് വോയ്സ് വേണമെന്ന് തീരുമാനിച്ചിട്ടാണ് അദ്ദേഹം എന്നെ പരിശീലിപ്പിച്ചെടുത്തത്. മലയാള ഇന്‍ഡസ്ട്രിയില്‍ എന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്. ഇന്ന് അദ്ദേഹത്തിന്റെ മകന് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ എനിക്ക് അഭിനയിക്കാനുള്ള ഭാഗ്യവും കിട്ടി. തീര്‍ച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹം ഉള്ളതുകൊണ്ടുതന്നെയാണ്. ഇപ്പോഴും എന്റെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തിനും സ്ഥാനമുണ്ട്. ജോക്കറില് നിഷാന്ത് സാഗറിന് ഡബ്ബ് ചെയ്തതിനുശേഷം ഒരുപാട് സിനിമകളില്‍ അദ്ദേഹത്തിനുവേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഇരുവട്ടം മണവാട്ടി, കാക്കി നക്ഷത്രം, തിളക്കം അങ്ങനെ ഒരുപാട് സിനിമകള്‍. അതുപോലെ പഴശ്ശിരാജ, ധീര, ഭാസ്കര്‍ ദി റാസ്കല്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഡബ് ചെയ്യാന്‍ സാധിച്ചു. പുലിമുരുകനിലെ കിഷോറിന് വേണ്ടി ഞാനാണ് ഡബ്ബ് ചെയ്തത്. കിഷോറിന്റെ മണിരത്നം സിനിമ പൊന്നിയന്‍ സെല്‍വനിലും ഞാനാണ് ഡബ്ബ് ചെയ്തത്. ഏറ്റവും ഓടിവിലായി ഡബ്ബ് ചെയ്തത് ജുനിയര്‍ എന്‍ടിആറിന് വേണ്ടിയാണ്- ചിത്രം ദേവര.

ഒരുപാട് സിനിമ സ്വപ്നം കണ്ട് വന്നയാളാണ് ഞാന്‍ അഭിനയിക്കാനുള്ള മോഹം മുമ്പുതന്നെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് പ്രളയശേഷം ഒരു ജലകന്യകയിലൂടെ അത് സഫലമാകുന്നത്. നമ്മുടെ സിനിമയുടെ ഡയറക്ടര്‍ മനോജ് കുമാര്‍ ലോഹിതദാസ് സാറിന്റെ അസോസിയേറ്റായിരുന്നു. ആ ഒരു പരിചയം ഉണ്ടായിരുന്നു. പിന്നെ ഒഡീഷന്. അങ്ങനെയാണ് പ്രളയശേഷം ഒരു ജലകന്യകയുടെ ഭാഗമാകാന്‍ സാധിച്ചത്. ഞാന്‍ ചെയ്യുന്ന വേഷം കുറച്ച് പ്രായമുള്ള കഥാപാത്രമാണ്. സിനിമയുടെ പേര് സൂപിപ്പിക്കുന്നതുപോലെതന്നെ പ്രളയസമയത്ത് ഒരു ഗ്രാമത്തിലെ വീട്ടില്‍ നടക്കുന്ന കഥയാണ് സിനിമ സംസാരിക്കുന്നത്. കുറച്ച് കഥാപാത്രങ്ങളേ ഞങ്ങളുടെ സിനിമയില്‍ ഉള്ളൂവെങ്കിലും ടെക്നിക്കലി നല്ലൊരു ചിത്രമായിരിക്കും പ്രളയശേഷം ഒരു ജലകന്യക.
കേരള സംസ്ഥാന ചലച്ചിത്ര കോര്പ്പറേഷന് നിര്‍മിക്കുന്ന സിനിമയാണ് പ്രളയശേഷം ഒരു ജലകന്യക. കലാമൂല്യമുള്ള ത്രില്ലിംഗ് മുഹൂര്‍ത്തങ്ങളുള്ള ഒരു നല്ല കൊമേഴ്സ്യല്‍ പടമാണിത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായിട്ടുണ്ട്.
Recent Comments