അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് മഗിഴ് തിരുമേനി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. പൊങ്കല്‍ റിലീസ് എന്ന രീതിയില്‍ ഡിസംബര്‍ ആദ്യം ചിത്രത്തിന്റെ ആദ്യത്തെ പ്രൊമോ എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
തമിഴകത്തെ ഉത്സവ സീസണായ പൊങ്കലിന് അജിത് കുമാറിന്റെ ചിത്രം റിലീസ് പ്രഖ്യാപിച്ച് മാറ്റാന്‍ കാരണമായത് തമിഴകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇതിന് ഏറ്റവും പ്രധാനമായും ഉയര്‍ന്നുവരുന്നത് ചിത്രത്തിന്റെ റീമേക്ക് റൈറ്റ് സംബന്ധിച്ച തര്‍ക്കമാണ്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയ സമയത്ത് ബ്രേക്ക് ഡൗണ്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകും വിടാമുയര്‍ച്ചി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. 1997 ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ബ്രേക്ക് ഡൗണ്‍. വിടാമുയര്‍ച്ചി ബ്രേക്ക് ഡൗണിന്റെ റീമേക്കാണോയെന്നതില് ഇതുവരെ സ്ഥിരീകരിക്കാത്ത വാര്‍ത്തകളും വരുന്നുണ്ട്.
പിന്നീടാണ് ചിത്രത്തിന്റ നിര്‍മ്മാതാക്കളായ പൗരമൗണ്ട് പിക്ചേഴ്സ് റീമേക്ക് അവകാശത്തിന്റെ പ്രതിഫലമായി വിടാമുയര്‍ച്ചി നിര്‍മ്മാതാക്കളില്‍നിന്നും വന്‍തുക ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ 125 കോടിയാണ് കേട്ടതെങ്കിലും, ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് 80 കോടിയെങ്കിലും വേണം എന്നാണ് പൗരമൗണ്ട് ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇതോടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണത്രെ. നീണ്ട ഷെഡ്യൂളുകളും മറ്റുമായി വലിയതുക ഇതിനകം നിര്‍മ്മാതാക്കളായ ലൈക്ക വിടാമുയര്ച്ചിക്കുവേണ്ട് ചെലവായിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോഴത്തെ പ്രശ്നത്തില്‍ ചര്‍ച്ച നടക്കുന്നതിനാലാണ് പ്രഖ്യാപിച്ച റിലീസ് അവര്‍ മാറ്റിയത് എന്നാണ് വിവരം.
റിലീസ് ചെയ്ത ശേഷം നിയമപരമായി മുന്നോട്ട് നീങ്ങാം എന്ന് മുന്‍പ് തീരുമാനിച്ചെങ്കിലും അത് വലിയ അപകടമാണ് എന്ന നിയമപരമായ മുന്നറിയിപ്പും ലൈക്കയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ പാരമൗണ്ടുമായി നിര്‍മ്മാണ പങ്കാളിത്ത കരാറിനാണ് ലൈക്ക ശ്രമിക്കുന്നത്. ഇത് പ്രകാരം ചിത്രത്തിന്റെ പ്രോഫിറ്റ് ഷെയര്‍ ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി ഹോളിവുഡ് നിര്‍മ്മാതക്കള്‍ പ്രതികരിച്ചില്ലെന്നാണ് വിവരം.
എന്തായാലും റീമേക്ക് തര്‍ക്കത്തില്‍ നല്ലൊരു റിലീസ് ഡേറ്റ് വിഡാമുയര്‍ച്ചിക്ക് നഷ്ടമായി എന്നാണ് കോളിവുഡിലെ സംസാരം. ചിലപ്പോള്‍ ഈ കുരുക്ക് പറഞ്ഞ പൈസ കൊടുത്തില്ലെങ്കില്‍ അനിശ്ചിതമായി നീണ്ടേക്കും എന്നാണ് വിവരം.
അതേ സമയം 2023 ല്‍ ഇറങ്ങിയ വിജയ് ചിത്രം ലിയോ ഇത് പോലെ തന്നെ ‘ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. എന്നാല്‍ അതിന്റെ നിര്‍മ്മാതാക്കള്‍ ബുദ്ധിപൂര്‍വ്വം ആ ചിത്രത്തിന്റെ ഒറിജിനല്‍ കോമിക്സിന്റെ പകര്‍പ്പവകാശം വാങ്ങിയാണ് ചിത്രം എടുത്തത്. അത്തരത്തില്‍ ഒരു നീക്കം ലൈക്ക പോലുള്ള വലിയൊരു പ്രൊഡക്ഷന്‍ ഹൗസ് ചെയ്തില്ല എന്നത് വലിയ മണ്ടത്തരമാണ് എന്നാണ് കോളിവുഡിലെ സംസാരം.
Recent Comments