ഇന്ത്യന്‍ സംഗീത ലോകത്ത് നിറഞ്ഞു നിന്നപ്പോഴാണ് എസ്.പി.ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട്. അത് സിനിമാലോകത്തെ മാത്രമല്ല ഭാഷാഭേദമെന്യേ എല്ലാ സംഗീതാസ്വാദകരെയും തീരാദുഃഖത്തിലുമാക്കിയിരുന്നു.
യേശുദാസിന്റെയും എസ്.പി.ബിയുടെയും ബന്ധത്തിന്റെ ദൃഢത എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. അവരുടെ കുടുംബങ്ങള്‍ തമ്മിലും അത് നിലനിര്‍ത്തുന്നു. എസ്.പി.ബിയുടെ മകന് എസ്.പി.ബി ശരണും വിജയ് യേശുദാസും ആ ബന്ധത്തിന്റെ യുവതലമുറയിലെ കണ്ണികളാണ്. എസ്.പി.ബിയെക്കുറിച്ച് യേശുദാസും മറിച്ചും പറയുമ്പോള്‍ ഇവര്‍ക്ക് നൂറു നാവായിരുന്നു.
താന്‍ വെറുമൊരു ഗായകന് മാത്രമല്ല, നല്ലൊരു അഭിനേതാവും അതിലുപരി സംഗീതജ്ഞനുമാണെന്ന് ഏറെ തെളിയിച്ചിട്ടുള്ള ആളാണ് ബാലസുബ്രഹ്മണ്യം. 1979 ല്‍ പുറത്തിറങ്ങിയ തുര്‍പ്പ് വെള്ളൈ റെയില്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ സംഗീതസംവിധാനം നിര്‍വ്വഹിച്ച് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നാല്‍പ്പതോളം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. അതില്‍ ഒട്ടുമിക്കതും അക്കാലത്തെ ഹിറ്റുകളംമായിരുന്നു.
അത്തരത്തില്‍ ഹിറ്റാവുകയും ഇന്നും തമിഴകം കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഗാനമുണ്ട്. നമ്മുടെ ഗാനഗന്ധര്വ്വന് ആലപിച്ച ‘അഗരം ഇപ്പം സിഗരം ആച്ച്…’ എന്ന ഗാനം. സിഗരം എന്ന ചിത്രത്തിലൂടെ എസ്.പി.ബിയുടെ സംഗീതസംവിധാനത്തില്‍ ഉരുത്തിരിഞ്ഞ ഈ പാട്ട് അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഇളയരാജയെപ്പോലെ ഒരു ഇസൈജ്ഞാനി തമിഴകത്ത് നിറഞ്ഞുനില്ക്കുന്ന കാലമാണെന്നുകൂടി ഓര്‍ക്കണം. മാത്രമല്ല, ആ ചിത്രത്തില്‍ ദാമോദര്‍ എന്ന നായകവേഷവും അദ്ദേഹം നന്നായി അവതരിപ്പിച്ചു. കവിതാലയുടെ ബാനറില്‍ കെ. ബാലചന്ദര്‍ നിര്‍മ്മിച്ച ചിത്രത്തിന് സംവിധായകന് അനന്തുവായിരുന്നു. രാധയും രേഖയുമായിരുന്നു നായികമാര്‍. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയെടുത്ത ചിത്രമായിരുന്നു സിഗരം.
ഈ പാട്ടിനെക്കുറിച്ച് യേശുദാസ് 2019 ല്‍ ഇരുവരും ചേര്‍ന്ന് സിങ്കപ്പൂരില്‍വച്ച് നടത്തിയ സംഗീതവിരുന്നില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ‘എന്റെ അനിയന് നല്ലൊരു പാട്ടുണ്ടാക്കിയിട്ട് ഈ അണ്ണനെ ഓര്‍ത്തല്ലോ. വളരെ നല്ല മെലഡിയാണ് ഈ പാട്ടിന്റെ പ്രത്യേകത. ഞാന്‍ ഈ പാട്ട് പാടുമ്പോള്‍ വളരെ ഈസിയാണെന്ന് തോന്നും. പക്ഷേ, എന്നെ ശരിക്കും വെള്ളം കുടിപ്പിച്ചു. പല്ലവി കഴിഞ്ഞിട്ട് ചരണം എടുത്തപ്പോള്‍ ഏറെ ബുദ്ധിമുട്ടിയത് എനിക്ക് മാത്രമേ അറിയൂ.’ ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത് ആ നിറസദസ്സിനെ ഇളക്കിമറിച്ചതും വീഡിയോയിൽ കാണാം. ‘എന്റെ അനുജന് ബാലുവിന്റെ ഈ പാട്ട് ഒരുകാലത്തും മായില്ല; മറക്കാനും കഴിയില്ല’.
യേശുദാസിന്റെ ആ വാക്കുകള്‍ സത്യം തന്നെയാണെന്ന് കാലം തെളിയിക്കുന്നു. അല്ലെങ്കില്‍ 31 വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മളും ആസ്വദിക്കുന്നു ‘അഗരം ഇപ്പം സിഗരം ആച്ച് ‘.
Recent Comments