നവതിയില്‍ എത്തിയ നടന് മധുവിനെ തിരുവനന്തപുരം ഫിലിം ഫ്രെട്ടേനിറ്റിയുടെ നേതൃത്വത്തില്‍ നാളെ ആദരം സമര്‍പ്പിക്കുന്നു. മധുമൊഴി എന്ന് പേരിട്ടിരിക്കുന്ന പരിപാടി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്. വൈകുന്നേരം 6 മണിക്ക് ചടങ്ങ് ആരംഭിക്കും. മധുവിനെക്കുറിച്ച് ഏഷ്യനെറ്റ് തയ്യാറാക്കിയ പ്രത്യേക ഷോര്‍ട്ട് ഫിലിമോടുകൂടിയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
മധു അഭിനയിച്ച ചിത്രങ്ങളിലെ 30 ഓളം പാട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനസന്ധ്യയാണ് മധുമൊഴിയുടെ പ്രധാന ആകര്‍ഷണം. ചിത്ര, എം.ജി. ശ്രീകുമാര്‍, മധു ബാലകൃഷ്ണന് ഉള്‍പ്പെടെ ഇരുപതോളം പ്രമുഖ ഗായകര്‍ പരിപാടിയുടെ ഭാഗമാകും. മോഹന്‍ലാല്‍, സിദ്ധിഖ്, ബിജു മേനോന്, ഇന്ദ്രജിത്ത്, നന്ദു എന്നിവരും പാടുന്നുണ്ട്. ഓരോ പാട്ടിനുമുമ്പും ആ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ മധുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കും. നാല്‍പ്പതോളം കലാകാരന്മാരാണ് ഓര്‍ക്കസ്ട്രേഷന്റെ ഭാഗമാകുന്നത്. ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് മധുമൊഴി അരങ്ങേറുന്നത്.
മധു ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കണ്ണമ്മൂലയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലിരുന്നുകൊണ്ട് നിശാഗന്ധിയിലെ പരിപാടിയില്‍ ലൈവായി ഭാഗമാകും. മധുവിന് ആദരമര്‍പ്പിക്കാനുള്ള സംഘത്തെ നയിക്കുന്നത് മോഹന്‍ലാലാണ്. ഒപ്പം മധുവിനോടൊപ്പം പ്രവര്‍ത്തിച്ച പഴയകാല സഹപ്രവര്‍ത്തകരും ചേരും. വൈകുന്നേരം മധുവിന്റെ വീട്ടിലെത്തിയാണ് ആദരം സമര്‍പ്പിക്കുന്നത്. ഇതിന്റെ ലൈവ് നിശാഗന്ധിയില്‍ കാണാം.
മധുമൊഴിയുടെ ഭാഗമായി കര്ട്ടണ് റെയ്സര്‍ എന്ന നിലയില്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ഇന്ദ്രന്‍സിനെയും മധുവിന്റെ ഡോക്യുമെന്ററി തയ്യാറാക്കിയ സംവിധായകന് പുഷ്പന് ദിവാകരനെയും ആദരിക്കുന്നു. ഇന്ന് വൈകുന്നേരം ടാഗോര്‍ തീയേറ്ററിലാണ് അവര്‍ക്കുള്ള ആദരം സമര്‍പ്പിക്കുന്നത്.
സംഗീത പരിപാടികള്‍ക്ക് മുന്നോടിയായുള്ള റിഹേഴ്സല്‍ തിരുവനന്തപുരത്ത് ഇന്ന് നടക്കും. ട്രിവന്‍ഡ്രം ക്ലബ്ബിലാണ് റിഹേഴ്സല്‍ നടക്കുന്നത്. തിരുവനന്തപുരം ഫിലിം ഫ്രെട്ടേനിറ്റിക്കൊപ്പം ഏഷ്യാനെറ്റും ചേര്‍ന്നാണ് മധുമൊഴി സംഘടിപ്പിക്കുന്നത്. ഏഷ്യനെറ്റ് ചാനലിലൂടെ മധുമൊഴി സംപ്രേക്ഷണം ചെയ്യും.
Recent Comments