ഇന്നലെയായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. എറണാക്കുളത്തെ ഗ്രാന്റ് ഹോട്ടലില്‍വച്ച് നടന്ന ചടങ്ങില്‍ എബ്രിഡ് ഷൈനിനെ കൂടാതെ മഹാവീര്യറിന്റെ കഥാകാരന് എം. മുകുന്ദന്, അഭിനേതാക്കളായ ആസിഫ് അലി, ഷണ്വി ശ്രീവാസ്തവ, നിര്‍മ്മാതാവ് പി.എസ്. ഷംനാസ് എന്നിവരും പങ്കുകൊണ്ടു. മഹാവീര്യറിനെക്കുറിച്ച് എബ്രിഡ് ഷൈന്‍ കാന്‍ചാനലിനോട് സംസാരിക്കുന്നു.
മുകുന്ദന് സാറിനെ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയാണ് എനിക്ക് പരിചയം. അത് പിന്നീട് അദ്ദേഹത്തോടുള്ള ആരാധനയായി വളര്‍ന്നു. സാറിന്റെ കഥകള്‍ വായിച്ചിട്ട് നിറയെ കത്തുകള്‍ ഞാനെന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന് എഴുതിയിട്ടുണ്ട്. പിന്നീട് ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആയതിന് ശേഷവും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുക്കാനോ അദ്ദേഹത്തെ നേരില്‍ കാണാനോ സാധിച്ചിട്ടില്ല. മഹാവീര്യറിന്റെ കഥയെക്കുറിച്ച് പറയാനാണ് ഞാനദ്ദേഹത്തെ ആദ്യം വിളിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മാഹിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ആദ്യമായി എത്തുന്നത്. അന്നാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
സാറിന്റെ ചില കഥകളിലെ ആശയങ്ങള്‍ കോര്‍ത്തിണക്കിയാണ് ഞാന്‍ കഥ പറഞ്ഞത്. അത് അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് സാറുമായി നിരന്തരം ചര്‍ച്ചകള്‍ ചെയ്തശേഷമാണ് മഹാവീര്യറിന്റെ തിരക്കഥ എഴുതുന്നത്.
ഒരു നല്ല കഥയുണ്ടാകുമ്പോള്‍ അത് പങ്കുവയ്ക്കാന്‍ ആത്മസുഹൃത്ത് കൂടിയായ നിവിന്‍പോളിയെ ഞാന്‍ വിളിക്കാറുണ്ട്. മഹാവീര്യറുടെ കഥയും ഞാനങ്ങനെ നിവിനോട് പറഞ്ഞതാണ്. കഥ അദ്ദേഹത്തിനും ഇഷ്ടമായി.
പല ലെയറുകളുണ്ട് ഈ ചിത്രത്തിന്. ഇതൊരു പിരീഡ് സിനിമയാണ്, ട്രാവലോഗാണ്. അനവധി നിയമവ്യവഹാരങ്ങളുള്ള സിനിമയാണ്. ഇതിനെല്ലാമപ്പുറം ഇതൊരു ഫാന്റസി ചിത്രമാണ്. എഴുത്തിനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവന്നത് പ്രീപ്രൊഡക്ഷനാണ്, ഏതാണ്ട് ഒന്നര വര്‍ഷമെടുത്തു. ഇതാദ്യമായിട്ടാണ് ഇത്രയും സ്റ്റാര്‍ കാസ്റ്റിംഗുള്ള ഒരു സിനിമ ഞാന്‍ ചെയ്യുന്നത്. നിവിന്‍പോളി, ആസിഫ് അലി, ലാലു അലക്സ്, ലാല്‍, സിദ്ധിഖ്, വിജയ് മേനോന്, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണപ്രസാദ്, സൂരജ് എസ്. കുറുപ്പ്, പത്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പ്, മല്ലിക സുകുമാരന്‍ എന്നിവര്‍ക്കൊപ്പം നായികയായി ഷണ്വി ശ്രീവാസ്തവയും ഇതില്‍ അഭിനയിക്കുന്നു. സ്വാഭാവികമായും ഇത്രയും താരനിര ഉണ്ടാകുമ്പോള്‍ അതിന്റെ ബഡ്ജറ്റും കൂടും. പരിമിതികള്‍ ഉണ്ടാകാത്തവിധം മേക്കിംഗ് സൗകര്യങ്ങള്‍ ആവശ്യമുള്ള ഒരു ചിത്രം കൂടിയാണിത്. അങ്ങനെ വന്നപ്പോഴാണ് അത് നിര്‍മ്മിക്കാന്‍ നിവിന്‍പോളി തന്നെ മുന്നോട്ട് വന്നത്. എന്റെ സുഹൃത്ത് ഷംനാസും ഈ ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയാണ്.
സന്യാസിയുടെ ഗെറ്റപ്പിലുള്ള നിവിന്‍പോളിയുടെയും യോദ്ധാവിന്റെ ഗെറ്റപ്പമുള്ള ആസിഫ് അലിയുടെയും ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയുടെ വേഷവിധാനങ്ങളിലുള്ള ഷണ്വി ശ്രീവാസ്തവയുടെയും ചിത്രങ്ങളാണ് ഫസ്റ്റ് ലുക്കായി ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. ഇത് തന്നെയാണ് ചിത്രത്തിലെ അവരുടെ ഗെറ്റപ്പുകളും. മറ്റു കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്കും വൈകാതെ പുറത്തുവിടും. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ല. എബ്രിഡ് ഷൈന്‍ കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments