ശ്യാമപ്രസാദിന്റെ കീഴില്‍ സംവിധാന സഹായിയായിട്ടാണ് രമ്യ അരവിന്ദിന്റെ തുടക്കം. അദ്ദേഹത്തിന്റെ ‘ഋതു’ മുതലുള്ള സിനിമകള്‍തൊട്ട് ഒപ്പമുണ്ടായിരുന്നു. പിന്നീടാണ് അന്‍വര്‍ റഷീദിന്റെ അടുക്കല്‍ എത്തുന്നത്. അതിനുശേഷം അഞ്ജലി മേനോനോടൊപ്പവും പ്രവര്‍ത്തിച്ചു. ബാംഗ്ലൂര്‍ഡേയ്സ് എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയെ തന്റെ കൈവെള്ളപോലെ പരിചയമുണ്ട് രമ്യയ്ക്ക്. രമ്യ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പോലീസുകാരന്റെ മരണം.
ഒരു വര്‍ഷത്തിലേറെയായി ഈ കഥയ്ക്കൊപ്പമാണ് രമ്യയുടെ സഞ്ചാരം. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ആദ്യം പോയി കണ്ടത് ഉര്‍വ്വശിയെയാണ്. കഥ കേട്ടപ്പോള്‍തന്നെ ഉര്‍വ്വശി സമ്മതം അറിയിച്ചു. സൗബിന് രമ്യയുടെ അടുത്ത സുഹൃത്തുകൂടിയാണ്. അങ്ങനെ സൗബിനോടും കഥ പറയുന്നു. ഇതുവരെ ചെയ്യാത്തൊരു വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ആ കഥാപാത്രത്തെ സ്വീകരിക്കാന്‍ സൗബിനും മടിയുണ്ടായില്ല. പ്രധാന കഥാപാത്രങ്ങളെപ്പറ്റി ധാരണയായപ്പോഴാണ് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഉണ്ടായത്. ഇന്നലെ രാവിലെ പൂജയും നടന്നു. അഞ്ചുമന ക്ഷേത്രത്തില്‍വച്ചായിരുന്നു ചടങ്ങ്. ജനുവരി പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും.
തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ ഒരു പോലീസുകാരന്റെ മരണമാണ് ഇതിവൃത്തം. മരിച്ചത് പോലീസുകാരനായതുകൊണ്ട് കേസന്വേഷണം ക്രൈംബ്രാഞ്ചിലേയ്ക്ക് എത്തിച്ചേരുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉര്‍വ്വശിയും സൗബിനും ചേര്‍ന്ന് അവതരിപ്പിക്കുന്നു. തനി ക്രൈംബ്രാഞ്ച് സ്റ്റൈലിലല്ല അന്വേഷണം. തീരെ നിലവാരമില്ലാത്തതുമല്ല. സരസമായ, നര്‍മ്മപ്രധാനമായ രംഗങ്ങളിലൂടെ ചിത്രം വികസിക്കുന്നു. ഉര്‍വ്വശിയും സൗബിനും ഒത്തുചേരുമ്പോള്‍ അതിന് മാറ്റേറും. സംവിധായിക പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.
വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷഹനാസ് ജലാലാണ് ഛായാഗ്രാഹകന്‍. ഡിക്സന് പൊഡുത്താസ് നിര്മ്മാണനിര്വ്വഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ദാസാണ്. ഗോകുല്‍ദാസാണ് കലാസംവിധായകന്‍.
Recent Comments