മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. ഏറ്റവുമാദ്യം ഫഹദിന് പിറന്നാള്‍ ആശംസ അറിയിച്ചത് പൃഥ്വിരാജാണ്. ഷാനു എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന താരത്തിന് പൃഥ്വിരാജ് ആശംസ അറിയിച്ചത് ഇങ്ങനെ
‘ജന്മദിനാശംസകള് ഷാനു! സ്വന്തം ക്രാഫ്റ്റ് കണ്ടെത്തുന്നത് തുടരുകയും, എന്നത്തേക്കും എന്നപോലെ ഒരു മികച്ച കലാകാരനാകുകയും ചെയ്യട്ടെ!’
Happy birthday Shanu! 🤗❤️ May you continue to discover your craft and be as awesome an artist as you are forever! #FahadFazil pic.twitter.com/0CIx2wZU9H
— Prithviraj Sukumaran (@PrithviOfficial) August 7, 2021
താനും ഫഹദും നസ്രിയയും സുപ്രിയയും ചേര്‍ന്നൊരു സെല്‍ഫി പോസ്റ്റ് ചെയ്താണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്.
ഷാനു എന്ന പേരിലാണ് ഫഹദ് സിനിമയിലെത്തിയത്. പിതാവ് ഫാസില്‍ സംവിധാനം ചെയ്ത ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയിലാണ് തുടക്കം. 2002 ല്‍ തുടങ്ങിയെങ്കിലും ഫഹദിലെ നടനെ പ്രേക്ഷകര്‍ തിരിച്ചറിയാന്‍ 2009 വരെ കാത്തിരിക്കേണ്ടി വന്നു.
‘കേരള കഫെ’ എന്ന ആന്തോളജി ചിത്രത്തിലാണ് ഷാനുവില്‍ നിന്നും ഫഹദ് ഫാസില്‍ എന്ന പേരില്‍ അദ്ദേഹം സിനിമയില്‍ മടങ്ങിയെത്തിയത്. ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ വേഷമാണ് ഫഹദിനെ ശ്രദ്ധേയനാക്കിയത്.
പിന്നീട് താരപുത്രന് എന്ന ഇമേജ് ഫഹദ് തന്നെ ഉടച്ച് കാമ്പും ആഴവുമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു പ്രതിഭയിലേക്കുള്ള പരകായപ്രവേശമായിരുന്നു. തുടര്‍ന്ന് ഫഹദ് അഥവാ ഫ.ഫാ. മലയാള സിനിമയില്‍ യുവാക്കളുടെ ഇടയില്‍ തരംഗമായി മാറി.
2014 ല്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ നസ്രിയ നസിമുമായുള്ള വിവാഹം വാര്‍ത്തകളില്‍ ഇടം നേടി. ഇതോടുകൂടി ഫാസില്‍ കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം കൂടി.
ഫഹദും നസ്രിയയും വിവാഹത്തിന് മുന്‍പ് ഭാര്യാഭര്ത്താക്കന്മാരായി അഭിനയിച്ച ‘ബാംഗ്ലൂര്‍ ഡെയ്സ്’ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ശേഷം ഇതേ ജോഡി ട്രാന്‍സിലൂടെ മടങ്ങിയെത്തി.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ അതിജീവിച്ചവയാണ് ഫഹദ് ചിത്രങ്ങള്‍. ‘സീ യു സൂണ്‍’ മുതല്‍ ‘മാലിക്’ വരെ ഒടിടി പ്ലാറ്റ്ഫോമില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് മുന്നേറി. ഇതോടെ ഇന്ത്യ ഒട്ടാകെ ഫാന്‍ ബേസ് ഉള്ള വലിയ താരമായി ഫഹദ് മാറിക്കഴിഞ്ഞു.
‘സീയു സൂണിനായി’ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റ് തന്നെ ഫഹദ് ലൊക്കേഷനാക്കി മാറ്റി. ഇവിടെയായിരുന്നു ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. സിനിമ വിജയമായി എന്ന് മാത്രമല്ല, ലാഭത്തിന്റെ ഒരു വിഹിതം കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി നല്‍കുകയും ചെയ്തു.
ഏറ്റവും പുതിയ ചിത്രം ‘മലയന്‍കുഞ്ഞ്’ നിര്‍മ്മിക്കുന്നത് ഫാസില്‍ ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫാസില്‍ -ഫഹദ് ഫാസില്‍ ഒത്തുചേരലാകും ഇത്. ചിത്രീകരണത്തിനിടെ ഫഹദിന് മുഖത്ത് പരിക്കേറ്റിരുന്നു. അതിനു ശേഷം ഫഹദിന് വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു.
തമിഴില്‍ ‘വിക്രം’ സിനിമയില്‍ ഉലകനായകന് കമല്‍ഹാസനൊപ്പം താരവും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ശക്തമായ കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്. കമല്‍, വിജയ് സേതുപതി കൂടെ ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.
Recent Comments