ഇക്കഴിഞ്ഞ ജൂലൈ 16 ന് മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് പിറന്നിട്ട് 11 വര്‍ഷങ്ങളാകുന്നു. മലര്‍വാടി ടീം ഒരു ഗെറ്റ് ടുഗെദര്‍ പ്ലാന്‍ ചെയ്തിരുന്നതാണ്. പക്ഷേ അവര്‍ക്ക് ഒത്തുകൂടാനായില്ല. വിനീത് ശ്രീനിവാസന് ചെന്നൈയിലായിരുന്നു. നിവിന്‍പോളി തിരുവനന്തപുരത്തും. മറ്റുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ ഇല്ലായിരുന്നെങ്കിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവര്‍ക്കും പ്രശ്നങ്ങളുണ്ടാക്കി. വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ പരസ്പരം കണ്ട് സംസാരിച്ചു. എന്നാല്‍ അതിനേക്കാളും മറ്റൊരത്ഭുതം അന്നവിടെ നടന്നു. അവരൊരു പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. മിസ്റ്റര്‍ വുമണ്‍. അതിന്റെ തിരക്കഥാകൃത്ത് ഭഗത് മാനുവലാണെന്ന് അറിഞ്ഞത് അജു വര്‍ഗ്ഗീസിനെ വിളിക്കുമ്പോഴാണ്. പിന്നെ മിസ്റ്റര്‍ വുമണിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഭഗതിനെതന്നെ നേരിട്ട് വിളിക്കുകയായിരുന്നു.
‘മിസ്റ്റര്‍ വുമണിന്റെ കഥ എന്നോട് പറയുന്നത് ഇതിന്റെ സംവിധായകരായ ജിനു ജെയിംസും മാത്തന് ബേബിയുമാണ്. അവരോട് ഇതാദ്യം പറയുന്നത് ബൈജു എന്നൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥനും. പെണ്‍കുട്ടികളോട് ദേഷ്യമുള്ള, അവരെ സഹായിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ബിജുമോന് എന്ന കഥാപാത്രത്തിന്റെ യാത്രയാണ് ഈ സിനിമ. ഫാമിലി സബ്ജക്ടാണ്. തീര്‍ത്തും ഹ്യൂമറിലാണ് ഞങ്ങള്‍ ഈ കഥ അവതരിപ്പിക്കുന്നത്. ഞാനും ജിനു ജെയിംസും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. അതിന്റെ ഫൈനല്‍ ടച്ചുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.’
‘മലര്‍വാടിക്കുശേഷം ഞങ്ങളുടെ ടീമിന് ഒത്തുചേരാവുന്ന ഒരു നല്ല സിനിമയാണ് ഇതെന്ന് തോന്നി. ഇതിലെ ബിജുമോനെ അവതരിപ്പിക്കുന്നത് ഞാനാണ്. അജുവര്‍ഗ്ഗീസും നന്ദനുണ്ണിയും ഹരികൃഷ്ണനും ഒപ്പമുണ്ട്. വലിയ ഒരു താരനിര വേറെയും. ജോണി ആന്റണി, അലന്‍സിയര്‍, നോബി, നസീര്‍ സംക്രാന്തി, സുധീര്‍ പറവൂര്‍, ഗായത്രി സുരേഷ്, മാല പാര്‍വ്വതി, ശ്രീലക്ഷ്മി എന്നിവര്‍ അവരില്‍ ചിലരാണ്. പിന്നെ ചില അപ്രതീക്ഷിത അതിഥികളുമുണ്ടാകും.’
‘സെപ്തംബര്‍ ആദ്യം ഷൂട്ടിംഗ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളവും തൊടുപുഴയുമാണ് ലൊക്കേഷന്‍. ഫ്രെയിം മേക്കേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നൊരു പുതിയ കമ്പനിയാണ് ചിത്രം നിര്‍മ്മക്കുന്നത്. പ്രശാന്താണ് ക്യാമറാമാന്.’
‘ഈ സിനിമയില്‍ മദ്യപാന രംഗങ്ങളുണ്ടാവില്ല. സിഗററ്റ് വലിയും ഉണ്ടാവില്ല. ദ്വയാര്‍ത്ഥപ്രയോഗങ്ങളും. ഫാമിലിയായിട്ട് വന്നിരുന്ന കാണാവുന്ന ചിത്രമാണ്. വെറുതെ കണ്ടുമടങ്ങാനുമാവില്ല. ചിരിച്ച് ആസ്വദിച്ചുമാത്രമേ അവര്‍ക്ക് തീയേറ്റര്‍ വിടാനാവൂ. ഇത് ഞങ്ങള്‍ നല്കുന്ന ഉറപ്പാണ്.’ ഭഗത് പറഞ്ഞു.
Recent Comments