ഒരാഴ്ച്ച മുമ്പ് ടൊവിനോ തോമസിനെ ചെറുവത്തൂരില്‍ വച്ച് കണ്ടിരുന്നു. അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത് ചെറുവത്തൂരാണ്.
ഇരിങ്ങാലക്കുടയില്‍നിന്നാണ് ഞങ്ങള്‍ ചെറുവത്തൂരിലെത്തിയത്. സുരേഷ്ഗോപിയുടെ പുതിയ ചിത്രമായ JSK യുടെ ഷൂട്ടിംഗ് ലൊക്കേഷനാണ് ഇരിങ്ങാലക്കുട. അവിടുന്ന് നാലഞ്ച് വീടുകള്‍ക്കപ്പുറമാണ് ടൊവിനോതോമസിന്റെ കുടുംബ വീട്. ഞങ്ങള്‍ അവിടുന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ ടൊവിനോ പറഞ്ഞു. ‘ഞാന്‍ വീട്ടില്‍ എത്തിയാലുടന്‍ സുരേഷേട്ടനെ പോയി കാണുന്നുണ്ട്. മാധവനെ എനിക്ക് നേരത്തേ അറിയാം.’
ടൊവിനോയുമായുള്ള കൂടിക്കാഴ്ച നടന്നതിന്റെ രണ്ടാം ദിവസം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളായി. ഈ കഴിഞ്ഞ ഞായറാഴ്ച ടൊവിനോ സുരേഷ്ഗോപിയെ കാണാന്‍ ലൊക്കേഷനിലെത്തി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍വച്ചായിരുന്നു അന്ന് ഷൂട്ടിംഗ്. JSKയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് ഈ കോളേജില്‍വച്ചാണ്. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് ടൊവിനോ എത്തിയത്. ഒപ്പം മക്കളായ ഈസയും തഹാനുമുണ്ടായിരുന്നു.
നേരെ സുരേഷ്ഗോപിയുടെ അടുക്കലേയ്ക്കാണ് ടൊവിനോ മക്കളേയുംകൊണ്ട് പോയത്. ടൊവിനോയെ കണ്ടപ്പോള്‍ സുരേഷ്ഗോപി അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി ഗാഢാലിംഗനം ചെയ്തു. ടൊവിനോയുടെ ഇളയമകന് തഹാനെ അദ്ദേഹം കൊഞ്ചിച്ചു. അവന്റെ കവിളില്‍ മുത്തം കൊടുത്തു. തഹാന് തിരിച്ചും ഉമ്മ കൊടുത്തു. ഏറെനേരം സുരേഷ്ഗോപിയും ടൊവിനോയും സംസാരിച്ചിരുന്നു. ഇതിനിടെ മാധവനോടും ടൊവിനോ വിശേഷങ്ങള്‍ തിരക്കി. മാധവന്റെ സിനിമാ അരങ്ങേറ്റത്തിന് ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് അംഗങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്തു. രണ്ട് മണിക്കൂറോളം സെറ്റില്‍ ചെലവഴിച്ചിട്ടാണ് ടൊവിനോ മക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയത്.
Recent Comments