ഉദയകൃഷ്ണ ഫോണെടുക്കുമ്പോള്‍, ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ബഹളങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
ലൊക്കേഷനില്‍ തന്നെയാണോ?
അതെ. ഒരു മാസമായി ലൊക്കേഷനില്‍ തന്നെയാണുള്ളത്. ശക്തമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പുറത്ത് എവിടേയും പോകാനാവില്ല. എന്റെ മാത്രമല്ല, ഷൂട്ടിംഗ് ക്രൂസിന്റെ മുഴുവന്‍ അവസ്ഥ ഇതാണ്. സാധാരണഗതിയില്‍ ഷൂട്ട് ചെയ്യുന്ന ലൊക്കേഷന്‍ മാത്രമാണ് വാടകയ്ക്ക് എടുക്കാറുള്ളത്. ഇവിടെ അങ്ങനെയല്ല, ലൊക്കേഷനോട് ചേര്‍ന്ന സ്ഥലം ഉള്‍പ്പെടെ ഹൈയര്‍ ചെയ്യുകയാണ്. പുറത്ത് നിന്നുള്ളവരുടെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ ഇതുമാത്രമാണ് വഴി. അല്‍പ്പം എക്സ്പെന്‍സീവാണ്. എങ്കിലും ഷൂട്ടിംഗ് മുടക്കം കൂടാതെ നടക്കുമല്ലോ.
ആര്‍ക്കെങ്കിലും അത്യാവശ്യമായി പുറത്തു പോകണമെന്നുണ്ടെങ്കില്‍, തിരിച്ചു കയറുന്നതിനുമുമ്പ് കോവിഡ് ടെസ്റ്റ് നിര്‍ബ്ബന്ധമാണ്. അങ്ങനെ പത്തും പതിനഞ്ചും കോവിഡ് ടെസ്റ്റുകള്‍ നടത്തിയവര്‍വരെ ലൊക്കേഷനില്‍ ഉണ്ട്. ആര്‍ട്ടിസ്റ്റുകളും ഈ നിയമം കര്‍ശനമായി പാലിക്കണം.
വര്‍ഷങ്ങള്‍ക്കുമുമ്പ് ടി. ദാമോദരന്റെ തിരക്കഥയില്‍ ‘ആറാട്ട്’ എന്ന പേരില്‍ ഐ.വി. ശശി ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണോ നിങ്ങളുടെ ടൈറ്റില്‍ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാക്കിയത്?
അല്ല, ആറാട്ട് എന്ന സിനിമ ഞാനും കണ്ടിട്ടുണ്ട്. ഉത്സവപറമ്പുകളും അവിടെ കമ്പം കെട്ടുന്നവരുടെ ജീവിതവുമൊക്കെയായി ബന്ധപ്പെട്ട സിനിമയാണത്. അങ്ങനെയൊരു ആറാട്ടല്ല, ഈ സിനിമയുടെ പ്രതിപാദ്യവിഷയം. നെയ്യാറ്റിന്‍കര ഗോപന് എന്ന നായകകഥാപാത്രത്തിന്റെ ജീവിതാഘോഷങ്ങളും അയാളുടെ മാസുമൊക്കെയാണ്. അതുകൊണ്ടാണ് ടാഗ് ലൈനായി നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന് എടുത്തു പറഞ്ഞത്.
ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍തന്നെ മറ്റ് ചിലരും ഈ സാമ്യത ചൂണ്ടിക്കാട്ടിയിരുന്നു. അല്ലെങ്കിലും പഴയ സിനിമകളുടെ പേര് ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല. അവരുടെ അനുമതി വാങ്ങിക്കണമെന്നുമാത്രം.
എങ്ങനെയുണ്ട് നെയ്യാറ്റിന്‍കര ഗോപന്റെ ഇതുവരെയുള്ള ആറാട്ട്?
കഴിഞ്ഞ ഒരു മാസമായി ആ ആറാട്ട് കണ്ടുകൊണ്ടിരിക്കുകയല്ലേ. ഒന്നൊന്നര ആറാട്ടാണത്.
ഷൂട്ടിംഗ് എന്ന് പൂര്‍ത്തിയാകും?
ജനുവരി അവസാനംവരെ പോകും. ഇപ്പോള്‍ പാലക്കാടും പരിസരപ്രദേശങ്ങളിലുമായിട്ടാണ് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ വര്‍ക്ക് കഴിഞ്ഞാല്‍ ഒറ്റപ്പാലത്തേയ്ക്ക് പോകും. ഒരു ഗാനചിത്രീകരണത്തിനായി ഊട്ടിയിലേക്കും. അതു കഴിഞ്ഞാല്‍ ഒരു ഷെഡ്യൂള്‍ ബ്രേക്ക് എടുക്കുന്നുണ്ട്. അവശേഷിക്കുന്ന ഭാഗങ്ങള്‍ എറണാകുളത്ത് ഷൂട്ട് ചെയ്യും.
Recent Comments