മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് സംഗീത ലോകവും ആരാധകരും ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനി സ്വരമാധുരി ഇനിയും ആസ്വദിക്കാന്‍ തങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് ആരാധകര്‍ പറയുന്നു.
കെ.എസ്. ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് എം.ജി. രാധാകൃഷ്ണന് സംഗീതസംവിധാനം നിര്‍വ്വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന് സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. മാമ്മാട്ടിക്കുട്ടിയമ്മയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15000 ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
ആറ് ദേശീയ പുരസ്കാരങ്ങളും പതിനാറ് സംസ്ഥാന പുരസ്കാരങ്ങള്‍ക്ക് പുറമെ തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005 ല്‍ പത്മശ്രീ പുരസ്കാരം നല്കി രാജ്യം ചിത്രയെ ആദരിച്ചു.
Recent Comments