എംടിയുടെ കഥകളളെ ആസ്പദമാക്കി സീ 5-ല്‍ റിലീസായ ആന്തോളജിയാണ് മനോരഥങ്ങള്‍ . സന്തോഷ് ശിവന് സംവിധാനം ചെയ്ത അഭയം തേടി വീണ്ടും എന്ന കഥയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മോഡലും നടിയുമായ ഇഷിത് യാമിനിയാണ് . സിദ്ദിഖാണ് ചിത്രത്തിലെ നായകന് . കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇഷിത് യാമിനി .
സന്തോഷ് ശിവനുമായുള്ള അനുഭവം എങ്ങനെയായിരുന്നു?
മികച്ച ഛായാഗ്രാഹകന്‍, സംവിധായകന് എന്നീ നിലകളില്‍ പ്രശസ്തനായ സന്തോഷ് ശിവന് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നത് അസാധാരണമായ ഒരു അനുഭവമായിരുന്നു . അദ്ദേഹം ഒരു തികഞ്ഞ പ്രൊഫഷണലാണ്.അഭിനയത്തിലും സിനിമയുടെ മൊത്തത്തിലുള്ള രൂപത്തിലും സ്വാഭാവികതയ്ക്ക് ഊന്നല്‍ നല്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റെത്. സൂക്ഷ്മമായ വികാരങ്ങള്‍ക്ക് മുന്‍ഗണന നല്കി ഓവര്‍-ദി-ടോപ്പ് എക്സ്പ്രഷനുകള്‍ ഒഴിവാക്കിക്കൊണ്ട് ഓര്‍ഗാനിക്കായ ഒരു പ്രകടനം നടത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത് .
സന്തോഷ് സാറിന്റെ അര്‍പ്പണബോധവും പ്രൊഫഷണലിസവും അഭിനയത്തോടുള്ള എന്റെ സമീപനത്തെ സ്വാധീനിച്ചു.അദ്ദേഹം വെളിച്ചവും നിഴലും നിറവും എങ്ങനെ സംയോജിപ്പിച്ച് ഉപയോഗിക്കുന്നു എന്ന് ഞാന്‍ സെറ്റില്‍ നിന്ന് നോക്കി കണ്ടു. പരമ്പരാഗതവും ആധുനികവുമായ സാങ്കേതിക വിദ്യകള്‍ അദ്ദേഹം സമന്വയിപ്പിക്കുന്നത് ശരിക്കും കൗതുകകരമായിരുന്നു . സന്തോഷ് സാറില്‍ നിന്ന് കിട്ടിയ ഈ പാഠങ്ങളും പ്രചോദനങ്ങളും എന്റെ കരിയറില്‍ ഉടനീളം എന്നോടൊപ്പം നിലനില്ക്കും.
എന്നെ സന്തോഷ് സാറിന് പരിചയപ്പെടുത്തി കൊടുത്ത അന്തരിച്ച സംഗീത് ശിവന് സാറിനെ ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നു . സംഗീത് സാര്‍ വഴിയാണ് എനിക്ക് ഈ പ്രോജക്റ്റ് ലഭിച്ചത്. ഈ ചിത്രം കാണാന്‍ അദ്ദേഹം ( സംഗീത് ശിവന്) ഇല്ലല്ലോ എന്ന വിഷമവും ഇതോടൊപ്പം ഞാന്‍ പങ്കുവെക്കുന്നു.
എംടിയേക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ?
എംടി സാറിനെ കുറിച്ച് എനിക്കൊരു ചെറിയ ധാരണയേ ഉണ്ടായിരുന്നുള്ളൂ. പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ അച്ഛനുമായി സംസാരിച്ചു. എംടി സാറിനെയും അദ്ദേഹത്തിന്റെ രചനകളും അച്ഛന് നന്നായി അറിയാമായിരുന്നു, കാരണം എന്റെ അച്ഛനും ഒരു എഴുത്തുകാരനാണ്.മലയാള സാഹിത്യത്തിലും സിനിമയിലും എം ടി സാറിന്റെ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് എനിക്ക് സ്വപ്ന തുല്യമായ അവസരമായിരുന്നു. അദ്ദേഹത്തിന്റെ കഥപറച്ചില്‍ പലപ്പോഴും സങ്കീര്‍ണ്ണമായ മാനുഷിക വികാരങ്ങളും ബന്ധങ്ങളും ഇടകലരുന്നതാണ് .ഇത് ഏതോരു നടനെയും അഭിനയത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു വെല്ലുവിളിയാണ്. എം ടി സാറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവതിയാണ് .
സിദ്ദിഖ് എന്ന മുതിര്‍ന്ന സഹനടന്‍ എങ്ങനെയുണ്ടായിരുന്നു?
സിദ്ദിഖ് സാറിനെ ഞാന്‍ സെറ്റില്‍ വെച്ച് പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയും പ്രൊഫഷണലിസവും ശരിക്കും പ്രചോദനം നല്കുന്നവയായിരുന്നു. ഓരോ സീനിന് വേണ്ടി അദ്ദേഹം തയ്യാറെടുക്കുന്നത് എനിക്ക് നേരിട്ട് കാണാനായി . അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം വേറിട്ടതാണ് . ഒരു പുതുമുഖം എന്ന നിലയില്‍ എല്ലാവരില്‍ നിന്നും എനിക്ക് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ലഭിച്ചു. സെറ്റില്‍, അഭിനയത്തെക്കുറിച്ച് മാത്രമല്ല, പ്രൊഫഷണലിസം നിലനിര്‍ത്തുന്നതിനെക്കുറിച്ചും പഠിക്കാന്‍ കഴിഞ്ഞു .
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച്?
ഇത് വളരെ സെന്‍സിറ്റീവായ വിഷയം ആണ്, എല്ലാവര്ക്കും വ്യത്യസ്ത അനുഭവങ്ങളുണ്ട്. മോഡലിംഗ് സമയത്തായാലും അഭിനയത്തിനിടയിലായാലും എനിക്ക് കേരളത്തില്‍ നിന്ന് നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലുള്ളവര്‍ അവിശ്വസനീയമാംവിധം സ്നേഹസമ്പന്നരാണ് , ആ സ്നേഹം ഞാന്‍ മറ്റെവിടെയും അനുഭവപ്പെട്ടിട്ടില്ല. പ്രശ്നങ്ങള്‍ എല്ലായിടത്തും നിലനില്‍ക്കുന്നുണ്ടെങ്കിലും, ചില സംഭവങ്ങള്‍ കാരണം മുഴുവന്‍ സിനിമ മേഖലയും പഴി കേള്‍ക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്.
നെഗറ്റീവ് അനുഭവങ്ങളെ ഗൗരവമായി അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. സിനമയില്‍ നിരവധി നല്ല ആളുകളുമുണ്ടെന്ന് എന്റെ അനുഭവങ്ങള്‍ എടുത്തുകാണിക്കുന്നു. ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇത്തരം നല്ല അനുഭവങ്ങളും ചേര്‍ന്നതാണ് സിനിമ എന്ന ധാരണ പൊതുജനങ്ങളിലേക്ക് എത്തേണ്ടതുണ്ട് .
മലയാളത്തില്‍ പുതിയ പ്രോജക്ടുകള്‍?
എന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ല. എന്നാല്‍ സമാന ചിന്താഗതിക്കാരായ ആളുകളുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ മലയാളം പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. മനോരഥങ്ങളില്‍ എനിക്ക് ഡൈലോഗുകള്‍ ഇല്ല . ഇനിയുള്ള ചിത്രങ്ങളില്‍ മലയാളം ഡൈലോഗുകള്‍ പറഞ്ഞ് അഭിനയിക്കാനും എനിക്ക് ആഗ്രഹമുണ്ട് .
കഴിഞ്ഞ ആറ് വര്‍ഷമായി, മുംബൈയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇഷിത് ക്യാമ്പസ് പ്രിന്‍സസ് (ഫെമിന മിസ് ഇന്ത്യ), മിസ് മാക്സിം ഇന്ത്യ തുടങ്ങിയ മത്സരങ്ങളിലൂടെയാണ് തന്റെ മോഡലിംഗ് ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബമായതിനാല്‍ മാതാപിതാക്കള്‍ക്ക് ആദ്യം ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇഷിത് സിനിമ തന്നെ കരിയറായി തിരഞ്ഞെടുത്തു . സെഫോറ, ലാക്മെ, ജാവ മോട്ടോര്‍സൈക്കിള്‍സ്, വെസ്റ്റ്സൈഡ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, സണ്സില്ക്ക്, നൈകാ, ആമസോണ്‍ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ക്കൊപ്പം മോഡലിങ്ങിന്റെ ഭാഗമായി ഇഷിത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Recent Comments