കഴിഞ്ഞ സെപ്തംബര്‍ ആദ്യം ഇരിങ്ങാലക്കുടയിലുള്ള ടൊവിനോ തോമസിന്റെ വീട്ടില്‍ ഒരു ദിവസം മുഴുവനും ഞങ്ങള്‍ ഉണ്ടായിരുന്നു. കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖം പകര്‍ത്താനെത്തിയതായിരുന്നു. അതുമൊരു ലോക് ഡൗണ്‍ കാലമായിരുന്നു. ഷൂട്ടിംഗ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നതിനാല്‍ ടൊവി കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. കുറേ കാലത്തിനുശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ ദിനങ്ങളെന്നായിരുന്നു അതിനെ ടൊവി വിശേഷിപ്പിച്ചത്. ആ ദിവസങ്ങളെ കൂടുതല്‍ സുന്ദരമാക്കിയത് ടഹാന്റെ ജനനമാണ്. ടഹാന് ടൊവിയുടെ ഇളയ മകനാണ്. ടഹാന് ജനിച്ചിട്ട് മൂന്ന് മാസമാകുന്നതേയുള്ളൂ. ‘മോള്‍ടെ വളര്‍ച്ച അടുത്തുനിന്ന് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു. ആ കുറവ് പരിഹരിച്ചത് ടഹാനാണ്. നന്ദി പറയേണ്ടത് ലോക് ഡൗണിനോടാണ്. കാരണം വീട്ടില്‍നിന്ന് പുറത്തിറങ്ങാനാവില്ലല്ലോ. കോവിഡിനെ തുരത്താന്‍ നമ്മുടെ ഭാഗത്തുനിന്നും ചില ത്യാഗങ്ങള്‍ ഉണ്ടായേ തീരു. വീട്ടില്‍ പെട്ടുപോയപ്പോള്‍ ടഹാനെ കൊഞ്ചിക്കലായിരുന്നു പ്രധാന പരിപാടി. ഇസയും കൂടെയുണ്ടാകും. മോള്‍ക്കും അവന് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ദിവസങ്ങള്‍ പോയതറിഞ്ഞതേയില്ല.’ ടൊവിനോ പറഞ്ഞു.
ഇന്നലെ (6-6-2021) ടൊവിനോയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ടിരുന്നു. ടഹാനോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും. അച്ഛനും അമ്മയ്ക്കും പെങ്ങള്‍ക്കുമൊപ്പം നിന്ന് കേക്ക് മുറിക്കുന്ന ടഹാന്, ടഹാനെ രണ്ട് കൈകളിലുംവച്ച് കൊഞ്ചിക്കുന്ന ടൊവിനോ. ഒരു കുടുംബത്തിന്റെ മുഴുവന്‍ സന്തോഷവും ആ ചിത്രങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് കാണാമായിരുന്നു.
ഇന്ന് ടൊവിനോയെ വിളിച്ചു. മകന് ആശംസകള്‍ നേര്‍ന്നു.
‘ആഘോഷമൊന്നും വേണ്ടെന്ന് വച്ചതായിരുന്നു. കോവിഡ് കാലമല്ലേ. ആളുകള്‍ക്ക് പുറത്തുപോലും ഇറങ്ങാന്‍ പറ്റാത്ത സമയമാണ്. ഒപ്പം വറുതിയുടെ കാലവും. ചെറിയൊരു കേക്ക് മുറിക്കലില്‍ ആഘോഷങ്ങള്‍ ഒതുക്കാനായിരുന്നു തീരുമാനം. അതുകൊണ്ടുതന്നെ അടുത്ത ബന്ധുക്കളെപ്പോലും വിളിച്ചിരുന്നില്ല. വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അവരുടെ കുട്ടികളുമൊക്കെയായി പതിനഞ്ചോളം പേര് വരും. അപ്പോഴാണ് എന്റെ സുഹൃത്ത് കൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എ വിളിച്ചത്. അദ്ദേഹത്തിന്റെ ഇളയ പെങ്ങള് സല്ഫയ്ക്ക് സനോറ ഈവന്സ്റ്റൈലിംഗ് എന്നൊരു സ്ഥാപനമുണ്ട്. അവരൊരു സമ്മാനം കൊടുത്തുവിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു. കൊടുത്തുവിട്ടതോ കുറേയേറെ അലങ്കാര വസ്തുക്കളായിരുന്നു. പിന്നെ അവയൊക്കെ അലങ്കരിച്ചശേഷമാണ് കേക്ക് മുറിച്ചത്. അപ്പോള്‍ ഒരു ആഘോഷത്തിന്റെ നിറവുണ്ടായിരുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.’ ടൊവിനോ പറഞ്ഞു.
‘ടഹാന് ജനിച്ചതും ഒരു ലോക് ഡൗണ്‍ കാലത്താണ്. ടഹാന്റെ ജന്മദിനവും മറ്റൊരു ലോക് ഡൗണ്‍ കാലത്തായി. അതുകൊണ്ട് അവനോടൊപ്പം കൂടാന്‍ കഴിഞ്ഞു. കുടുംബത്തോടൊപ്പം കഴിഞ്ഞുകൂട്ടിയ നാളുകളിലൂടെയാണ് ഈ വര്‍ഷം മുഴുവനും കടന്നുപോയത്. അതിലെനിക്ക് സന്തോഷമുണ്ട്. മറ്റെന്തിനേക്കാളും ഞാനതിനെ വിലമതിക്കുന്നു.’ ടൊവിനോ പറഞ്ഞുനിര്‍ത്തി.
Recent Comments