ഒരു വൈകുന്നേരം, ടൊവിനോ തോമസാണ് ഞങ്ങളെ ക്രിസ് വൂള്‍ഫ് നടത്തുന്ന ഡോഗ് ട്രെയിനിംഗ് സെന്ററിലേക്ക് (വൂള്‍ഫ് എന്‍ പാക്ക് ഡോഗ് ട്രെയിനിംഗ് ആന്റ് K9 സെക്യൂരിറ്റി സര്‍വ്വീസസ്) കൂട്ടിക്കൊണ്ടുപോയത്. ഇരിങ്ങാലക്കുടയില്‍നിന്ന് കുറച്ച് പടിഞ്ഞാറ് മാറി ചേലൂരിലാണ് പരിശീലനകേന്ദ്രം.
ക്രിസ് വൂള്‍ഫ് പ്രശസ്തനായ ഡോഗ് ട്രെയിനറാണ്. നായ്ക്കളെ മാത്രമല്ല, പുലിയേയും മെരുക്കിയ ചരിത്രമുണ്ട് ക്രിസിന്. ടൊവിനോയുടെ ഒരു വളര്‍ത്തുനായ ഇവിടെ പരിശീലനം ചെയ്യുന്നുണ്ട്. ബീഗ്ള്‍ ഇനത്തില്‍പ്പെട്ട നായയാണ്. പാബ്ലോ എന്നാണ് അവന്റെ പേര്. അവനെ കാണാന്‍ കൂടിയാണ് ടൊവിനോ എത്തിയതും.
പാബ്ലോയെ കൂടാതെ വേറെയും അനവധി നായ്ക്കള്‍ അവിടെ ഉണ്ടായിരുന്നു. ലാബ്രഡോര്‍, ഗ്രേറ്റ് ഡെയ്ന്‍, റോട്ട്വീലര്, അമേരിക്കന്‍ ബുള്‍ഡോഗ്, കോക്കര്‍ സ്പാനിയല്‍, ബുള്‍മാസ്റ്റിഫ് തുടങ്ങിയ മുന്തിയ ഇനം നായ്ക്കളാണ്. പലയിടങ്ങളില്‍ നിന്നായി ട്രെയിന്‍ ചെയ്യാന്‍ കൊണ്ടുവന്ന നായ്ക്കളായിരുന്നു അവയെല്ലാം.
ടൊവിനോയെ ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ പാബ്ലോ വാലുമാട്ടി ഓടി എത്തി. ടൊവി അവനെ രണ്ടു കൈകൊണ്ടും പൊക്കിയെടുത്ത് മാറോട് ചേര്‍ത്ത് ലാളിച്ചു. മറ്റ് ചില നായ്ക്കളും ടൊവിയെ കണ്ട് വാലാട്ടുന്നുണ്ടായിരുന്നു. ചിലത് കുരച്ചു. ഇനിയും ചിലത് ഗൗരവം നടിച്ചുനിന്നു. ടൊവിനോ അവരുടെയൊക്കെ അടുക്കല്‍ എത്തി സ്നേഹപൂര്‍വ്വം മൂര്‍ദ്ധാവില്‍ തലോടി. കൊഞ്ചികൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്ക് ആറ് നായ്ക്കളെ ഒരുമിച്ച് കൂട്ടി, അവിടുത്തെ പുല്തകിടിയിലൂടെ ഏറെ നേരം നടന്നു. അല്പം മാറിനിന്ന് ഇതെല്ലാം കാണുകയും നിയന്ത്രിക്കയും ചെയ്തിരുന്ന ക്രിസ് വൂള്‍ഫ് ഞങ്ങളോടായി പറഞ്ഞു.
‘നിങ്ങള്‍ ആ കറുത്ത അമേരിക്കന്‍ ബുള്‍ഡോഗിനെ കണ്ടോ. അത് മറ്റ് നായ്ക്കളോടൊപ്പം നില്ക്കാന് കൂട്ടാക്കാറില്ല. ഭയങ്കര ദേഷ്യക്കാരനുമാണ്. പക്ഷേ ടൊവിനോയോടൊപ്പം ചേര്‍ന്നപ്പോള്‍ അവന് ശാന്തനായി. മറ്റ് നായ്ക്കളെ ഉപദ്രവിക്കുന്നതുമില്ല. ഇത് ടൊവിനോയ്ക്ക് മാത്രം കഴിയുന്ന മാജിക്കാണെന്ന് ഞാന്‍ പറയും. മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിയുന്ന ആളാണ് ടൊവിനോ. അതുപോലെ മൃഗങ്ങള്‍ക്കും ടൊവിനോയെ അറിയാന്‍ കഴിയുന്നുണ്ട്. അതാണ് ഈ ബോണ്ടിംഗിന്റെ കാരണം.’
‘ഞാനൊക്കെ ശാസ്ത്രീയമായി പരിശീലനം നേടിയിട്ടാണ് ഈ മൃഗങ്ങളെ ട്രെയിന്‍ ചെയ്യിപ്പിക്കുന്നത്. ടൊവിനോയ്ക്ക് ആ കഴിവ് സ്വാഭാവികമായി തന്നെ ഉണ്ട്. എത്ര പെട്ടെന്നാണെന്നോ ടൊവിനോ അവരുമായി ഇണങ്ങുന്നത്. അത് എത്ര ശൗര്യമുള്ള നായ്ക്കളായാലും. ടൊവിനോ വരുന്ന വണ്ടിയുടെ ശബ്ദം ദൂരെ നിന്നു കേട്ടാല്‍മതി, നായ്ക്കള്‍ എല്ലാം സന്തോഷത്തിലാവും. അവരുടെ ആറ്റിറ്റൂഡ് തന്നെ മാറും.’
‘ചിലപ്പോള്‍ വളരെ വിലപിടിപ്പുള്ള ബ്രാന്റഡ് ഡ്രസ്സ് ഒക്കെ ധരിച്ചാവും ടൊവിനോ ഇവിടെ എത്തുക. ടൊവിനോയെ കാണുമ്പോള്‍ നായ്ക്കളെല്ലാം ഓടി കൂടും. ടൊവിനോയുടെ ദേഹത്തേക്ക് ചാടി കയറാന്‍ ശ്രമിക്കും. കാല്‍പാദത്തിലെ അഴുക്ക് പറ്റി ഡ്രസ്സ് ഒക്കെ വൃത്തികേടാവും. അപ്പോഴും ആ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടാകാറില്ല.’
‘ഒരിക്കല്‍ മകളുമായി ടൊവിനോ ഇവിടെ എത്തി. നായ്ക്കളെ അവള്‍ക്ക് ഭയങ്കര പേടിയായിരുന്നു. അതിന്റെ അടുത്തേയ്ക്ക് പോകാന്‍പോലും മടിച്ചു. പക്ഷേ ടൊവിനോ സാവകാശം മകളെ ട്രെയിന്‍ ചെയ്ത് എടുത്തു. ഭയത്തെ നേരിട്ട് നേരിട്ട് മാത്രമേ ഭയപ്പാട് മാറ്റാന്‍ കഴിച്ചു എന്നതാണ് ടൊവിനോയുടെ നിലപാട്. അദ്ദേഹമത് തെളിയിക്കുകയും ചെയ്തു. ഇപ്പോള്‍ മോള് വന്നാല്‍ ഏറ്റവും അപകടകാരിയായ നായയുടെ അടുത്തേക്കാണ് ആദ്യം ഓടി പോവുക.’
‘ഈ അടുത്തിടെ വേറൊരു സംഭവും ഉണ്ടായി. കള എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു നായയും ഉണ്ടായിരുന്നു. ഷൂട്ടിംഗിനായി കൊണ്ടുവന്നതാണ്. കെയ്ന്‍ കോര്‍സോ ഇനത്തില്‍പ്പെട്ട നായയാണ്. വലിയ ബലശാലിയും ആക്രമണകാരിയുമാണ്. അധികം ട്രെയിന്‍ ചെയ്യിക്കാത്ത നായയുമായിരുന്നു. സിനിമയില്‍ ആ നായ ടൊവിനോയെ ബലമായി വലിച്ചുകൊണ്ടു പോകുന്ന ഒരു ഷോട്ടുണ്ട്. നായയുടെ തുടല് ടൊവിനോയുടെ കൈയില്‍ കുടുക്കി ഇട്ടിരിക്കുകയായിരുന്നു. ആ ഷോട്ടിന് നാലഞ്ച് റീടേക്കുകള്‍ വേണ്ടിവന്നു. ഷോട്ട് കഴിഞ്ഞപ്പോള്‍ ടൊവിനോയുടെ കൈപൊട്ടി ചോര പൊടിയുന്നുണ്ടായിരുന്നു. എന്നിട്ടും നായയോട് ടൊവിനോയ്ക്ക് ഒരു ദേഷ്യവും തോന്നിയില്ല. എനിക്കുപോലും കഴിയാത്ത കാര്യമാണ്.’
‘ടൊവിനോ വെറും മൃഗസ്നേഹിമാത്രമല്ല, മൃഗങ്ങളെ ഏറ്റവും അടുത്തറിയുന്ന ഒരാളുകൂടിയാണ്. അതുപോലെ മൃഗങ്ങളും ടൊവിനോയെ അറിയുന്നുണ്ട്. ഇത്തരം ഇഴയടുപ്പം എല്ലാ മൃഗസ്നേഹികളിലും ഉണ്ടാവില്ല.’ ക്രിസ് വൂള്‍ഫ് പറഞ്ഞു.
Recent Comments