വളരെ കാലപ്പഴക്കം ചെന്ന ഒരു ബ്ലാക്ക് & വൈറ്റ് ചിത്രമാണിത്. പഴമ ആ ചിത്രത്തെ ബാഹ്യമായി കാര്‍ന്നുതിന്നു തുടങ്ങിയെങ്കിലും അതിലെ ദൃശ്യത്തിന് നിത്യയൗവ്വനം തന്നെയാണ്, ഇനി എത്ര നാള് കഴിഞ്ഞാലും.
ഇക്കാലത്ത് അങ്ങനെയുള്ള കൂട്ടായ്മകളെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. ലൊക്കേഷനുകളില്പോലും മാധ്യമങ്ങള്‍ക്ക് വിലക്കുള്ള കാലമാണ്. അവര്‍ തരുന്ന ചിത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന വാശിയിലാണ്. പണ്ട് ഇങ്ങനെയായിരുന്നില്ല. ലൊക്കേഷനുകളില്‍ യഥേഷ്ടം കയറി ചിത്രങ്ങളെടുക്കാം. ഏത് കോമ്പിനേഷനുകളും പരീക്ഷിക്കാം. അതിന് താരങ്ങള്‍തന്നെ തയ്യാറായി മുന്നോട്ട് വരുമായിരുന്നു. അതുകൊണ്ടുതന്നെ കാലത്തെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും കഴിഞ്ഞിരുന്നു.
ചിത്രത്തില്‍ കാണുന്നത് കമലഹാസനെയും എം.ജി. സോമനെയും സുരേഷ്ഗോപിയെയും ഐ.വി. ശശിയെയും ശ്രീനാഥിനെയുമാണ്. 1987 കാലഘട്ടം. ഐ.വി. ശശി സംവിധാനം ചെയ്ത വ്രതം എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് കൊച്ചിയില്‍വച്ചായിരുന്നു. പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് മദ്രാസിലും.
കൊച്ചിയിലെ ബി.ടി.എച്ച്. ഹോട്ടലിലാണ് താരങ്ങള്‍ക്കടക്കം താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. സുഭാഷ് പാര്‍ക്കിനോട് ചേര്‍ന്നുള്ള റോഡിലായിരുന്നു ഷൂട്ടിംഗ്. വളരെ വൈകിയാണ് അന്ന് ഉച്ചബ്രേക്കിന് പിരിഞ്ഞത്. ഈ സമയം വിശ്രമിക്കാന്‍ എം.ജി. സോമന്റെ റൂമിലെത്തിയതായിരുന്നു സംവിധായകന് ഐ.വി. ശശിയും വ്രതത്തിലെ നായകന് കമല്‍ഹാസനും സഹതാരങ്ങളായ എം.ജി. ജോമനും സുരേഷ്ഗോപിയും ശ്രീനാഥും അടക്കമുള്ളവര്‍. കമലിന്റെ ദേഹത്തോട് ചേര്‍ന്ന് കൈകുത്തി കിടക്കുകയാണ് എം.ജി. സോമന്. കട്ടിലില്‍ ചാരിയിരിക്കുന്നത് ഐ.വി. ശശിയും. അവരോട് ചേര്‍ന്ന് സുരേഷ്ഗോപിയും ശ്രീനാഥും. അവര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പങ്ങളില്ല. കലാകാരന്മാര് മാത്രം. ആ സ്വകാര്യ ഇടങ്ങളിലേയ്ക്ക് പോലും കയറി പടങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്ന കാലം.
ഇന്ന് ഐ.വി. ശശിയും സോമനും ശ്രീനാഥും നമ്മോടൊപ്പമില്ല. കമല്ഹാസന് ഉലകനായകനായി വാഴുന്നു. മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരമായി സുരേഷ്ഗോപിയും.
ഓരോ ഷോട്ട് കഴിയുമ്പോഴും കാരവനുകളെ അഭയം പ്രാപിക്കുന്ന ഇന്നത്തെ താരങ്ങള്‍ക്ക് ഈ കൂട്ടായ്മയുടെ മഹത്വം മനസ്സിലായിക്കൊള്ളണമെന്നില്ല. വരുംതലമുറയ്ക്ക് അവരെ ഓര്‍ത്തെടുക്കാന്‍ ഒരു നല്ല നിശ്ചലദൃശ്യംപോലും അവശേഷിച്ചുവെന്നും വരില്ല.
Recent Comments