ബോളിവുഡ് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി ശ്രീദേവി നീണ്ട ഇടവേളയ്ക്ക് ശേഷം ദേവരാഗത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ശവുണ്ഡിയെ ആസ്പദമാക്കി ഭരതന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് നായകന്. മരതകമണിയെയും (എംഎം കീരവാണി) എംഡി രാജേന്ദ്രനെയുമാണ് ഭരതന് പാട്ടുകള്‍ക്കായി നിയോഗിച്ചത്. ആദ്യം നിശ്ചയിച്ചത് പ്രകാരം അഞ്ച് പാട്ടുകളും മദ്രാസില്‍ ചിട്ടപ്പെടുത്തിയതിന് ശേഷം ഷൂട്ടിങ്ങ് ആരംഭിച്ചു.
ഒരു നാള് തൃശൂര്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്ന എം ഡി രാജേന്ദ്രനെ തേടി ഭരതന്റെ ഒരു ഫോണ്‍ വരുന്നു. ‘ഉടനെ ഒരു പാട്ട് കൂടി എഴുതണം’. ഷൂട്ടിങ്ങ് നടക്കുന്ന പാലക്കാട്ടേക്ക് രാജേന്ദ്രന് എത്തി. സിറ്റുവേഷന് കേട്ട രാജേന്ദ്രന് ഞെട്ടി. നഗ്നയായ ഒരു പെണ്ണിനെ വര്‍ണിക്കണം. സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യുമോ എന്ന പേടി എം.ഡി രാജേന്ദ്രനില്‍ ഉടലെടുത്തു. തൃശൂര്‍ ഭാഷയില്‍ ഭരതന്റെ മറുപടി. ‘നീ അങ്ങ് വര്‍ണ്ണിച്ചോ, ഞാന്‍ എടുത്തോളാം’.
‘ശ്രീദേവിയെ അല്ലെ വര്‍ണിക്കേണ്ടത്?’ എന്ന കുസൃതി രാജേന്ദ്രന് ഭരതന്റെ നേര്‍ക്ക് ഇട്ടുകൊടുത്തു. ശ്രീദേവിയെ ഒന്നും കാണണ്ട, നീ നിന്റെ ഭാര്യയെ സങ്കല്‍പ്പിച്ച് എഴുതിയാല്‍ മതി എന്ന് ഭരതന്റെ മറു-കുസൃതി. എംഡി രാജേന്ദ്രന് കുറുനിരകളില്‍ തന്നെ തുടങ്ങി.
‘കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍’
അങ്ങനെ നെറ്റിയില്‍ നിന്ന് താഴേക്ക് ഇറങ്ങി സ്ത്രീ ശരീരത്തിലെ ഓരോ ഭാഗങ്ങളെയും പാട്ടില്‍ വര്‍ണിക്കുന്നു. പുരികങ്ങളെ അനംഗന്റെ ധനുസ്സായി ഉപമിച്ചിരിക്കുന്നതാണ് വിശേഷണങ്ങളില്‍ ഏറ്റവും മികച്ചത്.
‘കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍’
എന്ന വരി കേള്‍ക്കുമ്പോള്‍ തന്നെ പെണ്‍കുട്ടി ചിരിക്കുന്ന വാഗ്മയ ചിത്രം സ്രോതാവിന്റെ ചിന്തയില്‍ ജനിക്കുന്നു. ഇത് അതുപോലെ തന്നെ ഭരതന് ചിത്രീകരിച്ചിട്ടുമുണ്ട്. ഭരതന്റെ ഫ്രെയുമുകളില് ശ്രീദേവി കൂടെ ആകുമ്പോള്‍ പൂര്‍ണ്ണം. ദേവി വര്‍ണനയോടൊപ്പം സ്ത്രീ ശരീരത്തിന്റെ മാദകത്വവും സൗന്ദര്യാത്മകതയും സമന്വയിപ്പിക്കാന്‍ രാജേന്ദ്രന് കഴിഞ്ഞു എന്നത് പ്രശംസാര്‍ഹമാണ്.
എന്നാല്‍ രാജേന്ദ്രന് പേടിച്ചത് പോലെ സംഭവിച്ചു. സെന്‍സര്‍ ബോര്‍ഡ് പാട്ടിന്റെ കുസൃതി നിറഞ്ഞ വരികളില്‍ കത്രിക കൈകള്‍ വെച്ചു. ‘നാഭീതടവന നീലിമയോ’ എന്ന വരി മ്യൂട്ട് ചെയ്യാന്‍ പറഞ്ഞു. പക്ഷേ ബുദ്ധിമാനായ ഭരതന് പാട്ടിനെ കബന്ധമാക്കാന് തയ്യാറാല്ലായിരുന്നു. ഈ വരിയുടെ ഭാഗത്ത് മാത്രം ഫ്ളൂട്ട് ബിറ്റ് ചേര്‍ത്തു. പാട്ടില്‍ അത് മനോഹരമായി ഇടകലരുകയും ചെയ്തു. അതിനാല്‍ പടത്തിലൊരിക്കലും ആ വരി കേള്‍ക്കാനാവില്ല.
ദേവരാഗത്തിലെ മറ്റു പാട്ടുകള്‍ പോലെ ജനപ്രിയമായില്ലെങ്കിലും വരികളുടെ പൂര്‍ണതയ്ക്ക് കരിവരിവണ്ടുകള്‍ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. ജയചന്ദ്രന്റെ ശബ്ദത്തില്‍ ഒര്‍ജിനല്‍ ദേവിയുടെയും ശ്രീദേവിയുടെയും സൗന്ദര്യം ഇന്നും കാതുകളില്‍ മുഴങ്ങുന്നു.
പൂര്‍ണ്ണമായ വരികള്‍
കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള് നീര്മിഴികള്
മാന്തളിരധരം കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍.
Recent Comments