സംവിധായകന്, നടന്, നോവലിസ്റ്റ്, പത്രാധിപര്‍, ചിത്രകാരന്, പ്രാസംഗികന് എന്നീ നിലകളിലെല്ലാം തിളക്കമാര്‍ന്ന വ്യക്തിമുദ്ര ചാര്‍ത്തി കടന്നുപോയ ജേസി എന്ന ജെ. സി. കുറ്റിക്കാട്ട് വിട പറഞ്ഞിട്ട് ഇന്നേക്ക് (10.04.2025) 24 വര്‍ഷം തികയുന്നു.
ശാപമോക്ഷം, അഗ്നിപുഷ്പം, അശ്വതി, സിന്ദൂരം, ചന്ദനച്ചോല, അവള് വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, രക്തമില്ലാത്ത മനുഷ്യന്, തുറമുഖം, താറാവ്, അകലങ്ങളില്‍ അഭയം, ഒരു വിളിപ്പാടകലെ, പുഴ, ആഗമനം, രാജാങ്കണം, എതിരാളികള്‍, നിഴല്‍ മൂടിയ നിറങ്ങള്‍, വീട് ഒരു സ്വര്‍ഗം, ദൂരം അരികെ, എഴുനിറങ്ങള്, പവിഴമുത്ത്, ഇവിടെ എല്ലാവര്ക്കും സുഖം, ഈറന്‍ സന്ധ്യ, നീയെത്ര ധന്യ, അടുക്കാന്‍ എന്തെളുപ്പം, സരോവാരം, അകലത്തെ അമ്പിളി, ഒരു സങ്കീര്‍ത്തനം പോലെ, പുറപ്പാട് തുടങ്ങി മുപ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ജയനെ ഒരു ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ കൊണ്ടുവന്നത് ജേസിയാണ്. ചിത്രം ശാപമോക്ഷം. പ്രേംനസീര്‍, മധു, സോമന്,സുധീര്‍, സുകുമാരന്‍, വിന്‍സെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സത്യന് അന്തിക്കാട്, പി. ചന്ദ്രകുമാര്‍, കെ. മധു, സിദ്ദിഖ് ഷമീര്‍ തുടങ്ങിയ പ്രമുഖ സംവിധായകര്‍ പലരും അദ്ദേഹത്തിന്റെ ശിഷ്യരാണ്.
കുടുംബ ബന്ധങ്ങളുടെ കഥ ആര്‍ദ്രമായി പറഞ്ഞ ജേസിച്ചിത്രങ്ങളിലെ ഗാനങ്ങളേറെയും മലയാളികള്‍ നെഞ്ചേറ്റിയവയാണ്. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍…, ശാന്തരാത്രി തിരുരാത്രി…, തിരയും തീരവും ചുംബിച്ചുറങ്ങി…, ഒരു നിമിഷം തരൂ നിന്നിലലിയാന്‍… തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണങ്ങള്‍. തോമസ് പിക്ച്ചേഴ് സിന്റെ ഭൂമിയിലെ മാലാഖ (തിരക്കഥ, അഭിനയം, സഹസംവിധാനം), മാന്‍പേട (നായകന്), ഒരു സുന്ദരിയുടെ കഥ, കള്ളിച്ചെല്ലമ്മ, അള്ളാഹു അക്ബര്‍ (നായകന്), അടിമകള്‍, ഏഴു രാത്രികള്‍ (നായകന്), രാത്രിവണ്ടി, എറണാകുളം ജങ്ക്ഷന്, അഴിമുഖം, നിഴലാട്ടം, ഗംഗാസംഗമം, കുട്ട്യേടത്തി, അസ്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ആദ്യകാലങ്ങളില്‍ ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രത്തില്‍ നായക നടനായിരുന്നു. സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ സ്വന്തം നാടക സമിതിയും സ്ഥാപിച്ചിരുന്നു. മുള്‍ക്കിരീടം, അലയാഴി, ചുവന്ന കുറുക്കന്റെ മട, വണ്ടിക്കാളകളും സൂര്യകാന്തിപ്പൂക്കളും തുടങ്ങിയ നോവലുകള്‍ എഴുതി. ഒട്ടേറെ ചെറുകഥകളും. സോഷ്യല്‍, ബൈബിള്‍ നാടകങ്ങള്‍ സംവിധാനം ചെയ്തു. ദൂരദര്‍ശനു വേണ്ടി സംവിധാനം ചെയ്ത കുതിരകള്‍,മോഹപക്ഷികള്‍ സീരിയലുകള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മാക്ട സാംസ്കാരിക സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ‘വര്‍ണ്ണശാല’ എന്ന മാസികയിലൂടെ മലയാള ചലച്ചിത്ര പ്രസിദ്ധീകരണ രംഗത്ത് ആദ്യമായി വര്‍ണ്ണം കൊണ്ടുവന്നത് ജേസിയാണ്.
2001 ഏപ്രില്‍ 10 ന് നിര്യാതനായി.
ബഹുമുഖ പ്രതിഭക്ക് പ്രണാമം.
Recent Comments