ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് മുപ്പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. അദ്ദേഹം ആദ്യമായി രചിച്ച നോവലായ ബാല്യകാലസഖി പുറത്തിറങ്ങിയതിന്റെ എണ്‍പതാം വാര്‍ഷികവും
1949 ലാണ് വൈക്കം ബഷീര്‍ ആദ്യമായി എറണാകുളം നഗരത്തില്‍ കാനണ്ഷെഡ് റോഡില്‍ കൊച്ചിന് ബേക്കറിയുടെ മരവാതിലില്‍ സര്‍ക്കിള്‍ ബുക്ക് സ്റ്റാള്‍ തുടങ്ങുന്നതെന്ന് സിഐസിസി ജയചന്ദ്രന് പറഞ്ഞു..
1951 അത് ബോട്ട് ജെട്ടിയില്‍ ബഷീഴ്സ് ബുക്ക് സ്റ്റാള്‍ ആയി. 1952 ല്‍ ടി. ബി. റോഡിലേയ്ക്ക് മാറ്റി. 1957 ബുക്ക് സ്റ്റാള്‍ പി. കെ. ബാലകൃഷ്ണന് വിറ്റു. 1958 പി. കെ. ബാലകൃഷ്ണന് അത് NBS ന് കൈമാറി. 1958 ഡിസംബറില്‍ ബഷീര്‍ വിവാഹിതനായി.1960 ല്‍ തലയോലപ്പറമ്പ് അസ്ഹര്‍ കൊട്ടേജില്‍ താമസം. 1964 ജൂലൈ 18 ന് ബേപ്പൂര്‍ വൈലായില് താമസം തുടങ്ങി.
1964 മുതല്‍ ബഷീര്‍ ബേപ്പൂര്‍ സുല്‍ത്താനാണ്. എഴുപതുകളില്‍ എറണാകുളം ടി ബി റോഡില്‍ (ഇന്നത്തെ പ്രസ്സ് ക്ലബ് റോഡ്) ഷീഴ്സ് ബുക്ക് സ്റ്റാളില്‍ ചെന്ന് പുസ്തകം വാങ്ങിയ കാര്യം ചിലരൊക്കെ എഴുതി കണ്ടു. അതൊക്കെ സ്വപ്നങ്ങളില്‍ മാത്രമാണ്. വൈക്കം മുഹമ്മദ് ബഷീറിന് മുപ്പത്താം ചരമ വാര്‍ഷിക ദിനമാണ് ഇന്ന് (ജൂലൈ 5). ഒപ്പം ബഷീറിന്റെ ആദ്യത്തെ നോവലായ ബാല്യകാല സഖിയുടെ എണ്‍പതാംവാര്‍ഷികവും. 1944 ലാണ് അദ്ദേഹം ബാല്യകാല സഖി എഴുതിയത്. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോള്‍ എഴുതിയ അവതാരികയില്‍ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് ”ബാല്യകാല സഖി ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.”
കഥാന്ത്യത്തില്‍ എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് ഒത്തു ചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാല്‍ ബഷീറിന്റെ ‘ബാല്യകാലസഖി’ ഇവിടെ വേറിട്ട് നില്ക്കുന്നു.
ബഷീറിനെക്കുറിച്ച് കവി ബാലചന്ദ്രന് ചുള്ളിക്കാട് സ്വന്തം കെപ്പടയിലെഴുതിയ എഴുതിയ ഒരു കുറിപ്പ് സിഐസിസി ജയചന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്.
ജൂലൈ അഞ്ച് ബഷീര്‍ സ്മരണ
പോകാനിറങ്ങിയ എന്നെ ബഷീര്‍ തിരിച്ചു വിളിച്ചു. ഗൗരവത്തില്‍ ചോദിച്ചു.
‘സാറെ ഈ ലോകത്തില്‍ ഏറ്റവും വിലപിടിച്ച സാധനം ഏതാണെന്നറിയാമോ?
ഞാന്‍ പറഞ്ഞു. ‘ഇല്ല’
തലപൊക്കി സൂര്യനെ ഒന്ന് നോക്കിയിട്ട് അദ്ദേഹം പറഞ്ഞു:
‘സമയം. പടച്ചോന് അത് എല്ലാവര്ക്കും അളന്നുകൊടുക്കുന്നു. കടന്നുപോകുന്ന ഓരോ നിമിഷത്തെയും മനുഷ്യന്റെ ആത്മാവ് എണ്ണിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. ശ്രദ്ധിക്കണം’
അദ്ദേഹം ഇരു കൈകളും ഉയര്‍ത്തി.
‘മംഗളം’
-ബാലചന്ദ്രന് ചുള്ളിക്കാട്.
Recent Comments