മലയാള സിനിമയിലേക്ക് കടന്നു വരുന്ന ഒരു നിര്‍മ്മാണ സ്ഥാപനത്തിന്റേയും അവരുടെ ആദ്യ ചിത്രത്തിന്റെയും ലോഞ്ചിംഗ് കൊച്ചിയില്‍ അരങ്ങേറി. കഴിഞ്ഞ ദിവസം കലൂര്‍ ഐ എം.എ. ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ചാണ് പുതിയ നിര്‍മ്മാണ ചമ്പനിയുടെ അനൗണ്‍സ്മെന്റ് നടന്നത്.
ഇന്‍ഡ്യന്‍ സിനിമാ കമ്പനി എന്നാണ് സ്ഥാപനത്തിന്റെ പേര്. ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവരുടെ ഉടമസ്ഥതയിലുള്ള താണ് ഈ സ്ഥാപനം. എന്‍. എം. ബാദുഷയാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍.
നരിവേട്ട ആദ്യ ചിത്രം
ഇന്‍ഡ്യന്‍ സിനിമാക്കമ്പനി നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നരിവേട്ട.
അനുരാജ് മനോഹറാണ് സംവിധായകന്.
ഏറെ ശ്രദ്ധേയമാക്കുകയും, മികച്ച വിജയം നേടുകയും ചെയ്ത ഇഷ്ക്കിനു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൊവിനോ തോമസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചേരന് മലയാളത്തില്‍
മികച്ച സംവിധായകനും അഭിനേതാവുമായ ചേരന് ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.
സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രിയംവദ കൃഷ്ണയാണ് നായിക.
ടൊവിനോ താമസാണ് ഇന്‍ഡ്യന്‍ സിനിമാക്കമ്പനിയുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ചേരന് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും നിര്‍വ്വഹിച്ചു.
‘ഇഷ്ക്കിനു ശേഷം ഈ ചിത്രത്തിലേക്ക് എത്തപ്പെടാന്‍ രണ്ടര വര്‍ഷത്തോളം വേണ്ടി വന്നു. ഇഷ്ക് എന്ന ചിത്രം ചെറിയ ക്യാന്‍വാസ്സില്‍ ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാല്‍ നരിവേട്ട വിശാലമായ ക്യാന്‍വാസ്സില്‍ ചിത്രീകരിക്കേണ്ട സിനിമയാണ്. ടൊവിനോ എന്ന സുഹൃത്താണ് അതിനു നിമിത്തമായത്.’ സംവിധായകന് അനുരാജ് പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവായ അബിന്‍ ജോസഫാണ് ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ തില്ലറാണ് ചിത്രം. കേരളത്തിലെ ചില വര്‍ഗസമരങ്ങളും ഈ ചിത്രത്തിന്റെ പശ്ചാത്തലമായി വരുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തിനും തന്റെ ഉദ്യമങ്ങള്‍ക്കിടയില്‍ നേരിടേണ്ടി വരുന്ന സംഭവങ്ങള്‍ ഈ ചിത്രത്തെ സംഘര്‍ഷഭരിതമാക്കുന്നു. ഏതാനും പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.
സംഗീതം- ജേയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം- വിജയ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- ബാവ, മേക്കപ്പ്- അമല്‍, കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ഷക്കീര്‍ ഹുസൈന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി.കെ. പി.ആര്.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- ശ്രീരാജ്.
ജൂലൈ ഇരുപത്തിയാറിന് ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിലും വയനാട്ടിലുമായി പൂര്‍ത്തിയാകും.
Recent Comments