ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ വാര്‍ഷിക ദിനമാണിന്ന്. ക്യാൻ ചാനൽ മീഡിയയുടെ എല്ലാ വായനക്കാർക്കും പ്രേക്ഷകർക്കും ഗുരു ജയന്തി ആശംസകൾ .ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ തുടങ്ങി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ രാവിലെ പത്തിന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശനും ജയന്തി സമ്മേളനം വൈകുന്നേരം ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. രാവിലെ പതിനൊന്നിന് ഗുരുപൂജ. ഇന്നലെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തി.
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ യുഗപ്രഭാവനായ ഒരു വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുദേവന്. 1922 നവംബര്‍ 15ന് ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ യുഗ പ്രഭാവനായ ഗുരുവിനെ കുറിച്ച് സന്ദര്‍ശക ഡയറിയില്‍ കുറിച്ചതും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്. ‘ശ്രീ നാരായണഗുരുവിനു തുല്യനായ, അദ്ദേഹത്തെക്കാള്‍ മികച്ച ഒരു മഹാപുരുഷനെയും എനിക്കു ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒരുകാലത്തും മറക്കുകയില്ല’.
നാണു ആശാന് എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിൽ ഗുരു സമാധിയായത്.
Recent Comments