ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഏറ്റവുമധികം ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തുജോസഫ് ഒരുക്കിയ ക്രൈംത്രില്ലര്‍. 2013 ലാണ് ദൃശ്യം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസില്‍ ചരിത്രവിജയം കൊയ്തു.
മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെട്ടു. അവിടെയും ചിത്രം വിജയഗാഥ തുടര്‍ന്നു. എന്നുമാത്രമല്ല, വിദേശ ഭാഷകളിലേയ്ക്കും ദൃശ്യം പുനര്‍നിര്‍മ്മിക്കപ്പെട്ടു. ആദ്യം സിംഗള ഭാഷയില്‍. പിന്നീട് ചൈനീസില്‍. ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യപ്പെട്ട ആദ്യത്തെ മലയാള ചിത്രമെന്ന ഖ്യാതിയും ദൃശ്യം നേടി. ജപ്പാനും ഇന്തോനേഷ്യയും കൊറിയയും ദൃശ്യത്തിന് റീമേക്കുകള്‍ സൃഷ്ടിച്ചു.
അവിടംകൊണ്ടും ‘ദൃശ്യ’വിസ്മയം അവസാനിച്ചില്ല. ദൃശ്യത്തിന്റെ രണ്ടാംപതിപ്പും ഇറങ്ങി. തീയേറ്റര്‍ റിലീസിനുവേണ്ടി നിര്‍മ്മിച്ചതാണെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. ഒടിടിയിലും ദൃശ്യം വെന്നിക്കൊടി പാറിച്ചു. ഹിന്ദിയിലും തെലുങ്കിലും കന്നഡത്തിലും രണ്ടാംപതിപ്പിന് റീമേക്കുകളുണ്ടായി. ചിത്രത്തിന്റെ മൂന്നാം പതിപ്പിനുള്ള സൂചനകള്‍ സംവിധായകന് ജീത്തു ജോസഫ് തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.
ഇപ്പോഴിതാ ദൃശ്യം സിനിമയെക്കുറിച്ചൊരു ഗവേഷണ പ്രബന്ധവും ഉണ്ടായിരിക്കുന്നു. അനില്‍ മതിര എന്ന മലയാളിയാണ് ഈ ഗവേഷണ പ്രബന്ധത്തിന്റെ രചയിതാവ്. ലണ്ടനിലെ പ്രശസ്തമായ റെഡ്ഡിംഗ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം അത് സമര്‍പ്പിച്ചത്. അവിടുത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ ഗവേഷണ പഠനമെന്ന നിലയിലാണ് പ്രബന്ധം എഴുതിയത്. അതിന് അദ്ദേഹം വിഷയമായി സ്വീകരിച്ചതാകട്ടെ ദൃശ്യമെന്ന സിനിമയും. ഇതാദ്യമായാണ് ഒരു മലയാള സിനിമയെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം വിദേശ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കപ്പെടുന്നത്. ദൃശ്യം എ മാസ്റ്റര്‍ ക്ലാസ് ഇന്‍ സ്റ്റോറി ടെല്ലിംഗ് ആന്‍ അനാലിസിസ് എന്ന തലക്കെട്ടാണ് ഗവേഷണ പ്രബന്ധത്തിന് നല്‍കിയത്. ദൃശ്യം എന്ന സിനിമയുടെ പ്ലോട്ട്, കഥാപാത്രങ്ങള്‍, സിനിമാറ്റിക് ടെക്നിക്കുകള്‍, ആ സിനിമയ്ക്ക് ആഗോള തലത്തില്‍ ലഭിച്ച സ്വീകാര്യത തുടങ്ങി സിനിമയെക്കുറിച്ച് അനില്‍ നടത്തിയ ആഴത്തിലുള്ള ഗവേഷണമാണ് പ്രബന്ധത്തിലുള്ളത്. യൂണിവേഴ്സിറ്റിയില്‍ അത് സമര്‍പ്പിച്ചതിന് പിന്നാലെ ഒരു പുസ്തകമായും അനില്‍ മതിര അത് പുറത്തിറക്കി. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും നിരൂപകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം. ആമസോണ്‍ കന്ഡിലില് പുസ്തകത്തിന്റെ പ്രിന്റ് ആന്റ് ഡിജിറ്റല്‍ വേര്‍ഷനുകള്‍ ലഭ്യമാണ്.
കൊല്ലം മതിര സ്വദേശിയാണ് അനില്‍. പ്രീഡിഗ്രിക്കും ടിടിസിക്കും ശേഷം 19-ാമത്തെ വയസ്സില്‍ അദ്ദേഹം നേവിയില്‍ ചേര്‍ന്നു. കൊച്ചി, മുംബയ്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സൊണാര്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു. അവിടെ 10 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് ലണ്ടനിലേയ്ക്ക് ചേക്കേറുന്നത്. ലണ്ടനില്‍വച്ച് ഗണിതശാസ്ത്രത്തില്‍ ബിരുദവും അദ്ധ്യാപക പരിശീലന കോഴ്സും പാസായി. ഇതിനിടെ ഗ്രേറ്റ് വെസ്റ്റ് റെയില്‍വേയില്‍ ടിക്കറ്റ് മാനേജറായും ജോലി ചെയ്തു. ഇപ്പോള്‍ സെക്കന്ററി സ്കൂള്‍ ഗണിതശാസ്ത്ര അദ്ധ്യാപകനായി ജോലി നോക്കുന്നു. ഭാര്യയും മൂന്നു പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം ഇപ്പോള്‍ ലണ്ടനിലാണ് സ്ഥിരതാമസം. സ്വന്തമായി തിരക്കഥ എഴുതി സിനിമയില്‍ തന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള പരിശ്രമത്തിലാണ് അനില്‍ മതിര ഇപ്പോള്‍. ദൃശ്യത്തെക്കുറിച്ചുള്ള അനിലിന്റെ ഗവേഷണ പുസ്തകത്തിന്റെ കവര്‍ തന്റെ സോഷ്യല്‍മീഡിയ പേജില്‍ സ്റ്റോറിയായി ഇട്ടുകൊണ്ട് സംവിധായകന് ജീത്തു തന്നെ അനിലിന് ആദരം നല്കി.
Recent Comments