കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. നാളെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
നാളെ (2 -1 2025 ) വ്യാഴാഴ്ച രാവിലെ 10.30 ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിന് മുമ്പാകെയാണ് രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞ നടത്തുക. ബിഹാറിൽ നിന്നാണ് രാജേന്ദ്ര ആർലേക്കറെ കേരള ഗവർണറായി മാറ്റി നിയമിച്ചത്.
ആർഎസ്എസിലൂടെ വളർന്നു വന്ന നേതാവാണ് ഗോവ സ്വദേശിയായ 70 കാരൻ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989ലാണ് ആർലേകർ ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ഗോവയിൽ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ തിളങ്ങിയിരുന്നു. ആർലേകർ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പോലെ പിണറായി സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുമോ ? എന്നാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത് .പഴയ ഗവർണർ ആർ എസ് എസിലൂടെയല്ല രാഷ്ട്രീയത്തിലെത്തിയത് .പുതിയ ഗവർണർ ആർ എസ് എസുകാരനാണ് .അതിനാൽ ഏറ്റുമുട്ടൽ കുറയുമോ കൂടുമോ എന്ന് കണ്ടറിയാം .
Recent Comments