ഇന്ന് (മെയ് 21) ലോക തേയില ദിനം. ചായ കുടിക്കാത്തവര്‍ വിരളമാണ്. ചായ പ്രേമികള്‍ ലോകത്ത് എല്ലായിടങ്ങളിലുമുണ്ട്. ഒരു കപ്പ്വിത്തിലുള്ളതിനേക്കാള് ആന്റി ഓക്സിഡന്റ് കൂടുതലുള്ള പാനീയമാണ് ചായ. പച്ചവെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ചായയാണ്.
അരനൂറ്റാണ്ടോളം എല്ലാ ദിവസവും 20-30 ഗ്ലാസുകള്‍ ചായ കുടിച്ചിരുന്ന ഒരു മലയാളിയുണ്ട്. തലശ്ശേരിക്കാരനായ അദ്ദേഹം വിശ്വ പൗരനായിരുന്നു. ഇന്ത്യയുടെ നയതന്ത്ര മേഖലയിലെ സുപ്രധാന വ്യക്തിത്വമായിരുന്ന വി കെ കൃഷ്ണമേനോന് ആയിരുന്നു അത്.
ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായും ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ പരാജയത്തെ തുടര്‍ന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് എട്ട് മണിക്കൂറാണ് കൃഷ്ണമേനോന് ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചത്. അതൊരു ഗിന്നസ് റെക്കാര്‍ഡാണ്. അത് ആരും തിരുത്തിയിട്ടിയില്ല. വി കെ കൃഷ്ണമേനോന്റെ അവസാന വാക്കുകളായി പറയപ്പെടുന്നത് ഇങ്ങനെയാണ്: ‘എനിക്ക് ഒരു കപ്പ് ചായ തരൂ. അത് ചിലപ്പോള്‍ എന്റെ അവസാനത്തേതായിരിക്കാം’ അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റി. അവസാനത്തെ ചായ കുടിച്ചാണ് കൃഷ്ണമേനോന് വിടവാങ്ങിയത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വര്‍ഷവും മെയ് 21 നാണ് അന്താരാഷ്ട്ര ചായ ദിനം ആചരിക്കുന്നത്. 2019 ഡിസംബര്‍ 21 നാണ് പ്രമേയം അംഗീകരിച്ചത്. 2015-ല്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരമായിരുന്നു ഇത്. ദിനാചരണത്തിന് നേതൃത്വം നല്കാന് ഐക്യരാഷ്ട്ര സഭ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനോട് (എഫ്എഒ) ആഹ്വാനം ചെയ്തിരുന്നു. അതുവരെ ഡിസംബര്‍ 15 ആയിരുന്നു ചായദിനം ആഘോഷിച്ചിരുന്നത്. മിക്ക രാജ്യങ്ങളിലും തേയില ഉത്പാദന സീസണ് തുടങ്ങുന്നത് മേയിലായതുകൊണ്ടാണ് മേയ് 21 ലേക്ക് ലോക തേയില ദിനം മാറ്റിയത്.
ലോകമെമ്പാടുമുള്ള ചായയുടെ നീണ്ട ചരിത്രത്തെക്കുറിച്ചും ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് അന്താരാഷ്ട്ര ചായ ദിനംകൊണ്ട് ലക്ഷ്യമിടുന്നത്.
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം, ഇന്തോനേഷ്യ, ബംഗ്ലാദേശ്, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാന്‍സാനിയ തുടങ്ങിയ തേയില ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ 2005 മുതല്‍ ഡിസംബര്‍ 15 ന് ഒരു അന്താരാഷ്ട്ര തേയില ദിനം ആഘോഷിച്ചു.
ഇന്ത്യ തേയില ഉല്‍പ്പാദനത്തില്‍ മുന്നിലാണെങ്കിലും ചായ കുടിയില്‍ പിന്നോക്കമാണ്. ഇപ്പോള്‍ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചായ ഇന്ത്യക്കാര്‍ കുടിച്ചാല്‍ തേയില ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ ബ്രിട്ടീഷുകാരാണ് തേയില ഉല്‍പ്പാദനം തുടങ്ങിയത്. വനങ്ങള്‍ വെട്ടിത്തെളിച്ച് മരങ്ങള്‍ കടത്തി കൊണ്ടുപോകുകയായിരുന്നു ഇതുവഴി ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത്. അങ്ങനെയാണ് മൂന്നാറില്‍ ബ്രിട്ടീഷുകാര്‍ തേയില തോട്ടം തുടങ്ങിയത്. പിന്നീട് കണ്ണന്‍ദേവന്‍ തേയിലയായി. ഇപ്പോള്‍ കണ്ണന് ദേവന്റെ ഉടമ ടാറ്റയാണ്.
ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഒന്നാമത് ചൈനയും രണ്ടാമത് ഇന്ത്യയും മൂന്നാമത് കെനിയയും നാലാമത് ശ്രീലങ്കയും അഞ്ചാമത് വിയറ്റ്നാമും ആറാമത് തുര്‍ക്കിയും ഏഴാമത് ഇറാനും എട്ടാമത് ഇന്ത്യോനേഷ്യയുമാണ്.
Recent Comments