ഫോറന്‍സിക്കിനുശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖില്‍പോള്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഐഡന്റിറ്റി. അന്യഭാഷാ ചിത്രങ്ങളില്‍നിന്നുള്ള മുന്‍നിര താരങ്ങള്‍ ഐഡന്റിറ്റിയുടെ ഭാഗമാകുമെന്ന് സംവിധായകന് അഖില്‍ പോള്‍ തന്നെയാണ് കാന്‍ ചാനലിനോട് വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ ചിത്രത്തിന്റെ ആദ്യ മേജര്‍ കാസ്റ്റിംഗ് അനൗണ്‍സ് ചെയ്തിരിക്കുകയാണ് ഐഡന്റിറ്റി ടീം. തൃഷ ടൊവിനോയ്ക്കൊപ്പം ആഡന്റിറ്റിയില് അഭിനയിക്കുന്നു.
‘ജൂണിലാണ് തൃഷയെ ഞാന്‍ ചെന്നൈയില്‍ പോയി കണ്ടത്. അതിനുമുമ്പ് അവരെ കോണ്ടാക്ട് ചെയ്തിരുന്നു. അപ്പോള്‍ ലിയോയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അവര്‍ കാശ്മീരിലായിരുന്നു. പൊന്നിയിന്‍ സെല്‍വത്തിന്റെ ഐതിഹാസികമായ വിജയത്തിന് പിന്നാലെ വിജയ്യുടെയും അജിത്തിന്റെയും നായികയായി അവര്‍ കരാര്‍ ചെയ്യപ്പെട്ട നാളുകളായിരുന്നു അത്. നിരവധി പ്രോജക്ടുകള്‍ വേറെയുമുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ തൃഷയ്ക്ക് ഈ ചിത്രവുമായി സഹകരിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. കാരണം തൃഷയുടെ മാത്രം 40 ദിവസത്തെ ഡേറ്റുകള്‍ വേണമായിരുന്നു. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ഷൂട്ടിംഗ്. എങ്കിലും ചെന്നൈയിലെത്തിയശേഷം നേരില്‍ കാണാമെന്ന് അവര്‍ പറഞ്ഞിരുന്നു. അവര്‍ വാക്ക് പാലിച്ചു. നാല് മണിക്കൂര്‍ എടുത്ത് കഥയുടെ ഫുള്‍ നരേഷന് ഞാന്‍ അവരോട് പറയുകയായിരുന്നു. എല്ലാം കേട്ടിരുന്ന ശേഷം അവര്‍ പറഞ്ഞത് ‘I am doing this film’ എന്നാണ്. അത്ര ത്രില്‍ഡായിരുന്നു അവര്‍. തൃഷ കൂടി ഐഡന്റിറ്റിയുടെ ഭാഗമായതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു.’ അഖില്‍ കാന്‍ ചാനലിനോട് പറഞ്ഞു.
‘തൃഷ മാത്രമല്ല, ഹിന്ദിയില്‍നിന്നും മറ്റു ഭാഷാ ചിത്രങ്ങളില്‍നിന്നും ഇതുപോലെയുള്ള താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രഖ്യാപനം ഓരോ മാസങ്ങളിലും ഉണ്ടാകും. അതിനായി തല്ക്കാലം കാത്തിരിക്കണം.’ അഖില്‍ കൂട്ടിച്ചേര്‍ത്തു.
ശ്യാംപ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡാണ് തൃഷ ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. നിവിന്‍പോളിയായിരുന്നു ചിത്രത്തിലെ നായകന്.
Recent Comments