‘മോന് എട്ട് മാസമേ ആകുന്നുള്ളൂ. അവന് പിച്ചവച്ച് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. മോനെ വച്ച് ഒരു പാട്ട് ചെയ്യണമെന്നുള്ളത് ആനന്ദിന്റെ (ഇന്ദുലേഖയുടെ ഭര്‍ത്താവ്) ആശയമായിരുന്നു. മോന് വളര്‍ന്നാലും അവനെ കാണാനും കേള്‍ക്കാനും കഴിയുമല്ലോ. സാധാരണ നമ്മള് എടുക്കാറുള്ള പടവും വീഡിയോയുമൊക്കെ ഫോണിലോ ലാപ്ടോപ്പിലോ ഒക്കെയാവും കിടക്കുക. കുറച്ച് കഴിയുമ്പോള്‍ അത് നഷ്ടമാമെന്നും വരാം. യൂട്യൂബ് പോലൊരു സോഷ്യല്‍മീഡിയയില്‍ ആകുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും അത് അവിടെയുണ്ടാകും.
കവറിംഗ് സോംഗ് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. ഒരു പുതിയ പാട്ട് ചെയ്യാന്‍ സുഹൃത്ത് കൂടിയായ ഗൗതം വിന്സന്റിനോടാണ് പറഞ്ഞത്. ഗൗതമിന്റെ അമ്മ ജോസിമ ഷാജിയാണ് ഇതിലെ വരികള്‍ എഴുതിയിരിക്കുന്നത്. ജോസിയാന്റി ഒരു മലയാള അദ്ധ്യാപികയാണ്. ആന്റിയോട് ഞാനൊരു താരാട്ട് പാട്ടാണ് ആവശ്യപ്പെട്ടത്. ‘ചാഞ്ചാട് ഉണ്ണി, ചെരിഞ്ഞാട് ഉണ്ണി’എന്ന പഴയ പാട്ടാണ് റഫറന്‍സായി നല്‍കിയത്. താരാട്ട് പാട്ട് ലളിതവും ആര്‍ക്കും പാടാന്‍ കഴിയുന്നതുമായിരിക്കണമെന്നും പറഞ്ഞു. ആന്റി അതിനേക്കാളും മനോഹരമായി എഴുതിത്തന്നു. ഗൗതം മ്യൂസിക് ഇട്ടശേഷമാണ് ആന്റി എഴുതിയത്. അവിടെയും ഒരു അമ്മയുടെയും മകന്റെയും ഒത്തുചേരലാണ് നടന്നത്.
സെല്ലുലോയിഡ് ജംഗ്ഷനിലെ സനുറെജിയാണ് ആ ഗാനം വിഷ്വലൈസ് ചെയ്തത്. എല്‍ദോസായിരുന്നു ക്യാമറാമാന്. ചേരാനെല്ലൂരിനടുത്തുള്ള ഒരു നാലുകെട്ട് വീട്ടില്‍വച്ചായിരുന്നു ഷൂട്ടിംഗ്. ഒറ്റ ദിവസംകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. ‘ഉണ്ണിക്കുറങ്ങാന്‍’ എന്ന ടൈറ്റിലോടെ ആ ഗാനം പുറത്തിറങ്ങിയപ്പോള്‍ മമ്മൂക്കയും ഔസേപ്പച്ചന് സാറും മനോജേട്ടനും (മനോജ് കെ. ജയന്) ടൊവിനോ തോമസും അടക്കമുള്ളവര്‍ അത് പങ്കുവച്ചിരുന്നു. ആ പാട്ട് കേട്ടിട്ട് അനവധിപ്പേരാണ് നേരിട്ടും അല്ലാതെയും വിളിച്ച് അഭിനന്ദിച്ചത്. എന്നെപ്പോലെ അമ്മമാരായ ചിലര്‍ വിളിച്ച് പറഞ്ഞത് അവരുടെ കുഞ്ഞിനെ ഇന്നീ പാട്ട് പാടി ഉറക്കിയെന്നാണ്. അതിന്റെ ഫോട്ടോയും അവര്‍ അയച്ചുതന്നു. അത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ സന്തോഷമായി. ഞാന്‍ ആഗ്രഹിച്ചതിനേക്കാളും ആ പാട്ട് റീച്ചായിരിക്കുന്നു. എനിക്കും എന്റെ മകനെ, അവനിനി എത്ര മുതിര്‍ന്നാലും ഈ കുഞ്ഞുപ്രായത്തില്‍ കാണാമല്ലോ. ഇത് എന്റെ മോന് വേണ്ടിയുള്ള പാട്ടാണ്.’ ഇന്ദുലേഖ കാന്‍ ചാനലിനോട് പറഞ്ഞു.
പ്രശസ്ത നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരുടെ മകളാണ് പിന്നണിഗായിക കൂടിയായ ഇന്ദുലേഖ വാര്യര്‍. സാരംഗ് ലേഖാ ആനന്ദാണ് ഇന്ദുലേഖയുടെ മകന്. ആനന്ദ് അച്യുതന്‍കുട്ടി ഭര്‍ത്താവുമാണ്.
Recent Comments