ബി.എം.ഡബ്ല്യുവിന്റെ എക്സ്എം എന്ന ഹൈബ്രിഡ് വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പ്രിയതാരം ടൊവിനോ തോമസ്. ഈ വാഹനം സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ സിനിമാതാരം എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം. പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ ബിഎംഡബ്ല്യു എത്തിച്ചിട്ടുള്ള വാഹനമാണ് എക്സ്എം.
ബി.എം.ഡബ്ല്യു ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ ഏറ്റവും കരുത്തുറ്റ എം. റോഡ് മോഡലാണ് എക്സ് എം. 2.6 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. 4.4 ലിറ്റര്‍ വി8 പെട്രോള്‍ എന്ജിനപ്പം 25.7kWh ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 643 ബി.എച്ച്.പി പവറും 900 എന്‍.എം. ടോര്‍ക്കുമാണ് വാഹനം ഉല്പാദിപ്പിക്കുന്ന കരുത്ത്. ഇതിലെ ഹൈബ്രിഡ് സംവിധാനം 88 കിലോമീറ്റര്‍ റേഞ്ചും ഉറപ്പാക്കുന്നുണ്ട്. ഇന്ധനക്ഷമതയായിരുന്നു ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്.
ഓള് ഇലക്ട്രിക് മോഡില്‍ 61.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനം നല്‍കുന്നതെന്നായിരുന്നു ഡബ്ലുഎല്ടിപി സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയത്. 25.7 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററി പാക്കാണ് ഇതിലെ ഹൈബ്രിഡ് സംവിധാനത്തില്‍ നല്‍കിയിട്ടുള്ളത്. 7.4 കിലോവാട്ട് ചാര്‍ജറാണ് ഇതില്‍ ഉപയോഗിക്കുന്നത്.
ഗോള്‍ഡ് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിരിക്കുന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ബിഎംഡബ്ല്യുവിന്റെ കിഡ്നി ഗ്രില്ല്, സ്പ്ലീറ്റ് ഹെഡ്ലാമ്പ് സെറ്റ്-അപ്പ്, വെര്ട്ടികിള് ആയി നല്‍കിയിട്ടുള്ള എക്സ് ഹോസ്റ്റ് ഔട്ട്ലെറ്റുകള്, 21 ഇഞ്ച് വലിപ്പമുള്ള വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറുകളെ അലങ്കരിക്കുന്നത്. ആന്റി-റോള്‍ ബാര്‍, എംകോംപൗണ്ട് ബ്രേക്കുകള്‍ എന്നിവ ഈ വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് മോഡലുകളാണ് ഐഎക്സ്, ഐ4 എന്നീ വാഹനങ്ങളിലേതിന് സമാനമായ ലേഔട്ടിലാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. എം. ലോഞ്ച് സംവിധാനങ്ങളാണ് അകത്തളത്തിലെ ഹൈലൈറ്റുകള്‍. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രമെന്റ്, ഐ ഡ്രൈവ് 8 സോഫ്റ്റ് വെയര്‍ നല്‍കിയിട്ടുള്ള 14.9 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ആഡംബര്‍ ഫീച്ചറുകള്‍.
Recent Comments