തല്ലുമാലയുടെ വീഡിയോ സോങ് ഇറങ്ങിയതിനു പിന്നാലെ ആയിരക്കണിക്കിനാളുകള്‍ പ്രകീര്‍ത്തിച്ചത്, അസാമാന്യ മെയ്വഴക്കത്തോടെ ആ ഗാനരംഗത്ത് നൃത്തം ചെയ്യുന്ന ടൊവിനോ തോമസിന്റെ പ്രകടനത്തെയാണ്. ടൊവിനോയുടെ കരിയര്‍ ആരംഭിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്നു. നാല്‍പ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. നാളിതുവരെ അദ്ദേഹം ഒരു സിനിമയിലും ഡാന്‍സ് ചെയ്ത് അഭിനയിച്ചിട്ടില്ല. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാലയിലായിരുന്നു ആദ്യ പരീക്ഷണം.
ഭാഗ്യത്തിന് ആ അസുലഭനിമിഷം നേരില്‍ കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുമുണ്ടായി. തല്ലുമാലയുടെ ആദ്യ ഷെഡ്യൂള്‍ തലശ്ശേരിയില്‍ നടക്കുമ്പോള്‍ ഞങ്ങള്‍ ആ ലൊക്കേഷനില്‍ പോയിരുന്നു. നൃത്തരംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഷോബി പോള്‍രാജാണ് ഡാന്‍സ് മാസ്റ്റര്‍.
കാരവനില്‍നിന്ന് ഇറങ്ങിവന്ന ടൊവിനോ തോമസിനെ കണ്ടപ്പോള്‍തന്നെ ഞെട്ടിപ്പോയി. കഴിഞ്ഞതവണ മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ കണ്ട ആളേയല്ല. തീരെ മെലിഞ്ഞ പ്രകൃതം. തോളറ്റം വരെ നീണ്ടുകിടക്കുന്ന അലസമായ മുടികള്‍. മുടി കളര്‍ ചെയ്തിട്ടുണ്ട്. ഫുള്‍സ്ലീവ് കോളര്‍ലെസ് ടീഷര്‍ട്ടായിരുന്നു വേഷം. കഴുത്തില്‍ ഒരു ബ്ലാക്ക് മെറ്റല്‍ ചെയിന്‍. വേഷഭൂഷാദികളിലും കാഴ്ചയിലും ഒരു ചുള്ളന് പയ്യന്റെ പ്രകൃതം.
പിന്നീടാണറിഞ്ഞത് തല്ലുമാലയ്ക്കുവേണ്ടി പത്ത് കിലോയോളം ശരീരഭാരമാണ് ടൊവിനോ കുറച്ചത്. എക്സ്ട്രീം ഡയറ്റിംഗായിരുന്നില്ല. വര്‍ക്കൗട്ട് കൊണ്ടാണ് അത് സാധിച്ചെടുത്തത്. മൂന്ന് ഗെറ്റപ്പുകളാണ് ഈ ചിത്രത്തില്‍ ടൊവിനോയ്ക്കുള്ളത്.
അതിനേക്കാളും അത്ഭുതപ്പെടുത്തിയത് ഡാന്‍സ് രംഗത്തെ ടൊവിയുടെ മിന്നുന്ന പ്രകടനമാണ്. സ്വതവേ ഫാസ്റ്റ് മൂവ്മെന്റുകള്‍ക്ക് പേരുകേട്ട നൃത്തസംവിധായകനാണ് ഷോബി. നൃത്തം നന്നായി വഴങ്ങുന്നവര്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം പിടിച്ചുനില്ക്കാന് കഴിയൂ.
ടൊവി എങ്ങനെ നൃത്തം ചെയ്യുന്നുവെന്ന് കാണാന്‍ കൗതുകമേറി. നാഗ്രയില്നിന്ന് പാട്ടിന്റെ ഈണം ഒഴുകിയെത്തി. ഷോബി നൃത്തച്ചുവടുകള്‍ കാട്ടിക്കൊടുത്തു. ആ നൃത്തച്ചുവടുകള്‍ക്കൊപ്പം ടൊവിയുടെ ശരീരവും ഇളകിയാടി. ഇതുവരെ നൃത്തം ചെയ്യാത്തൊരാള് അത് ചെയ്യുകയാണെന്ന് തോന്നിയതേയില്ല. അത്ര ചാരുകയുണ്ടായിരുന്നു.
‘നൃത്തം ചെയ്ത് അഭിനയിക്കേണ്ട ഒരു വേഷം ഇതുവരെ വന്നിട്ടില്ല. വന്നപ്പോള്‍ അത് പഠിച്ചു ചെയ്തു. ഇക്കാര്യത്തില്‍ ഡാന്‍സര്‍ ലിന്‍ഡയുടെയും റിഷ്ദാന്റെയും പരിശീലനം സഹായിച്ചിട്ടുണ്ട്. ഒന്നും അറിയില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുന്നത് ശരിയല്ലല്ലോ.’ ടൊവിനോയുടെ പ്രതികരണം ഇതായിരുന്നു.
ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് നിര്‍മ്മിച്ച ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍. തല്ലുമാലയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നു. ബക്രിദിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments