‘ഇന്നലെയാണ് ഞാനും ഭഗത് മാനുവലുംകൂടി അമ്പിളിച്ചേട്ടനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. പാര്‍വ്വതിയോട് (ജഗതി ശ്രീകുമാറിന്റെ മകള്‍) നേരത്തെ പറഞ്ഞ് സന്ദര്‍ശനാനുമതി വാങ്ങിയിരുന്നു.
ആക്സിഡന്റിനുശേഷം ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. വന്നു കണ്ടോട്ടെയെന്ന് വിളിച്ച് ചോദിക്കാന്‍ മടിയായിരുന്നു. കോവിഡ് സമയമാണല്ലോ. പോരാത്തതിന് അദ്ദേഹം ട്രീറ്റ്മെന്റിലുമാണ്. പുറത്തുനിന്ന് സന്ദര്‍ശകരെ അനുവദിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷേ അടുത്തിടെ അദ്ദേഹം സിബിഐയില്‍ അഭിനയിച്ചു. അദ്ദേഹത്തിനുവേണ്ടി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു. അമ്പിളിച്ചേട്ടന് പതിയേ അഭിനയജീവിതത്തിലേയ്ക്ക് മടങ്ങി എത്തിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണ്. പാര്‍വ്വതിയെ വിളിച്ച് അനുവാദം ചോദിക്കാന്‍ ധൈര്യമുണ്ടായത് അതുകൊണ്ടാണ്.
ഞങ്ങളുടെ കരിയര്‍ ആരംഭിച്ചതുതന്നെ അമ്പിളിച്ചേട്ടനോടൊപ്പമാണല്ലോ. മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബില്‍ അദ്ദേഹത്തോടൊപ്പം സ്ക്രീന്‍ സ്പെയ്സ് പങ്കിടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നവരാണ് ഞങ്ങള്‍. പിന്നീട് അതിനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായില്ലെങ്കിലും.
ഭഗത് മാനുവല്‍ മറ്റൊരു മേഖലയിലേയ്ക്കുകൂടി കാല് വയ്ക്കുകയാണ്. അതിനുമുമ്പ് അമ്പിളിച്ചേട്ടനെ കണ്ട് അനുഗ്രഹം വാങ്ങിക്കണമെന്ന് തോന്നി. അങ്ങനെയാണ് ഞങ്ങള്‍ രണ്ടുപേരും കൂടി അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തിയത്.
അഞ്ച് മിനിറ്റാണ് അദ്ദേഹത്തോടൊപ്പം ചെലവിട്ടത്. പക്ഷേ അത് ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ പകലായിരുന്നു. ആ ഒരു നിമിഷത്തിനുവേണ്ടിയാണ് കാത്തിരുന്നതും.’ അജു വര്‍ഗ്ഗീസ് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments