‘ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംസാരത്തില്‍നിന്നാണ് ആ കഥയുടെ ത്രെഡ് ഉണ്ടാകുന്നത്. പിന്നീടത് പ്രവീണിനോടും സുജിനോടും പറഞ്ഞു. അവരും എന്റെ സുഹൃത്തുക്കളാണ്. പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്ത, കല്‍ക്കിയുടെ ചീഫ് അസോസിയേറ്റും ഞാനായിരുന്നു. കഥയുടെ ത്രെഡ് അവര്‍ക്കും ഇഷ്ടമായി. പ്രവീണും സുജിനും ചേര്‍ന്നാണ് അതിന് തിരക്കഥയെഴുതിയത്. വിചാരിച്ചതിനേക്കാളും വേഗത്തില്‍ അതൊരു തിരക്കഥയായി മാറി. ഇതിലെ കേന്ദ്രകഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉണ്ണിമുകുന്ദനെ നേരിട്ട് കണ്ട് കഥ പറയുകയായിരുന്നു. ഉണ്ണിയും കഥ കേട്ട് ത്രില്ല്ഡായി. അങ്ങനെയാണ് ഇതൊരു പ്രൊജക്ടായി മാറുന്നത്.’ സംവിധായകന് വിഷ്ണു അരവിന്ദ് കാന്‍ ചാനലിനോട് പറഞ്ഞു. വിഷ്ണു അരവിന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ഗന്ധര്‍വ്വ ജൂനിയര്‍.
‘ഫാന്റസിയാണെങ്കിലും ഒരു ഹ്യൂമര്‍ ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍.’ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ പ്രവീണ്‍ പ്രഭാരം പറയുന്നു. ‘ഒരു ഗന്ധര്വ്വന് ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് നര്‍മ്മത്തോടെ പറയുന്ന കഥയാണിത്. ഗന്ധര്‍വ്വനായി ഉണ്ണിമുകുന്ദന് അഭിനയിക്കുന്നു. വളരെ നിഷ്ക്കളങ്കമായ ഒരു കഥാപാത്രം.’ പ്രവീണ്‍ പറഞ്ഞു.
‘നിലവില്‍ ഉണ്ണിമുകുന്ദന്റെ കാസ്റ്റിംഗ് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മറ്റു താരങ്ങളെയും ടെക്നീഷ്യന്മാരെയും ഇനി കണ്ടെത്തണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ അല്ലെങ്കില്‍ ജനുവരിയില്‍ തുടങ്ങും. ഗോവയാണ് പ്രധാന ലൊക്കേഷന്‍.’ സംവിധായകന് വിഷ്ണു അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
ലിറ്റില്‍ ബിഗ് ഫിലിംസും ജെഎം ഇന്ഫോടൈമെന്റും ചേര്‍ന്നാണ് ഗന്ധര്‍വ്വ ജൂനിയര്‍ നിര്‍മ്മിക്കുന്നത്.
Recent Comments