ഷിരൂരില്‍ അര്ജുന് വേണ്ടിയുള്ള നിര്‍ണായക തിരച്ചില്‍ പുരോഗമിക്കുകയാണ്. നദിയോട് ചേര്‍ന്ന് ഡ്രോണ്‍ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. പുഴയ്ക്കടിയിലെ ലോറിയുടെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് സൂചനകള്‍. ലോറിയില്‍ ഉണ്ടായിരുന്ന തടിക്കഷണങ്ങള്‍ കണ്ടെത്തി. ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. അതേസമയം മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേനയുടെ നിഗമനം. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. കരയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായിട്ടാണ് തടി കണ്ടെത്തിയിരിക്കുന്നത്. ലോറിയില്‍ ഉണ്ടായിരുന്ന തടിയാണ് ഇതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഗംഗാവാലി പുഴയോരത്തുള്ള അഗ്രകോണയില്‍ നിന്നാണ് തടി കണ്ടെത്തിയിരിക്കുന്നത്.
മേജര്‍ ഇന്ദ്രപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിനു ലോറിക്കരികിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അനുമാനം. ഗോവയില്‍ നിന്നുള്ള നാവികസേനയുടെ ഡ്രഡ്ജിങ് സംഘം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
അര്‍ജുന്റെ ലോറി കണ്ടെത്താന്‍ പുഴയില്‍ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍വിദഗ്ദ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. വെള്ളം കലങ്ങിയതിനാല്‍ അവര്‍ക്ക് ഒന്നും കാണുവാന്‍ സാധിച്ചിരുന്നില്ല.
മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താന്‍ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാന്‍ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. ലോറിയുടെ കൃത്യമായ പൊസിഷന്‍ നിര്‍ണയിക്കാന്‍ വേണ്ടിയുള്ള ഐബോഡ് പരിശോധന നടക്കുന്നുണ്ട്. ഡ്രോണ്‍ പരിശോധനയിലൂടെ ലോറിയുടെ കൃത്യമായ പൊസിഷന്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നേക്കാം.
Recent Comments