വിജയദശമി ദിനത്തില്‍ അക്ഷരലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകള്‍. ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ ചൂണ്ടുവിരല്‍കൊണ്ട് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് ഇന്ന് (ഒക്ടോബര്‍ 13). വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് ഞായറാഴ്ച വിദ്യാരംഭം കുറിക്കുന്നത്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്.
സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കുന്ന ദിവസം. വാദ്യ-നൃത്ത സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും വടക്കന്‍ പറവൂര്‍ ക്ഷേത്രത്തിലും പുലര്‍ച്ചെ നാലു മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചന്‍ പറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുണ്ട്. പാരമ്പര്യ എഴുത്താശാന്മാരും കവികളും സാഹിത്യകാരന്മാരുമാണ് ഇവിടെ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്.
ക്ഷേത്രങ്ങളിലോ സാംസ്കാരിക കേന്ദ്രങ്ങളിലോ ആചാര്യന്മാര് ‘ഓം ഹരി ശ്രീഗണപതയേ നമഃ അവിഘ്നമസ്തു’ എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതുകയും പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം എഴുതിച്ചു കൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം നടത്തുന്നത്.
അസുരശക്തിക്കും ധര്‍മ്മത്തിനും മേല്‍ ധര്‍മ്മം വിജയിച്ചതിന്റെ പ്രതീകമായാണ് രാജ്യമാകെ വിജയദശമി ആഘോഷിക്കുന്നത്. അസുരന് ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയദശമി ദിനം. വിജയദശമിയുമായി ബന്ധപ്പെട്ട് മറ്റു ചില ഐതിഹ്യങ്ങളുമുണ്ട്. ശ്രീരാമന് രാവണനെ നിഗ്രഹിച്ച് ധര്‍മ വിജയം നേടിയ ദിനമാണ്. മറ്റൊന്ന് മഹാഭാരതവുമായി ബന്ധപ്പെട്ടതാണ്. പാണ്ഡവര്‍ അജ്ഞാത വാസം പൂര്‍ത്തിയായ ശേഷം ശ്രീകൃഷ്ണന് പറഞ്ഞ പ്രകാരം ആയുധങ്ങള്‍ തിരിച്ചെടുത്തു. ഇതിനുശേഷം ധര്‍മ്മ യുദ്ധത്തിനായുള്ള പുറപ്പാടിന്റെ ദിനമാണ് വിജയദശമി എന്നും പറയപ്പെടുന്നു. അധര്‍മ്മം പരാജയപ്പെടുകയും ധര്‍മ്മം വിജയിക്കും എന്നാണ് മൂന്നു ഐതിഹ്യങ്ങളിലും പറയുന്നത്.
മഹിഷാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ദേവിയുടെ മൂന്നു ഭാവങ്ങളാണ് മൂന്നു ദിവസങ്ങളിലായി ആരാധിക്കപ്പെടുന്നത്. ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ദുര്‍ഗ്ഗയായും മഹാനവമി ദിനത്തില്‍ ലക്ഷ്മിയായും വിജയദശമി ദിനത്തില്‍ സരസ്വതിയായും സങ്കല്പ്പിച്ചുള്ള പൂജകളാണ് നടക്കുക. വിദ്യയുടെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനാലാണ് വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നത്.
Recent Comments