കഥകളുടെ സുല്‍ത്താന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 115 വയസ്സ് തികയുമായിരുന്നു. പക്ഷേ 86-ാമത്തെ വയസ്സില്‍ കഥകളുടെ അക്ഷയഖനി തന്നെ സമ്മാനിച്ച് അദ്ദേഹം ഓര്‍മ്മയായി. പക്ഷേ, ഇന്നും അദ്ദേഹം വായിക്കപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലൂടെയും.
ഇന്ന് ജനുവരി 21. വൈക്കം മുഹമ്മദ് ബഷീറിന്റെ പിറന്നാള്‍ ദിനമാണ്. നടന് ടൊവിനോ തോമസും ജനിച്ചത് ഇതുപോലൊരു ജനുവരി 21 നാണ്. പിറന്നാള്‍ ദിനത്തിലെ ഈ സാമ്യതയെക്കാള് കൗതുകം ജനിപ്പിച്ച മറ്റൊരു കാര്യം കൂടിയുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ നിലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് അതേ പേരില്‍ ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു. ടൊവിനോ തോമസാണ് പോസ്റ്ററിലുള്ളത്. ബഷീറിന്റെയും ടൊവിനോയുടെയും ജന്മദിനത്തോടനുബന്ധിച്ചാണ് ആ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയതും. പോസ്റ്ററിലെ ടൊവിനോയുടെ ഗെറ്റപ്പ് കണ്ടപ്പോള്‍ ബഷീറുമായി സാമ്യത ഉള്ളതുപോലെ തോന്നി. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചിരി, വിരലുകള്‍ക്കിടയില്‍ ബീഡി തിരുകിയിരിക്കുന്ന രീതി ഇതൊക്കെയാണ് പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടത്. അവിടവിടെ ടൊവിനോതോമസ് ബഷീറിനെ ഓര്‍മ്മിപ്പിക്കുന്നു. ബഷീറിന്റെ ആത്മകഥാംശമുള്ള ഒരു കഥാപാത്രത്തെ ഇതിനുമുമ്പ് അവതരിപ്പിച്ചിട്ടുള്ളത് മമ്മൂട്ടിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍. മമ്മൂട്ടിയുടെ ബഷീറിനെക്കാളും കൂടുതല്‍ ഇഴയടുപ്പം ടൊവിനോയ്ക്കുണ്ടെന്ന് തോന്നുന്നു.
1964 ല്‍ ഭാര്‍ഗ്ഗവിനിലയം എന്ന പേരില്‍ എ. വിന്‍സെന്റ് ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. അതും ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് ചെയ്ത ചിത്രമായിരുന്നു. പ്രേംനസീറും മധുവും പി.ജെ. ആന്റണിയും അടൂര്‍ഭാസിയും വിജയനിര്മ്മലയുമായിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സത്യത്തില്‍ അതിന്റെ പുനര്‍നിര്‍മ്മിതി തന്നെയാണ് ആഷിക്ക് അബുവിന്റെ നീലവെളിച്ചവും. ഭാര്ഗ്ഗവിനിലയത്തില് മധു അവതരിപ്പിച്ച കഥാപാത്രത്തെയാണ് നീലവെളിച്ചത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
കഥകളുടെ സുല്‍ത്താനും ടൊവിനോ തോമസിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ദിന ആശംസകള്‍.
Recent Comments