ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥ മൂലം മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മുനിസിപ്പല്‍ കോര്‍പറേഷനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്. പോലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു.
ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്മെന്റിലെ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചത്. മൂന്ന് പേരില്‍ ഒരാള്‍ മലയാളിയാണ്. എറണാകുളം സ്വദേശി നവീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്നലെ (ജൂലൈ 27) രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെന്റില്‍ കുടുങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. നവീന്‍ പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിനിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയുമാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും രാത്രി വൈകിയാണ് നവീന്റെ മൃതദേഹവും കണ്ടെത്തിയത്.
സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. ഇവര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഡല്‍ഹി സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുമെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച സ്വാതി മലിവാള്‍ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയടക്കം പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി. വിദ്യാര്‍ത്ഥികളുമായി പോലീസ് ചര്‍ച്ച നടത്തുകയാണ്. ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
Recent Comments