ഡോ. ബിജുവിന്റെ സംവിധാനത്തിൽ ടൊവിനോ നായകനാകുന്ന ചിത്രമാണ് ആദൃശ്യ ജാലകങ്ങൾ . ചിത്രത്തിന്റെ ആദ്യ പ്രദർശനം 27-ാമത് താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ നടന്നു. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിലായിരുന്നു പ്രദർശനം . വേൾഡ് പ്രീമിയർ വിഭാഗത്തിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും അദൃശ്യ ജാലകങ്ങൾക്ക് അവകാശപ്പെടാം . ഈ വർഷം മേളയിലെ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ് .
യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന സിനിമയുടെ സമകാലിക പ്രാധാന്യം കൊണ്ടും മികവും കൊണ്ടും വൻ പ്രേക്ഷക ശ്രദ്ധയാണ് ചിത്രം നേടിയത്.ഈ പ്രദർശനത്തോടെ സിനിമാനുഭവത്തിന്റെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണെന്നും ടൊവിനോ ട്വീറ്റ് ചെയ്തു . സംവിധായകൻ ഡോക്ടർ ബിജു, നിർമാതാവ് രാധികാ ലാവു, ടൊവിനോ തോമസ്, ടൊവിനോയുടെ ഭാര്യ ലിഡിയ തുടങ്ങിയവർ എസ്തോണിയയിൽ നടന്ന ആദ്യ പ്രദർശനത്തിൽ പങ്കെടുത്തു.
ഐഎഫ്എഫ്കെയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് , മേളയിൽ മൽസരിക്കാൻ തന്റെ സിനിമകൾ നൽകില്ലെന്നു ഡോ. ബിജു നേരത്തേ പറഞ്ഞിരുന്നു. അദൃശ്യ ജാലകങ്ങൾ പോലെ ലോക ശ്രദ്ധയാകർഷിക്കുന്ന ചിത്രം ഐഎഫ്എഫ്കെയിൽ മത്സരത്തിനില്ല എന്നത് തീർത്തും നിരാശാജനകമാണ് .
നല്ല സിനിമകൾ കണ്ട് പോലും നോക്കാതെ തഴയുന്നതാണ് ഐഎഫ്എഫ്കെയുടെ പ്രശ്നമായി പല പ്രമുഖരും ചൂണ്ടി കാണിച്ചത് . സിനിമകൾ സെലക്ട് ചെയ്യുന്നവരെ തിരഞ്ഞെടുക്കുന്നതിൽ ഐഎഫ്എഫ്കെയ്ക്ക് മാനദണ്ഡം ഉണ്ടാകണം എന്നതാണ് ഇതിന് പരിഹാരം. അതിൽ നിയോഗിക്കപ്പെടുന്ന ആളുകൾ മിനിമം യോഗ്യതയുള്ളവരാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ് .
താരമൂല്യമുള്ള നടനായി തുടരുമ്പോഴും കലാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗഭാക്കാവുന്ന ടൊവിനോ തോമസ് പ്രശംസ അർഹിക്കുന്നു. അദൃശ്യ ജാലകങ്ങളിലെ കഥാപാത്രത്തിനുവേണ്ടി 15 കിലോ ശരീര ഭാരവും ടൊവിനോ കുറച്ചിരുന്നു. ഒരു സൂപ്പർ താരത്തിൽ ആരോപിക്കപ്പെടുന്ന സൗന്ദര്യ സങ്കൽപ്പങ്ങളെ മാറ്റി വെച്ചാണ് ടൊവിനോ ഈ കഥാപാത്രമായിരിക്കുന്നത് . അദ്ദേഹത്തിന്റെ അഭിനയ പാടവം മാറ്റുരച്ചു നോക്കാൻ അദൃശ്യ ജാലകങ്ങൾ ഒരു അവസരമാകും എന്ന് തീർച്ച.
രാധികാ ലാവു നയിക്കുന്ന എല്ലനാർ ഫിലിംസും നവീൻ യേർനേനി, വൈ രവിശങ്കർ, എന്നിവർ നേതൃത്വം നൽകുന്ന മൈത്രി മൂവി മേക്കേഴ്സും, ടൊവിനോ തോമസ് പ്രൊഡക്ഷൻസിന് വേണ്ടി ടൊവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് താരങ്ങൾ. UA സർട്ടിഫിക്കറ്റ് നേടി സെൻസറിങ്ങ് കഴിഞ്ഞ ചിത്രം നവംബർ 24 ന് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്യും .
Recent Comments